താൽക്കാലിക വെടിനിർത്തലിന് വഴങ്ങി പുട്ടിൻ; യുക്രെയ്നുള്ള സഹായം നിർത്തണമെന്നും ആവശ്യം

Mail This Article
വാഷിങ്ടൻ∙ യുക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു സമ്മതവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുക്രെയ്ന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. 30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി നിർത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുട്ടിൻ നിലപാടെടുത്തു. ട്രംപിന്റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു.
രണ്ട് മണിക്കൂറോളമാണ് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം നീണ്ടതെന്നാണ് വിവരം. അതേസമയം, സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. 3 വർഷമായി നീളുന്ന റഷ്യ– യുക്രെയ്ൻ യുദ്ധം പൂർണ വെടിനിർത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കുമെന്ന ധാരണയോടെയാണ് ചർച്ച അവസാനിച്ചതെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ സംബന്ധിച്ച് ട്രംപിന്റെ സംഘം റഷ്യയിലേയും യുക്രെയ്നിലേയും പ്രതിനിധികളെ വെവ്വേറെ സന്ദർശിച്ചുവരികയാണ്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.