‘ഗാസയിലെ വ്യോമാക്രമണങ്ങൾ തുടക്കം മാത്രം; ഹമാസിനെ നശിപ്പിക്കും, ബന്ദികളെ മോചിപ്പിക്കാൻ സമ്മർദം അനിവാര്യം’

Mail This Article
ജറുസലം ∙ ഗാസയിൽ നടന്ന വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതു വരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിനു സൈനിക സമ്മർദം അനിവാര്യമാണെന്ന് മുൻകാലസംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു.
42 ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 404 പേരാണ് കൊല്ലപ്പെട്ടത്. 562 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും കുട്ടികളാണ്. മൂന്നുഘട്ടമായി നടപ്പാക്കാൻ ധാരണയായ വെടിനിർത്തലിന്റെ ലംഘനമാണ് ആക്രമണമെന്നാണ് ഹമാസിന്റെ ആരോപണം.