അവൽ മിൽക്ക് ഒരു ഗ്ലാസ് കുടിച്ചാൽ മതി വയറു നിറയും

Mail This Article
മലബാറിന്റെ സ്വന്തം കൈയൊപ്പ് ചാർത്തിയ അവിൽ മിൽക്ക് ഇപ്പോൾ കേരളത്തിലെ എല്ലാ ജ്യൂസ് കടകളിലും ലഭ്യമാണ്. ആരുടേയും മനസ് കീഴടക്കുന്ന ആ രുചി എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. അടുക്കളയിൽ ഉള്ള ചേരുവകൾ മാത്രം മതി. ഒരിക്കൽ ടേസ്റ്റ് ചെയ്താൽ പിന്നീട് നിങ്ങളുടെ വീട്ടിലെ പ്രിയ വിഭവം ആയി മാറും ഇത് എന്നതിൽ സംശയം വേണ്ട, കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണ്. അത്താഴത്തിനും ഉച്ച ഭക്ഷണത്തിനും പകരം ഇത് ഒരു ഗ്ലാസ് കഴിച്ചു നോക്കു വയറും മനസ്സും നിറയും ഒപ്പം പോഷക സമൃദ്ധവും.
ചേരുവകൾ
ഒരു ഗ്ലാസ് അവൽ മിൽക്ക് തയാറാക്കാൻ
1. തണുത്ത പാൽ - 1 കപ്പ്
2. നന്നായി വറുത്ത അവൽ – ¼ കപ്പ്
3. ചെറുപഴം – 2-3 എണ്ണം
4. പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
5. കപ്പലണ്ടി/ നിലക്കടല വറുത്തത് - 2 ടേബിൾ സ്പൂൺ
6. ബിസ്ക്കറ്റ് - 1-2 എണ്ണം (പൊടിച്ചത്)
7. കശുവണ്ടി, പിസ്ത, ബദാം - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
പാലിലേക്ക് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക.
പഴം നന്നായി ഉടച്ച് ഒരു ഗ്ലാസ്സിലേക്ക് ഇടുക, അതിന് മുകളിലായി വറുത്ത അവൽ, നിലക്കടല (കപ്പലണ്ടി), ബിസ്ക്കറ്റ് പൊടിച്ചതും ചേർത്ത് മുകളിൽ പാൽ മെല്ലെ ഒഴിച്ചു കൊടുക്കുക. ഒരിക്കൽ കൂടി എല്ലാ ചേരുവകളും ആവർത്തിച്ച് ഗ്ലാസിലേക്ക് ഇടുക. ഒരു വലിയ സ്പൂൺ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിച്ച് കഴിക്കാം.
English Summary: Malabar Special Aval Milk, Rice Flakes Milk Shake, Flattened Rice Milk Shake