ദാ, പുതിയ കൊറോണാ വൈറസ്, ജാഗ്രത!

Mail This Article
ബെയ്ജിങ് ∙ വവ്വാലുകളിൽ പുതിയൊരു കൊറോണാ വൈറസിനെ കണ്ടെത്തി. കോവിഡ്–19 മഹാമാരിക്കു വഴിവച്ച സാർസ് കോവ്–2 വൈറസിന്റെ അതേ രീതിയിലാണ് എച്ച്കെയു5 എന്ന ഈ വൈറസും കോശങ്ങളിലേക്കു കടക്കുന്നത്. കോശങ്ങളിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം 2 ൽ ആണ് ഈ പുതിയ വൈറസും ഒട്ടിച്ചേരുന്നത്. അതുകൊണ്ടുതന്നെ വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.ഹോങ്കോങ്ങിലെ ജാപ്പനീസ് പൈപ്പിസ്ട്രെല്ലെ വവ്വാലുകളിൽ ആദ്യമായി തിരിച്ചറിഞ്ഞ വൈറസിന്റെ പുതിയ വകഭേദമാണിത്.
മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) ഉണ്ടാക്കുന്ന വൈറസ് ഉൾപ്പെടുന്ന മെർബെക്കോവൈറസ് ഉപവിഭാഗത്തിൽ നിന്നാണ് പുതിയ വൈറസ് വരുന്നതെന്നാണു ഗവേഷകർ നൽകുന്ന സൂചന. എന്നാൽ, ഇതു മഹാമാരിക്കു കാരണമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വവ്വാലുകളിൽനിന്നു പകർന്നാലും അത് എത്ര വേഗത്തിലാകുമെന്നു ഗവേഷകർ മനസ്സിലാക്കുന്നതേയുള്ളൂ.കോവിഡിനു വഴിവച്ചുവെന്ന ആരോപണം നേരിട്ട ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) ഷി ഷെംഗ്ലിയാണ് പഠനത്തിനു നേതൃത്വം നൽകിയത്. വവ്വാലുകളിലെ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ‘ബാറ്റ് വുമൻ’ എന്ന വിളിപ്പേരു ലഭിച്ച ഗവേഷകയാണ് ഷി.