എസ്ബി കോളജിൽ ഡോ. ബി. ഇക്ബാലിന്റെ സ്റ്റഡി ക്ലാസ്

Mail This Article
ചങ്ങനാശ്ശേരി എസ്ബി കോളജിന് ശതാബ്ദി നിറവ്. 50 വർഷം മുൻപ് എസ്ബി കോളജ് സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ അവിടെ പ്രീഡിഗ്രി വിദ്യാർഥി. കെമിസ്ട്രി ലാബിലെ നോസിലുകളിൽ നിന്നുയരുന്ന സൾഫ്യൂരിക് ആസിഡിന്റെ മണം മനസ്സിനെ മടുപ്പിക്കുമ്പോഴും പുറത്ത് കോളജ് ക്യാംപസ് വശ്യമായ സൗന്ദര്യത്തോടെ മോഹിപ്പിച്ച ദിനങ്ങൾ. ക്ലാസ് മുറിക്കകത്തെന്നതിനേക്കാൾ പുറത്തെ ജീവിതമാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ഇലഞ്ഞിയും ചെമ്പകവും പൂത്തുലയുന്ന ക്യാംപസ്. ഗരിമയുടെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന ക്രിസ്തുരാജൻ പ്രതിമ.

പ്രീഡിഗ്രിക്കാർ നൽകിയ കൗമാരത്തുടിപ്പുകൾ. പ്രിൻസിപ്പൽമാരായി മാറി വന്ന കാളാശേരി അച്ചന്റെയും കുര്യാളശേരി അച്ചന്റെയും ശാസനയും തലോടലും. കോളജ് ലൈബ്രറിയിൽ പുസ്തകങ്ങളുടെ അക്ഷയ ഖനി. അഞ്ചു വർഷം താമസിച്ച സഹൃദയ ഹോസ്റ്റലിൽ അക്കാലത്ത് ആഴ്ചവട്ടങ്ങളിൽ കലയും സാഹിത്യവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന കോർണർ മുറികളുണ്ടായിരുന്നു. മലയാളം അധ്യാപകരായ ഐ. ഇസ്താക്കും സ്കറിയ സഖറിയയും സാഹിത്യ ചർച്ചകൾ കൊണ്ടു സമ്പന്നമാക്കിയ പകലുകൾ. കെമിസ്ട്രി പ്രഫസർ ജോർജ് കുഞ്ഞു സെബാസ്റ്റ്യൻ സാർ ക്ലാസിനു പുറത്തു സംസാരിച്ചത് സാഹിത്യത്തിലെ രസതന്ത്രത്തെക്കുറിച്ചു മാത്രമായിരുന്നുവെന്നോർക്കുന്നു. വി.ജെ അഗസ്റ്റിൻ, എ.ഇ. അസ്റ്റിൻ തുടങ്ങിയ ഇംഗ്ലിഷ് അധ്യപകരുടെ നിറവാർന്ന ലക്ചറുകൾ.

വൈസ് ചാൻസലറും ആസൂത്രണ ബോർഡ് അംഗവുമൊക്കെയായി തിളങ്ങിയ ചങ്ങനാശേരിക്കാരൻ ഡോ. ബി. ഇക്ബാൽ കോളജിന്റെ പൂർവവിദ്യാർഥിയാണെങ്കിലും പരിചയപ്പെടുന്നത് സഹൃദയ ഹോസ്റ്റലിൽ സന്ദർശകനായാണ്. അക്കാലത്ത് കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടറും അധ്യാപകനുമായിരുന്ന ഇക്ബാൽ ശനിയാഴ്ച വൈകുന്നേരങ്ങളിൽ ഹോസ്റ്റൽ മുറിയിൽ മുടങ്ങാതെ എത്തി ഞങ്ങൾക്ക് മാർക്സിസത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്നു. കോളജിലെ വിദ്യാർഥികളെ ഇടത്തേക്ക് ആകർഷിക്കുക എന്ന ദൗത്യം പാർട്ടി അദ്ദേഹത്തെ ഏൽപിച്ചിരുന്നുവോ എന്നറിയില്ല. ഞങ്ങളാരും എസ്എഫ്ഐ ആയില്ലെങ്കിലും ഇടതു രാഷ്ട്രീയം എന്തെന്നറിഞ്ഞു. ഡോക്ടറുടെ ക്ലാസ്സ് ഒരു സംഗീതം പോലെ ആസ്വദിച്ചു.
കലയെയും സാഹിത്യത്തെയും മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ അദ്ദേഹം വിശകലനം ചെയ്യുന്നത് കേട്ടിരിക്കാൻ രസം. എംടിയുടെ മനോഹര ചലച്ചിത്ര കാവ്യമായ നിർമാല്യം വ്യാഖ്യാനിച്ച് ഫ്യൂഡലിസത്തിന്റെ തകർച്ചയും ക്യാപിറ്റലിസത്തിന്റെ വളർച്ചയും എങ്ങനെ മനുഷ്യത്വവും സൗകുമാര്യവും നശിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. വീണ്ടും തിരുവനന്തപുരത്ത് സൗഹൃദം തുടർന്നെങ്കിലും ഹോസ്റ്റലിലെ ദൗത്യം എന്തായിരുന്നു എന്ന് ഞാനൊരിക്കലും ചോദിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞുമില്ല..
പരസ്യ സംവിധായകനായി അറിയപ്പെട്ട മാത്യു പോൾ (ചെണ്ട മാത്തൻ) സഹമുറിയൻ. ഡിഗ്രിക്കു പഠിക്കുമ്പോൾ ആദ്യമായി ഞാൻ ഒരു നാടകം സംവിധാനം ചെയ്തു. എക്സ് വൈസ് സഡ് എ എന്നായിരുന്നു ആദ്യന്തം ആരും മിണ്ടാത്ത നാടകത്തിന്റെ പേര്. മിണ്ടാതഭിനയിച്ച മാത്യു പോൾ ഇന്റർ കൊളീജിയറ്റ് നാടക മത്സരത്തിൽ ബെസ്റ്റ് ആക്ടർ. റിഹേഴ്സലിനു വായിട്ടലച്ച സംവിധായകന് ഒന്നും കിട്ടിയില്ല. പക്ഷേ മാത്തൻ പ്രത്യുപകാരം ചെയ്തു.
ഞാൻ മനോരമയിൽ സബ് എഡിറ്റർ ട്രെയിനിയായി ചേർന്ന കാലത്ത് കെട്ടുവള്ളങ്ങൾ തുഴയുന്നവരെക്കുറിച്ച് പരമ്പര എഴുതാനായി രണ്ടു രാവും പകലും വേമ്പനാട്ടുകായലിൽ വള്ളത്തിൽ സഞ്ചരിച്ചപ്പോൾ മാത്തൻ കൂട്ടുവന്നു. വള്ളക്കാർക്കൊപ്പം വള്ളത്തിൽ കഞ്ഞി വച്ചും കടവടുത്തപ്പോൾ കള്ളുഷാപ്പിൽ കൂട്ടു പോയും പാതിരാവിൽ വള്ളപ്പാട്ടു പാടിയും ഞങ്ങൾ വള്ളക്കാരുടെ ജീവിത ദുരിതങ്ങൾ പഠിച്ചു. അതേക്കുറിച്ച് ‘അക്കരെയിക്കരെ’ എന്ന പേരിൽ ഞാനെഴുതിയ കന്നി പരമ്പരയിൽ ഉപയോഗിച്ച ചിത്രങ്ങൾ മാത്തന്റേതായിരുന്നു.

കൂടെ പഠിച്ചവർ ഡോക്ടർമാരും എൻജിനീയർമാരും ആയപ്പോൾ ഞാൻ മാത്രം. ജേണലിസ്റ്റായി. മാത്തൻ സിനിമാക്കാരനും.
നാല് പതിറ്റാണ്ടിനുശേഷം അടുത്തകാലത്ത് ഗൃഹാതുരതയോടെ എസ്ബി കോളജ് ക്യാംപസിലേക്കും സഹൃദയ ഹോസ്റ്റലിലേക്കും വീണ്ടും കയറിച്ചെന്നു. വേഡ്സ്‌വർത്തിന്റെ കവിത ടിന്റേണാബി ലൈൻസിൽ പറയുന്നതുപോലെ പോലെ, എല്ലാം അതുപോലെ അവിടെത്തന്നെയുണ്ട്. പക്ഷേ എല്ലാത്തിലും എന്തോ ചോർന്നുപോയതു പോലെ പ്രീഡിഗ്രി വേർപെടുത്തിയ ക്യാംപസും ഹോസ്റ്റലും നിർജീവമായി കിടന്നു. വലിയ ഹോസ്റ്റൽ രണ്ടായി പകുത്തു രണ്ടു ചെറിയ ഹോസ്റ്റലുകളാക്കി.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ താമസിച്ച 304 നമ്പർ മുറിയിൽ വെറുതെ ഒന്നു മുട്ടി. വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യൻ വന്നു വാതിൽ തുറന്ന് ചോദ്യഭാവത്തിൽ നോക്കി. അവനിൽ ഞാൻ എന്നെ കണ്ടു. നാലു പതിറ്റാണ്ടു മുമ്പ് ഈ മുറിയിൽ താമസിച്ച ആളാണെന്നു പറഞ്ഞപ്പോൾ അകത്തേക്കു പ്രവേശനം.നാലുപേരുടെ മുറിയിൽ ഇപ്പോൾ രണ്ടുപേർ മാത്രം. മച്ചിൽ ഒരു ഫാൻ തൂങ്ങുന്നുവെന്നതൊഴിച്ചാൽ മാറ്റങ്ങളൊന്നുമില്ല. ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പഠിക്കുന്ന ഈരാറ്റുപേട്ടക്കാരൻ പയ്യൻ സ്വപ്നം കാണുന്നത് വിദേശരാജ്യത്തെ ജോലി. നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ ഞാനോർത്തു: ഇനിയൊരു 40 വർഷം കഴിയുമ്പോൾ ഈരാറ്റുപേട്ടക്കാരൻ, താൻ പഠിച്ച കോളജ് സന്ദർശിക്കാൻ വരുമായിരിക്കാം. അപ്പോൾ ഈ കോളജും ഹോസ്റ്റലും ഇതുപോലെതന്നെ ഉണ്ടാവുമോ?
Content Summary : Thalakuri Column - Historic St. Berchmans College to celebrate 100 years