‘നാൽപ്പത് വയതിനിലെ’; 40ാം പിറന്നാളിന് കുറിപ്പുമായി ലക്ഷ്മി പ്രിയ

Mail This Article
നാൽപതാം പിറന്നാളിൽ ഹൃദയം തൊടുന്ന കുറിപ്പു പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭർത്താവിന്റെ പിന്തുണയെക്കുറിച്ചുമെല്ലാം നടി വാചാലയാകുന്നു.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ:
‘‘നാൽപ്പത് വയതിനിലെ. 40ാം വയസ്സിലേക്കു കടന്നിരിക്കുന്നു...
എന്തിരുപത്!
മുറിവ് മുപ്പത്!
അറിവ് നാൽപ്പത്!
മുറു മുറുപ്പ് അറുപത്!
എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന ഇരുപതുകളും അനുഭവങ്ങളുടെ മുറിവുകൾ കൊണ്ട് പിടഞ്ഞ മുപ്പതുകളും താണ്ടി തിരിച്ചറിവുകളുടെ നാൽപതുകളിലേക്ക് ലാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോധത്തിന്റെയും സ്വഭാവിക പരുവപ്പെടലിന്റെയും ബോധ്യത്തിലേക്ക് എത്തിയതുകൊണ്ടാവണം, എന്റെ ഇന്നലകളിലെ വേദനിക്കലുകളെ, പരാജയങ്ങളെ, അതിജീവിക്കലുകളെ, ചില മനുഷ്യരെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കാൻ കഴിയുന്നത്.
മുൻപൊരിക്കൽ പറഞ്ഞതു പോലെ നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി മല കയറ്റുന്നത് പോലെ എത്തി എന്നു വിചാരിക്കുന്നിടത്തു നിന്നും വീണ്ടും ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്ന ജീവിതം, ഇപ്പൊ എനിക്കതിൽ പരിഭ്രാന്തി ഇല്ല! കാരണം അതാണ് ജീവിതം! എന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. നൈമിഷിക സന്തോഷങ്ങൾക്കും നൈരാശ്യങ്ങൾക്കും ഒരേ നിറം, ഒരേ ഭാവം. മനസ്സ് നിറയെ കൃതാർത്ഥത മാത്രം. ലഭിച്ച അനുഗ്രഹങ്ങൾക്കും,സൗഭാഗ്യങ്ങൾക്കും.

നന്ദി ആർക്കൊക്കെയാണ് പറയേണ്ടത്? പ്രകൃതിക്ക്, അനുഭവങ്ങൾക്ക്, എന്റെ അമ്മയ്ക്ക്- ഭഗവതിക്ക്, എന്റെ ഗുരുവായൂർ കണ്ണന്, ഗുരുക്കന്മാർക്ക്, ജീവിതത്തിന്റെ പകുതിയിലധികം ദൂരവും ചേർത്തു നടത്തിയ ഭർത്താവിന്, അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ മകൾ മാതുവിന്, എന്റെ വല്യേട്ടന്, പിന്നെ എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളായ നിങ്ങൾക്കൊരോരുത്തർക്കും നിറഞ്ഞ സ്നേഹത്തോടെ, ലക്ഷ്മി പ്രിയ’’

ടെലിവിഷൻ പരിപാടികളിലൂടെയാണ് ലക്ഷ്മിപ്രിയ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2005ൽ മോഹൻലാൽ ചിത്രമായ ‘നരൻ’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ട് സിനിമയിലെത്തി. 2010-ൽ സത്യൻ അന്തിക്കാട് - ജയറാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലെ വേഷം പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്മിപ്രിയ അഭിനയിച്ചു.
ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ്. ഒരു മകളാണവർക്കുള്ളത്. പേര് മാതംഗി.