ഇങ്ങനെയും ഓംലെറ്റോ? വിചിത്രം ഈ കോമ്പിനേഷൻ! കണ്ണ് തള്ളി ഭക്ഷണപ്രേമികള്
Mail This Article
ഓംലെറ്റുകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ചെറിയ വിശപ്പുകൾ ശമിപ്പിക്കന്നതു മുതൽ പ്രഭാതഭക്ഷണത്തിനോ, ലേറ്റ് നൈറ്റ് ഡിന്നറിനോ ഒക്കെ നമ്മൾ ഓംലെറ്റാകും തിരഞ്ഞെടുക്കുക. സവാളയും പച്ചമുളകും ചേർത്തുണ്ടാക്കുന്ന സാധാരണ ഓംലൈറ്റ് മുതൽ കുറച്ച് മോഡേണായി ചീസും ബട്ടറും ഒക്കെ ചേർക്കുന്ന ഓംലെറ്റുകൾ വരെയുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഓംലെറ്റിൽ ചോക്ലേറ്റ് ചേർക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? കേൾക്കുമ്പോൾ തന്നെ വിചിത്രമായി തോന്നുന്നു, അല്ലേ? എങ്കിൽ ഓംലൈറ്റുകൾക്ക് പേരുകേട്ട തട്ടുകടയിൽ നിന്നുതന്നെ ഇതാ വിചിത്രമായ ചോക്ലേറ്റ് ഓംലെറ്റ് പിറവിയെടുത്തിരിക്കുന്നു.
തട്ടുകടകളിലെ ഓംലൈറ്റുകൾക്ക് ഒരു പ്രത്യേക രുചിയാണ്. എത്ര ശ്രമിച്ചാലും വീട്ടിൽ അതേ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ ഇപ്പോൾ ഈ പാചകക്കാരൻ ഓംലെറ്റിനോട് കടുത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. ഗഗൻദീപ് സിംഗ് എന്നൊരാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ ഉണ്ടാക്കുന്ന ചോക്ലേറ്റ് ഓംലറ്റ് കാണിക്കുന്നത്. ഒരാൾ പാത്രം ചൂടാക്കി അതിലേക്ക് ബട്ടർ ഇടുന്നതോടുകൂടിയാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് അയാൾ അഞ്ച് മുട്ട പൊട്ടിച്ചൊഴിക്കുന്നു. അതിലേക്ക് പച്ചമുളക് ഉള്ളി തക്കാളി എന്നിവ അരിഞ്ഞു ചേർക്കുന്നു. ഇനിയാണ് എല്ലാവരെയും ഞെട്ടിക്കുന്ന ആ സംഭവം. രണ്ട് ഡയറി മിൽക്ക് എടുത്ത് ഈ ഓംലെറ്റിന്റെ മുകളിലേക്ക് ഗ്രേറ്റ് ചെയ്ത് ഇടുകയാണ്. ഭയങ്കര സ്വാദാണ് ഇതിനെന്നാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനോടൊപ്പം അയാൾ അവകാശപ്പെടുന്നത്.
തീർന്നില്ല തയറാക്കിയ ഓംലെറ്റിന് മുകളിൽ ചീസും തുടർന്ന് ചോക്ലേറ്റ് സിറപ്പും ഒഴിക്കുന്നു അതിനുശേഷം മയണൈസ് കൂടി ചേർത്താണ് ഇയാൾ ഈ വിചിത്ര ഓംലെറ്റ് വിളമ്പുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും ഷെയറും ലഭിച്ച വിഡിയോ ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. വിഡിയോ വൈറലായതിനെക്കാൾ അതിനു ലഭിച്ച കമന്റുകളാണ് ചർച്ചയായിരിക്കുന്നത്. ഒരു താലത്തിൽ മാലിന്യം വിളമ്പി തന്നതുപോലെയുണ്ട് എന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ പറഞ്ഞത് അങ്കിൾ അതിൽ കുറച്ച് വിഷം കൂടി ചേർക്കൂ എന്നായിരുന്നു. കമൻറ് ചെയ്ത ഭൂരിഭാഗം പേരും പറഞ്ഞത് അയാൾ എന്തിനാണ് ഇത് ഉണ്ടാക്കിയത് എന്നാണ്. ഓംലെറ്റ് ഇങ്ങനെ കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. വിചിത്രമായ കോമ്പിനേഷൻ കാരണം ഒരു ഓംലെറ്റ് പാചകക്കുറിപ്പ് വൈറലാകുന്നത് ഇതാദ്യമല്ല. ദിനംപ്രതി ആഹാരത്തിലെ പരീക്ഷണങ്ങൾ ഏറി വരുകയാണ്.ഇങ്ങനെ പരീക്ഷിക്കുമ്പോൾ അത് കഴിക്കുവാൻ കൂടി അനുയോജ്യമാണോ എന്ന് സംശയമാണെന്ന് പലരും ആശങ്കപ്പെടുന്നു.