‘അധികപ്രസംഗം’ വേണ്ട, ബെല്ലുമായി രാഹുൽ; 50 ചോദിച്ചാലല്ലേ 25 കിട്ടൂവെന്ന് പ്രിയങ്ക

Mail This Article
അധികപ്രസംഗം വേണ്ട, ഒരു നേതാവിന് സംസാരിക്കാൻ 3 മിനിറ്റ് സമയം. ഇതായിരുന്നു ഇന്നലെ ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന നേതാക്കൾക്ക് ലഭിച്ച നിർദേശം. 3 മിനിറ്റ് ആയെന്ന് നേതാക്കളെ അറിയിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കയ്യിൽ ബെല്ലുണ്ടായിരുന്നു. സംസാരം 3 മിനിറ്റ് പിന്നിട്ടാൽ രാഹുൽ ഉടൻ ബെല്ലടിക്കും. ഇതിനാൽ ചുരുങ്ങിയ സമയം കൊണ്ട് പ്രധാന പോയിന്റുകൾ മാത്രം അവതരിപ്പിക്കാനാണ് നേതാക്കൾ ശ്രമിച്ചത്. എന്നാൽ ഭൂരിപക്ഷം പേരുടെയും സംസാരം മൂന്ന് മിനിറ്റ് പിന്നിട്ടു.
വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും 3 മിനിറ്റാകും മുന്നേ സംസാരം അവസാനിപ്പിച്ചു. നിങ്ങൾക്ക് കൂടതൽ സമയമുണ്ട്, പറയൂ പറയൂ എന്നായി രാഹുൽ. ഇവിടെയൊന്നും പറയാനില്ലെന്നും ഒറ്റയ്ക്ക് കാണാൻ പറ്റുമെങ്കിൽ പറയാമെന്നായിരുന്നു ഷാനിമോളുടെ മറുപടി. രണ്ട് പോയിന്റ് കൂടി ബിന്ദു കൃഷ്ണ അവതരിപ്പിച്ചു. സമയം അതിരുവിടാതിരിക്കാൻ ജെബി മേത്തറും ജയലക്ഷ്മിയും ശ്രദ്ധിച്ചു.
കണ്ടോ ഞങ്ങൾ വനിതകൾ അധിക സമയമെടുക്കാതെ കാര്യങ്ങൾ അവതരിപ്പിച്ചത് എന്ന് പുരുഷ നേതാക്കളോട് പ്രിയങ്ക ഗാന്ധി പറഞ്ഞത് യോഗത്തിൽ കൂട്ടച്ചിരി പടർത്തി. സ്ഥാനാർഥി പട്ടികയിൽ വനിതാസംവരണം വേണമെന്ന വനിതാ നേതാക്കളുടെ ആവശ്യത്തിന് എത്രയാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. 33 ശതമാനമെന്നായിരുന്നു മറുപടി. നിങ്ങളെന്താ 50 ശതമാനം ആവശ്യപ്പെടാത്തത് എന്നാൽ അല്ലേ 25 എങ്കിലും കിട്ടൂവെന്നായിരുന്നു വനിതാ നേതാക്കളോട് പ്രിയങ്ക ചോദിച്ചത്.