വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, നെതന്യാഹുവിന് രാഷ്ട്രീയ സമ്മർദം?; എന്താണ് ഗാസയിൽ സംഭവിക്കുന്നത്?

Mail This Article
ഗാസ ∙ ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വൻ ബോംബാക്രമണത്തിൽ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആഴ്ചകളോളം നിലനിന്ന സമാധാനം ഇതോടെ അസ്തമിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരും ഉൾപ്പെടുന്നു. അതിർത്തിയോട് ചേർന്നുള്ള വടക്കൻ, മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇനിയും കനത്ത ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് വിവരം.

എന്താണ് ഇപ്പോൾ ഗാസയിൽ സംഭവിക്കുന്നത്? വെടിനിർത്തലിൽനിന്നു പിന്മാറി വീണ്ടും ആക്രമണം തുടങ്ങാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചതെന്ത്? അതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ ലഭിച്ചോ? പരിശോധിക്കാം.
∙ നെതന്യാഹു വെടിനിർത്തലിൽനിന്നു പിന്മാറാൻ കാരണമെന്ത്?
ഹമാസുമായി സ്ഥിരമായ വെടിനിർത്തലിനു സമ്മതിക്കുന്നത് നെതന്യാഹുവിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുമെന്നും പതിനഞ്ചു വർഷമായി തുടരുന്ന ഭരണത്തിന് അവസാനമിട്ടേക്കുമെന്നും രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ആക്രമണം പുനരാരംഭിക്കുന്നതിനു പകരം നെതന്യാഹു ഹമാസുമായി വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലെത്തിയാൽ ഭരണസഖ്യം വിടുമെന്ന് തീവ്ര വലതുപക്ഷകക്ഷിയുടെ അംഗവും ധനമന്ത്രിയുമായ ബെസലേൽ സ്മോട്രിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ബന്ദികളെ തിരികെ കൊണ്ടുവരുന്ന ഏതു കരാറിനും പ്രതിപക്ഷ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, വെടിനിർത്തലിനു തയാറായി അങ്ങനെ ഒരു നീക്കം നടത്തിയാൽ ഘടകകക്ഷികളുടെ എതിർപ്പു മൂലം നെതന്യാഹുവിന്റെ സർക്കാർ പ്രതിസന്ധിയിലാകും.
ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിലൂടെ സ്മോട്രിച്ചിന്റെയും മറ്റൊരു തീവ്ര വലതുപക്ഷ നേതാവായ ഇറ്റാമർ ബെൻ-ഗ്വിറിന്റെയും പിന്തുണ ഉറപ്പാക്കാൻ നെതന്യാഹുവിന് സാധിച്ചു. വെടിനിർത്തലിന്റെ പേരിൽ ബെൻ-ഗ്വിറിന്റെ പാർട്ടി ജനുവരിയിൽ സഖ്യത്തിൽനിന്നു പന്മാറിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വാണ്ടും സഖ്യത്തിന്റെ ഭാഗമായി.
∙ ഹമാസിന്റെ ഉന്മൂലനവും ലക്ഷ്യം
തന്റെ രാഷ്ട്രീയ നിലനിൽപിനൊപ്പം, സായുധ സംഘമായ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നതും നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വെടിനിർത്തൽ കരാറിൽ ഉറച്ചുനിന്നാൽ ഹമാസ് ശക്തമായി തിരിച്ചുവരുമെന്നും ഇത് ഭാവിയിൽ ഇസ്രയേലിന് ഭീഷണിയാകുമെന്നും നെതന്യാഹു കരുതുന്നു. യുദ്ധാനന്തരം ഗാസ ആരു ഭരിക്കണമെന്നതിൽ ഒരു ധാരണയുമില്ല. പാശ്ചാത്യ പിന്തുണയുള്ള പലസ്തീൻ അതോറിറ്റിക്ക് നാമമാത്രമായ നിയന്ത്രണം നൽകിയാലും ഹമാസിന് ഗാസയിൽ ശക്തമായ സ്വാധീനമുണ്ടാകും. അങ്ങനെ വന്നാൽ ഹമാസിന് വീണ്ടും സൈനിക ശേഷി വർധിപ്പിക്കാനാകും.
∙ ബന്ദികളെ വിട്ടയയ്ക്കാത്തതും പ്രകോപനം?
വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലാതെതന്നെ കൂടുതൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് വിസമ്മതിച്ചതാണ് ഇപ്പോഴത്തെ ആക്രമണത്തിനു കാരണമെന്ന് ഇസ്രയേലും യുഎസും പറയുന്നു. ഹമാസ് പുതിയ ആക്രമണങ്ങൾക്കു തയാറെടുക്കുകയാണെന്ന് ഇസ്രയേൽ ആരോപിച്ചെങ്കിലും ഹമാസ് അതു നിഷേധിച്ചു.
∙ ആക്രമണം ട്രംപിന്റെ പിന്തുണയോടെ?
വെടിനിർത്തലിൽനിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പിന്തുണച്ചു. ഹമാസിനെ തുടച്ചുനീക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കാൻ ട്രംപ് രംഗത്തിറങ്ങിയെങ്കിലും പിന്നീട് ആ നീക്കത്തിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. ശേഷിക്കുന്ന ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിച്ചില്ലെങ്കിൽ വൻ ആക്രമണമുണ്ടാമെന്നും ഇക്കാര്യത്തിൽ ഇസ്രയേലാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു. അതായത് ട്രംപിന്റെ പിന്തുണയോടെയാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ചൊവ്വാഴ്ചത്തെ ആക്രമണങ്ങൾക്കു മുൻപ് ഇസ്രയേൽ യുഎസുമായി കൂടിയാലോചിച്ചെന്നും ഇസ്രയേലിന്റെ തീരുമാനത്തെ പിന്തുണച്ചെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
ഗാസയിലെ ഏകദേശം 20 ലക്ഷം പലസ്തീനികളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കണമെന്നും ട്രംപ് നിർദേശിച്ചിരുന്നു. അങ്ങനെ യുഎസിന് ഗാസയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനും ഇവിടം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും ആഗ്രഹമുണ്ട്. ട്രംപിന്റെ ഈ പദ്ധതിയെ നെതന്യാഹുവും സ്വീകരിച്ചിരുന്നു. അതിനു വഴിയൊരുക്കുക എന്നതും ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യമാകാം.
∙ ആയുധപ്പുര വീണ്ടും സജ്ജമായി
അയൽ രാജ്യങ്ങളിൽ മാസങ്ങളോളം ശക്തമായ വ്യോമാക്രമണം നടത്തിയ ഇസ്രയേലിന്റെ ആയുധപ്പുരകൾ ഏറക്കുറെ കാലിയായിരുന്നു. എന്നാൽ, ആറാഴ്ചത്തെ വെടിനിർത്തൽ കാലയളവിൽ ഇസ്രയേലിന് വേണ്ടത്ര ആയുധങ്ങൾ കരുതാനായി. പോർവിമാനങ്ങളുടെയും മറ്റും അറ്റകുറ്റപ്പണികളും തീർത്തെന്നും വിവരമുണ്ട്. സൈനികർക്ക് ആവശ്യത്തിനു വിശ്രമവും ലഭിച്ചു. വധിക്കേണ്ട ഹമാസ് നേതാക്കളുടെ പട്ടികയും ഇസ്രയേൽ തയാറാക്കിയതായി സൂചനയുണ്ട്. ഇതും ഇപ്പോഴത്തെ ആക്രമണത്തിന് കാരണമാണ്.
∙ മുൻ വെടിനിർത്തൽ കരാറിൽ എന്താണ് പറഞ്ഞിരുന്നത്?
യുഎസിലെ ബൈഡൻ ഭരണകൂടത്തിന്റെയും ട്രംപ് ഭരണകൂടത്തിന്റെയും സമ്മർദത്തെത്തുടർന്ന് ജനുവരിയിൽ രൂപം നൽകിയ കരാർ പ്രകാരം, 2023 ഒക്ടോബർ 7ന് ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഘട്ടം ഘട്ടമായുള്ള വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ജനുവരി 19 മുതൽ മാർച്ച് 1 വരെ നീണ്ടുനിന്ന ആദ്യ ഘട്ടത്തിൽ, ഭീകരാക്രമണങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്നവർ ഉൾപ്പെടെ 1,800 ഓളം പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് 25 ഇസ്രയേലി ബന്ദികളെ വിട്ടയച്ചു, മറ്റ് എട്ട് പേരുടെ മൃതദേഹങ്ങളും കൈമാറി.