രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശ വിഡിയോ: വനിതാ മാധ്യമപ്രവർത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു

Mail This Article
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവർത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയാണ് വിവാദമായത്.
രേവതിയുടെ യുട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീൽ ചെയ്തതായാണ് വിവരം. ഇവരുടെയും ഭർത്താവിന്റെയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് കൈക്കലാക്കി. പൊലീസ് പുലർച്ചെ നാലോടെ വീട്ടിലെത്തിയ വിഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്.
രേവതിയുടെ ചാനലിൽ ഒരു വയോധികൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സംസ്ഥാനത്ത് അരങ്ങേറുന്ന വിവിധ വിഷയങ്ങളിലുള്ള തന്റെ പ്രതിഷേധമാണ് അയാൾ വിഡിയോയിൽ പറയുന്നത്. കോൺഗ്രസ് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.