വയനാട്ടിൽ പടർന്നു പിടിച്ച ‘സ്വർണ പനി’; ചോര വീഴ്ത്തിയ ‘മലബാർ ഗോൾഡ് റഷ്’, ആ വേട്ടയിൽ എല്ലാം നഷ്ടപ്പെട്ട ചില മനുഷ്യർ

Mail This Article
ഡൈനമൈറ്റിന് തിരി കൊളുത്തും മുൻപു സ്മിത്ത് മൂൺ തനിക്കു ചുറ്റുമുള്ള മണ്ണിലേക്ക് ഒന്നു കൂടി നോക്കി. പച്ചപ്പിന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ വെട്ടിവെളുപ്പിച്ച നോക്കെത്താ ദൂരമുള്ള മണ്ണിൽ എല്ലായിടത്തും കുഴികൾ മാത്രം. ഒന്നു കൈപിടിച്ചു കയറ്റാൻ ആരുമില്ലാതെ താനും അതിലൊരു കുഴിയിലാണെന്ന് അയാൾക്ക് തോന്നി. മുന്നിൽ മരണം മാത്രം...
-
Also Read
വൈക്കം എന്നൊരു പെൺകുട്ടി
ആ മരണവഴിയിലേക്കു തന്നെ അയാൾ നടന്നു. സ്വർണം എന്ന ലോഹം വാഴ്ത്തിയവരുടെയും വീഴ്ത്തിയവരുടെയും ഏടുകളിലേക്ക് ഒരു പേരു കൂടി. ഒരു വെള്ളക്കാരന്റെ സ്വർണ മോഹത്തിന്റെ നഷ്ട സ്വപ്ന കഥയ്ക്കൊപ്പം ഒരു നാടിന്റെ പേര് കൂടി ആ ഏടുകളിൽ ഇടം പിടിച്ചു. വയനാട്ടിലെ തരിയോട്; ഒപ്പം ഒരു കാലത്ത് ബ്രിട്ടിഷ് സാമ്രാജ്യത്തെ മോഹിപ്പിച്ച മലബാർ ഗോൾഡ് റഷ് എന്ന സ്വർണ വേട്ടയുടെ ചോര വീണ കഥകളും.
തിളങ്ങിയ മണ്ണ്
കർണാടകയിലെ ഹട്ടി, കോലാർ, ആന്ധ്രയിലെ രാംഗിരി, ജാർഖണ്ഡിലെ കുണ്ടെർകൊച്ച തുടങ്ങിയ സ്ഥലങ്ങളിൽ പ്രാചീന കാലം മുതലേ ഉണ്ടായിരുന്ന സ്വർണ ഖനനം ബ്രിട്ടിഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്. കേരളത്തിൽ വയനാട്ടിലായിരുന്നു അവരുടെ കണ്ണ് വീണത്. ലോകത്തെ രണ്ടാമത്തെ ആഴമേറിയ സ്വർണഖനിയായ കോലാറിൽ 1802ലാണ് ബ്രിട്ടിഷുകാർ വൻതോതിൽ സ്വർണ ഖനനം ആരംഭിച്ചത്. അതിനും 4 വർഷം മുൻപ് തന്നെ വയനാട്ടിൽ സ്വർണമുണ്ടെന്ന് അവർ മനസ്സിലാക്കിയിരുന്നു.
നിലമ്പൂരിലെ ചാലിയാർ പുഴയുടെ തീരങ്ങളിൽ ഗോത്രവിഭാഗക്കാർ സ്വർണം അരിച്ചെടുത്തിരുന്നതിന്റെ കഥകൾ കേട്ടാണ് മലബാറിലെ സ്വർണം തേടിയുള്ള പുറംനാട്ടുകാരുടെ വരവ് തുടങ്ങിയത്. നീലഗിരി പ്രദേശത്തും വയനാട്ടിലെ പൂക്കോട്, വൈത്തിരി, തരിയോട്, തലപ്പുഴ, മേപ്പാടി പ്രദേശങ്ങളിലും ബ്രിട്ടിഷുകാരുടെ വരവിനു മുൻപു തന്നെ നായർ, മുസ്‌ലിം മുതലാളിമാർ പണിയരെയും കൊറുമ്പരെയും ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കാൻ തുടങ്ങിയിരുന്നു. ചാലിയാറിലൂടെ ഒഴുകി വന്നിരുന്ന സ്വർണ തരികളുടെ ഉദ്ഭവം വയനാടൻ മലനിരകളാണെന്ന് മനസ്സിലാക്കിയാണ് ബ്രിട്ടിഷുകാർ കൂട്ടത്തോടെ ചുരം കയറി എത്തിയത്.
1874ൽ ആൽഫ ഗോൾഡ് മൈൻ എന്ന കമ്പനിയാണ് ആദ്യമായി വയനാട്ടിൽ ശാസ്ത്രീയമായി സ്വർണ ഖനനം തുടങ്ങിയത്. തുടർന്നു നാൽപതിലധികം കമ്പനികൾ എത്തി. 1877 മുതൽ 1892 വരെ രാവും പകലും വ്യത്യാസമില്ലാതെ ഭൂമി തുരന്ന്, ഗുഹകൾ നിർമിച്ച് ബ്രിട്ടിഷുകാർ നടത്തിയ ഈ സ്വർണ വേട്ട ‘മലബാർ ഗോൾഡ് റഷ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗോത്ര ജനതയെ ചെറിയ കൂലിക്ക് രാവും പകലും പണിയെടുപ്പിച്ചും ചോര വീഴ്ത്തിയുമായിരുന്നു ഈ നിധി തേടൽ.

വയനാട്ടിലെ പ്രധാന കൃഷിയായിരുന്ന കാപ്പിക്ക് അക്കാലത്താണ് രാജ്യാന്തര വിപണിയിൽ വില കുറഞ്ഞു തുടങ്ങിയത്. കൂടാതെ ഹെമിലിയ വാസ്റ്റാട്രിക്സ് എന്ന ഫംഗൽ രോഗവും കാപ്പിയെ ബാധിച്ചു. അതോടെ വെള്ളക്കാരായ തോട്ടമുടമകൾ കൂട്ടത്തോടെ കാപ്പിച്ചെടികൾ പിഴുതെറിഞ്ഞ് ചുറ്റികയെടുത്തു സ്വർണം തേടിയിറങ്ങി. 1880 കളിൽ വയനാടു മുഴുവൻ സ്വർണ പനി ബാധിച്ചു എന്നാണ് ചരിത്രകാരൻ ഫ്രാൻസിസ് ഫോർഡ് എഴുതിയിരിക്കുന്നത്.അന്ന് ഏറ്റവും കൂടുതൽ ഖനനം നടന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു തരിയോട്. പങ്കാളി ലിസി സ്മിത്തിനൊപ്പം സ്വർണ ഖനനത്തിനായി ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പനി ഉണ്ടാക്കി വയനാട്ടിലെത്തിയ സ്മിത്ത് മൂൺ എന്ന ബ്രിട്ടിഷുകാരനാണ് തരിയോടിനെ ഖനന ഭൂപടത്തിലേക്കു ചേർത്തത്.
തരിയോടിന്റെ കഥ
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം കോട്ടയം രാജാവ് 24 നായർ തറവാട്ടുകാരെ സേവകരോടൊപ്പം വയനാട്ടിൽ കുടിയിരുത്തിയതിൽ അഞ്ച് തറവാടുകൾ ഉള്ള സ്ഥലമായിരുന്നു തരിയോട്. അവിടേക്കാണ് സ്മിത്ത് മൂൺ സ്വർണ സ്വപ്നങ്ങളുമായി എത്തിയത്. ഒരുപാടു പേരോട് കടം വാങ്ങിയ പണം മൂലധനമാക്കിയാണ് സ്മിത്ത് ചുരം കയറി വയനാട്ടിൽ എത്തിയത്. ആഫ്രിക്കയിലെ വിക്ടോറിയ മൈൻസിൽനിന്നു ലഭിക്കുന്ന അത്രയും സ്വർണം വയനാട്ടിലും ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഈ യാത്ര. പൊഴുതനയിലെ നായർ മുതലാളിയിൽനിന്ന് 300 ഏക്കർ ഭൂമി വിലയ്ക്കു വാങ്ങി താണ്ടിയോട് എന്ന പ്രദേശത്ത് സ്മിത്ത് ഖനനം ആരംഭിച്ചു.
പണിക്കാർക്കായി ക്വാർട്ടേഴ്സുകളും സ്മിത്തിനും ഭാര്യക്കും താമസിക്കാൻ ബംഗ്ലാവുകളും കമ്പനിയുടെ ആവശ്യത്തിനായി പൊലീസ് സ്‌റ്റേഷൻ, സത്രം, പോസ്‌റ്റ് ഓഫിസ്, പള്ളി, ഇംപീരിയൽ ബാങ്കിന്റെ ഒരു ശാഖ എന്നിവയും സ്മിത്ത് തരിയോട് നിർമിച്ചു. ഖനനാവശ്യങ്ങൾക്കായി വലിയ യന്ത്ര സാമഗ്രികൾ എത്തിക്കുകയും ചിലത് വനത്തിനുള്ളിൽ തന്നെ ഉരുക്കി നിർമിക്കുകയും ചെയ്തു. വനം വെട്ടിവെളുപ്പിച്ചെങ്കിലും ഖനനം തരിയോടിലേക്കു വികസനമെത്തിച്ചു. പക്ഷേ വിചാരിച്ചയത്ര അളവിൽ സ്വർണം ഖനനം ചെയ്തെടുക്കാൻ കഴിയാതെ വന്നതോടെ സ്മിത്തിന്റെ സ്വപ്നങ്ങളുടെ തിളക്കം കുറഞ്ഞു തുടങ്ങി.
തകർന്ന സ്വപ്നം
മലബാറിലെ സ്വർണ ഖനനത്തെക്കുറിച്ച് പത്രങ്ങൾ മലബാർ ഗോൾഡ് റഷ് എന്ന തലക്കെട്ടിൽ കഥകളെഴുതിയതോടെ ബ്രിട്ടനിൽ ഖനന കമ്പനികളുടെ ഓഹരി വിലകൾ അനിയന്ത്രിതമായി ഉയർന്നിരുന്നു. എന്നാൽ വയനാട്ടിൽ കാര്യങ്ങൾ നീങ്ങിയത് മറ്റൊരു ദിശയിലാണ്. തുടങ്ങി രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ പതിനഞ്ചോളം കമ്പനികൾ പൂട്ടി. ദിവസങ്ങൾ പണിയെടുത്ത് കല്ലും മണ്ണും പൊട്ടിച്ച് വേർതിരിച്ചെടുക്കുന്ന സ്വർണം കമ്പനികളുടെ ദൈനംദിന ചെലവുകൾക്കുള്ള പണത്തിന് പോലും തികയുമായിരുന്നില്ല. വിക്ടോറിയ മൈൻസിൽനിന്നുള്ള ലാഭം പ്രതീക്ഷിച്ചു വൻ മുതൽമുടക്കുമായി എത്തിയ സ്മിത്തായിരുന്നു ഏറ്റവുമധികം നഷ്ടം നേരിട്ടവരിൽ ഒരാൾ.

എന്നാൽ പരാജയം സമ്മതിക്കാൻ മനസ്സിലാതിരുന്ന അയാൾ ആഫ്രിക്കയിൽനിന്ന് വാങ്ങിയ സ്വർണവുമായി ബ്രിട്ടനിലുള്ള ബിസിനസ് പങ്കാളികൾക്കു മുന്നിലേക്കു പോയി. വയനാട്ടിൽ നിന്നുള്ളതാണ് എന്ന വ്യാജേന ആഫ്രിക്കൻ സ്വർണം കാണിച്ച് കുറച്ചു കാലം കൂടി പിടിച്ചു നിൽക്കാനുള്ള പണവുമായി തിരികെയെത്തി. ആ പണം ഉപയോഗിച്ച് പ്രതീക്ഷയോടെ ഖനനം തുടർന്നെങ്കിലും അധികം വൈകാതെ സ്മിത്തിന്റെ കള്ളത്തരം ബിസിനസ് പങ്കാളികൾ തിരിച്ചറിഞ്ഞു. ഇതോടെ ബ്രിട്ടനിലേക്ക് മടങ്ങാൻ സാധിക്കാത്ത രീതിയിൽ കേസുകളും മറ്റും ആയി. മുന്നോട്ടു പോകാൻ ഒരു വഴിയുമില്ലെന്ന് ആയതോടെ സ്മിത്ത് ആത്മഹത്യ ചെയ്തു. ഡൈനമൈറ്റ് ഉപയോഗിച്ചു കമ്പനി തകർത്ത ശേഷമായിരുന്നു മരണം. സ്മിത്തിന്റെ മരണശേഷം ഭാര്യ ലിസി സ്മിത്ത് ഖനന പ്രദേശം മദ്രാസ് സർക്കാരിനു കൈമാറി. ഇന്നത് ലേഡി സ്മിത്ത് നിക്ഷിപ്ത വനമാണ്.
മണ്ണിലെ പൊന്ന്
നഷ്ടം താങ്ങാനാവാതെ വെള്ളക്കാരായ സ്വർണ മോഹികൾ ചുരമിറങ്ങി. സ്വർണ ഖനനത്തിനായി അവർ കുഴിച്ച ഗുഹകളിൽ വവ്വാലുകൾ കൂടുകെട്ടി, മലകയറ്റിയ യന്ത്രങ്ങൾ തുരുമ്പെടുത്തു, കെട്ടിടങ്ങൾ ഇടിഞ്ഞു, റോഡുകൾ തകർന്നു. പക്ഷേ തരിയോട് ലക്ഷ്യമാക്കി വീണ്ടും മനുഷ്യരെത്തി. സ്വർണം മോഹിച്ചല്ല, പുതിയ ജീവിതവും കൃഷിചെയ്യാൻ അൽപം മണ്ണും മോഹിച്ച്. വയനാട് ജില്ലയിലേക്കുള്ള കർഷക കുടിയേറ്റത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്ന പട്ടണങ്ങളിൽ ഒന്നായിരുന്നു തരിയോട്.
ചുരം കയറി വന്നവർ തലയ്ക്കു മുകളിൽ വളർന്നു നിന്ന കാട് വെട്ടിയൊതുക്കി കപ്പ നട്ടു. കാച്ചിലും ചേമ്പും നെല്ലും തെങ്ങും കാപ്പിയും ഏലവും നട്ടു. വിയർപ്പിറ്റിച്ച് ഇരുണ്ട മണ്ണിൽ നിലമുഴുത് പൊന്നു വിളയിച്ചു. മക്കൾക്കു പഠിക്കാൻ സ്കൂൾ പണിതു. കാട്ടു പന്നിയുടെ ആക്രമണത്തിൽ നിന്നു വിളവെടുക്കാറായ കപ്പയെ രക്ഷിച്ചു പിടിക്കണേ ദൈവമേ എന്നു പ്രാർഥിക്കാൻ മൂന്നു ക്രിസ്ത്യൻ പള്ളികളും രണ്ടു ക്ഷേത്രങ്ങളും ഒരു മുസ്‌ലിം പള്ളിയും പണിതു. ബാങ്ക്, പോസ്‌റ്റ് ഓഫിസ്, കൃഷിഭവൻ, ആയുർവേദ ഡിസ്‌പെൻസറി, കാപ്പിപൂൾ ഡിപ്പോ, ക്ഷീരസഹകരണസംഘം, പൊലീസ് ഔട്ട് പോസ്‌റ്റ് എന്നിവ ഉൾപ്പെടെ എണ്ണൂറോളം കെട്ടിടങ്ങൾ പണിതുയർത്തി. മണ്ണിനടിയിലെ പൊന്നിനെക്കുറിച്ചും ഗുഹകളെക്കുറിച്ചും മറന്ന അവർ തരിയോടിന്റെ മണ്ണിൽ പൊന്നു വിളയിച്ചു.
ആഴങ്ങളിലെ പൊന്ന്
സ്വർണം തേടി തരിയോട് എത്തിയവരും മണ്ണു തേടി തരിയോട് എത്തിയവരും ബാക്കി വച്ചതെല്ലാം ഇന്ന് വെള്ളത്തിനടിയിലാണ്. ബാണാസുര സാഗർ ഡാമിനായി തരിയോട് ഗ്രാമം സർക്കാർ ഒഴിപ്പിച്ചു. 1982ൽ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നാലുവർഷത്തിനുള്ളിൽ പൂർണമായി. സ്കൂൾ, പോസ്റ്റ് ഓഫിസ്, കൃഷിഭവൻ, ഡിസ്പെൻസറി, കാപ്പിഡിപ്പോ, ക്ഷീരസംഘം തുടങ്ങിയവയെല്ലാം മറ്റു സ്ഥലങ്ങളിൽ പ്രവർത്തനം തുടങ്ങി. തരിയോട് പൊലീസ് സ്റ്റേഷൻ പടിഞ്ഞാറത്തറയിലേക്കും തരിയോട് പഞ്ചായത്ത് ഓഫിസ് കാവുംമന്ദത്തേക്കും മാറ്റി.
സ്വാതന്ത്ര്യത്തിനു ശേഷം 1952ൽ ജവാഹർലാൽ നെഹ്റുവിന്റെ നിർദേശപ്രകാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നടത്തിയ പഠനത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലാഭകരമായി തന്നെ തരിയോട് മേഖലയിൽനിന്നു സ്വർണം ഖനനം ചെയ്യാമെന്നു കണ്ടെത്തിയിരുന്നു. ഖനനം പരിസ്ഥിതിക്കു വലിയ ക്ഷതം ഉണ്ടാക്കുമെന്നതിനാലാണ് സർക്കാർ അതിനു തയാറാവാതിരുന്നത്.
വയനാട് ജില്ലയിലെ മേപ്പാടി, ചുണ്ടേൽ, വൈത്തിരി, തരിയോട് പ്രദേശങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ താഴ്‌വരയിൽ മരുത, മണ്ണുചിനി, കാപ്പിൽ, കടന്നവണ്ണ പ്രദേശങ്ങളിലും ചാലിയാർ, പുന്നപ്പുഴ നദീതടങ്ങളിലും പാലക്കാട് ജില്ലയിൽ അട്ടപ്പാടി പ്രദേശത്തുമാണു സ്വർണനിക്ഷേപമെന്നാണ് കേരളസർക്കാരിന്റെ രേഖകളിലുള്ളത്.

ബാണാസുരയിൽനിന്ന് വെള്ളം ഒഴുക്കി വിടുമ്പോൾ കെട്ടിടങ്ങളുടെ മുകൾഭാഗങ്ങൾ കാണാം. വെള്ളത്തിലേക്കു നീളുന്ന പാതകൾ കാണാം. അതിനുമടിയിൽ തരിയോട് എന്ന കുടിയേറ്റ ഗ്രാമമുണ്ട്, സ്മിത്ത് മൂൺ ബാക്കി വച്ചു പോയ സ്വർണ ഖനികളും പലവഴി പിരിഞ്ഞു പോകുന്ന ഗുഹകളുമുണ്ട്. ഇനിയാർക്കും എത്തിപ്പിടിക്കാനാവാത്തത്ര ആഴത്തിൽ സ്വർണ നിക്ഷേപവും.