താലിബാൻ നേതാവ് ഹഖാനിയെ കിട്ടാനുള്ള ഇനാം പിൻവലിച്ച് യുഎസ്

Mail This Article
വാഷിങ്ടൻ ∙ അഫ്ഗാനിൽ യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെ ഭീകരാക്രമണങ്ങൾക്കു നേതൃത്വം നൽകി നോട്ടപ്പുളളിയായി മാറിയ താലിബാൻ നേതാവിനെ കിട്ടാൻ ഇനാം പ്രഖ്യാപിച്ച നടപടി യുഎസ് പിൻവലിച്ചു. താലിബാൻ ഭരണകൂടത്തിലെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയെക്കുറിച്ചു വിവരം നൽകി അറസ്റ്റിനു സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നതാണു പിൻവലിച്ചത്.
വർഷം മുൻപ് അഫ്ഗാൻ സന്ദർശനത്തിനിടെ താലിബാൻ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ജോർജ് ഗ്ലെസ്മാനെ വിട്ടുകിട്ടിയതിനു പിന്നാലെയാണ് ഹഖാനിയെ ഇനാം പട്ടികയിൽനിന്നു നീക്കിയത്.
സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരങ്ങളായ അബ്ദുൽ അസീസ് ഹഖാനി, യഹ്യ ഹഖാനി എന്നിവരെയും ഇനാം പട്ടികയിൽനിന്നു നീക്കി ഉത്തരവായി. ഇവരുൾപ്പെട്ട ‘ഹഖാനി നെറ്റ്‌വർക്കി’നെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം ജനുവരി മുതൽ ഇതുവരെ 3 യുഎസുകാരെയാണു താലിബാൻ മോചിപ്പിച്ചത്. താലിബാനുമായി ചർച്ചകളിൽ ഖത്തറാണു യുഎസിനെ സഹായിച്ചത്.