വൈക്കം എന്നൊരു പെൺകുട്ടി

Mail This Article
വൈക്കം ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥികൾ നിശ്ചലമായി. ജനം ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. വെള്ളിക്കൊലുസിന്റെ കുസൃതിച്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി ഓടി നടക്കുന്നു. അവൾക്കൊപ്പം വൈക്കം, വൈക്കം എന്നുറക്കെ വിളിച്ചു കൊണ്ടൊരാൾ. മനോനില തെറ്റിയ ആരോ എന്നാണ് അതു കണ്ടുനിന്ന മലയാളികളെല്ലാം ആദ്യം കരുതിയത്.
പിന്നെയവർ സ്വന്തം നാടിന്റെ ചരിത്രഗരിമ തിരിച്ചറിയുകയായിരുന്നു- വൈക്കത്തു വന്ന ആ തമിഴ് പെൺകിടാവിന്റെ പേരും വൈക്കം എന്നു തന്നെ! ദ്രാവിഡ രാഷ്ട്രീയ ഇതിഹാസം പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ആരാധകനായ അച്ഛൻ മുത്തുനാഗു അവൾക്കു സമ്മാനിച്ച ചരിത്രസുഗന്ധിയായ പേര് : വൈക്കം നാഗമണി. മകളുടെ പേരിനു കാരണമായ പെരിയാറിന്റെ ഓർമകൾ ഉണരുന്ന മണ്ണിൽ അവളെ ആദ്യമായി കൊണ്ടു വന്നതിന്റെ സന്തോഷത്തിലായിരുന്നു മുത്തുനാഗു അന്ന്.

മലയാളികൾക്ക് ഒരു പക്ഷേ വൈക്കം ഒരു സ്ഥലപ്പേര് മാത്രമായിരിക്കാം, എന്നാൽ തമിഴർക്ക് അതൊരു വികാരമാണ്, പെരിയാറിന്റെ സ്മൃതിരൂപമാണ് എന്നു പറഞ്ഞ് എഴുത്തുകാരൻ പഴ.അതിയമാൻ പരിചയപ്പെടുത്തിത്തന്നതാണ് മുത്തുനാഗുവിനെ. പെരിയാറെന്നു കേട്ടാൽ ഞരമ്പുകളിൽ ചോര തിളയ്ക്കുന്ന മുത്തുനാഗു സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ മകളെ പരിചയപ്പെടുത്തി. ചിരപരിചിതമായൊരു സ്ഥലപ്പേരിൽനിന്നു വഴിമാറി വൈക്കം ഒരാൾപ്പേരു തന്നെയാകുന്ന വിസ്മയം അനുഭവിച്ചു വൈക്കം എന്ന പെൺകുട്ടിയെ അടുത്തറിഞ്ഞപ്പോൾ. വൈക്കം സത്യഗ്രഹത്തിന് തമിഴകത്തിന്റെ സംഭാവനകൾ വിവരിക്കുന്ന 'വൈക്കം പോരാട്ടം' (വൈക്കം സത്യഗ്രഹം) എന്ന ഗവേഷണഗ്രന്ഥമെഴുതിയ അതിയമാനെപ്പോലും വൈക്കം എന്നു മകൾക്കു പേരിട്ട മുത്തുനാഗു അമ്പരപ്പിച്ചു കളഞ്ഞു.
തേനി സ്വദേശിയായ മുത്തുനാഗുവിന്റെയും ദീപയുടെയും മകളാണ് വൈക്കം. പെരിയാറിന്റെ ഭാര്യമാരായിരുന്ന നാഗമ്മയുടെയും മണിയമ്മയുടെയും പേരുകളാണ് അവൾക്കായി അപ്പ മുത്തുനാഗു കണ്ടുവച്ചിരുന്നത്. നാഗമ്മ പെരിയാറിനൊപ്പം വൈക്കം സത്യഗ്രഹവേദിയിലെ സജീവ സാന്നിധ്യമായിരുന്ന ധീരവനിതയാണ്. നാഗമ്മയുടെ മരണശേഷം പെരിയാർ വിവാഹം ചെയ്ത മണിയമ്മയാകട്ടെ, അദ്ദേഹത്തിന്റെ പിൻഗാമിയായി ദ്രാവിഡ കഴകം മുന്നേറ്റത്തിന്റെ അധ്യക്ഷയായിത്തീർന്ന നേതാവും.

മുത്തുനാഗുവിനും ദീപയ്ക്കും കുഞ്ഞ് പിറന്നത് 1999 ഏപ്രിൽ നാലിനാണ്. വൈക്കം സത്യഗ്രഹം ആരംഭിച്ചതിന്റെ 75-ാം വാർഷികാഘോഷങ്ങൾ നടന്നുവരികയായിരുന്നു അപ്പോൾ. മുത്തുനാഗു പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തമിഴകത്തിന്റെ ചരിത്രപുരുഷൻ കേരളത്തിലെത്തി നേതൃത്വം വഹിച്ചും അറസ്റ്റ് വരിച്ചും വൈക്കം വീരൻ എന്ന വിശേഷണം നേടാനിടയായ വൈക്കം സത്യഗ്രഹത്തിന്റെ ഓർമയുണർത്തുന്ന പേരു തന്നെയാകട്ടെ മകൾക്കെന്ന് തീരുമാനിച്ചു. നാഗമ്മയും മണിയമ്മയും സംഗമിക്കുന്ന നാഗമണി കൂടി ചേർത്തപ്പോൾ അവൾ വൈക്കം നാഗമണിയായി.
വൈക്കത്ത്, വൈക്കം
മകൾ വൈക്കത്തിന്, ആ സ്ഥലനാമത്തിന്റെ പൊരുളറിയിക്കാനായി വൈക്കത്തെ ക്ഷേത്രം കാണിച്ചുകൊടുക്കണമെന്നത് മുത്തുനാഗുവിന്റെ ആഗ്രഹമായിരുന്നു. 8 വയസ്സുള്ളപ്പോൾ അവളെയും കൂട്ടി വൈക്കത്തെത്തി. അയിത്ത ജാതിക്കാർക്ക് പ്രവേശനമില്ലാതിരുന്ന കാലത്ത് അവർക്കു വഴിനടക്കാനുള്ള അവകാശം നേടിയെടുക്കാൻ സത്യഗ്രഹവേദിയായി മാറിയ തെരുവുകളിലൂടെ വൈക്കം ഓടിക്കളിച്ചു. അന്നു വന്നപ്പോൾ വൈക്കം വലിയ കവലയിലെ പെരിയാർ പ്രതിമയ്ക്കു സമീപം കൊച്ചു വൈക്കം നിൽക്കുന്നതിന്റെ ഫോട്ടോയെടുത്തത് കുടുംബം നിധി പോലെ സൂക്ഷിക്കുന്നു.
എട്ടാം വയസ്സിൽ വന്നതല്ലാതെ വൈക്കം പിന്നീടു വൈക്കം സന്ദർശിച്ചിട്ടേയില്ല. 'അപ്പ പല തവണ വന്നിട്ടുണ്ട്. എനിക്കു പിന്നെ വരാൻ കഴിഞ്ഞില്ല. പക്ഷേ അധികം വൈകാതെ ഞാൻ വരുന്നുണ്ട്. നവീകരിച്ച തന്തൈ പെരിയാർ സ്മാരകം കാണാനും മോഹമുണ്ട് - വൈക്കം ആ സ്വപ്‌നം പങ്കുവച്ചു.
അഭിഭാഷകയുടെ ഉൾക്കരുത്ത്
തേനിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു വൈക്കത്തിന്റെ പഠനം. സേലത്തെ സെൻട്രൽ ലോ കോളജിൽനിന്ന് 2021ൽ പഞ്ചവത്സര ബിഎ എൽഎൽബി ഇന്റഗ്രേറ്റഡ് കോഴ്‌സ് പഠിച്ചിറങ്ങി. പിന്നീട് ഒരു വർഷം മധുര ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്തു. തമിഴ്‌നാട് പൊലീസ് സർവീസിലുള്ള അരുൺകുമാറിനെയാണ് വിവാഹം ചെയ്തത്. ഒന്നര വയസ്സുള്ള മകളുണ്ട് - പേര് യാളിനിയാൾ. കുഞ്ഞിനെ നോക്കാനായി കരിയറിൽ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് വൈക്കമിപ്പോൾ. 'മക്കൾ തമിഴ് മീഡിയത്തിൽ പഠിക്കണമെന്ന് അപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതാണ് സർക്കാർ സ്‌കൂളിൽ ചേരാൻ കാരണം' - വൈക്കം പറയുന്നു.
അപ്പോൾ നിയമപഠനമോ ?
'അത് കരുത്താർജിക്കാനാണ്. സ്വാതന്ത്ര്യസമര സേനാനികളിൽ ഭൂരിഭാഗം പേരും അഭിഭാഷകരായിരുന്നില്ലേ' - വൈക്കം വാദിക്കുന്നതിൽ കാര്യമുണ്ട്.
വേറിട്ട പേര് വീട്ടിൽ വേറെയും
പേരിൽ എല്ലാമിരിക്കുന്നു എന്നതാണു മുത്തുനാഗുവിന്റെ വിശ്വാസം. മകളുടെ പേരിനു മാത്രമല്ല, മകന്റെ പേരിനുമുണ്ട് അപൂർവത- നൂലഗൻ. ലൈബ്രേറിയൻ എന്നാണ് അർഥം. സ്വത്തുക്കളെല്ലാം ഗ്രന്ഥശാലകൾക്കു നൽകിയ കമ്യൂണിസ്റ്റ് നേതാവ് സിങ്കാരവേലരുടെ സ്മരണാർഥമാണ് മുത്തുനാഗു മകന് നൂലഗൻ എന്നു പേരിട്ടത്. വൈക്കത്തിന്റെ ഇളയസഹോദരനായ നൂലഗനും നിയമവിദ്യാർഥിയാണ്. വികടൻ മാസികയിൽ ജോലി ചെയ്തിരുന്ന മുത്തുനാഗു ഇപ്പോൾ സ്റ്റുഡിയോ നടത്തുന്നു. കൃഷിയിലും സജീവം. ഭാര്യ ദീപ 5 വർഷം മുൻപു മരിച്ചു
"അയ്യയ്യോ, ആരാ ഈ പേരിട്ടത് ?"
വൈക്കം എന്ന പേര് വിചിത്രമായിത്തോന്നിയവരുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. പെരിയാറിനോടു പ്രിയമില്ലാത്തവർക്കുൾപ്പെടെ വൈക്കത്തിന്റെ പേര് പരിഹാസ വിഷയമായി. സ്‌കൂളിലും കോളജിലും പേരിന്റെ പേരിൽ ചെറുതല്ലാത്ത അപമാനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. പരോക്ഷമായ കളിയാക്കലുകളും അകറ്റി നിർത്തലും. വിദ്യാസമ്പന്നരായ കുടുംബങ്ങളിൽനിന്നുള്ളവരാണ് പരിഹസിച്ചവരിലേറെയെന്ന് വൈക്കം വേദനയോടെ ഓർക്കുന്നു.
ഇപ്പോഴും ആശുപത്രി പോലെ പൊതുഇടങ്ങളിൽ പോകുമ്പോൾ വൈക്കം എന്നു കേട്ട് ആളുകൾ ചോദിക്കുന്നത് ഒരേ ചോദ്യം- അയ്യയ്യോ, ആരാ ഈ പേരിട്ടത്?അകറ്റിനിർത്തപ്പെട്ട നിമിഷങ്ങളിൽ എപ്പോഴെങ്കിലും ഈ പേരുമാറ്റാൻ വൈക്കത്തിനു തോന്നിയിട്ടുണ്ടോ ? ഇല്ലേയില്ല. എനിക്കീ പേരിൽ അഭിമാനമേയുള്ളൂ- വൈക്കത്തഷ്ടമി വിളക്കിന്റെ പ്രഭാപൂരം വിതറി വൈക്കം ചിരിക്കുന്നു.