ഔദ്യോഗിക വസതിയിൽ കെട്ടുകണക്കിന് പണം: യശ്വന്ത് വർമയ്ക്കെതിരെ ആഭ്യന്തര അന്വേഷണം; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി

Mail This Article
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു വൻതോതിൽ പണം കണ്ടെടുത്ത സംഭവത്തിൽ ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്.
കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ഫുള്‍ കോര്‍ട്ട് യോഗത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. അതേസമയം, ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാർ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയിലെ ഒരു ജഡ്ജിയാകും ആഭ്യന്തര അന്വേഷണത്തിനു നേതൃത്വം നല്‍കുക. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജഡ്ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് പാര്‍ലമെന്റ് കടക്കും.
സംഭവത്തിൽ യശ്വന്ത് വർമ പ്രതികരിച്ചിട്ടില്ല. യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വർമ വീട്ടിലുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്നു സ്ഥിരീകരിച്ചു.