ടാറിട്ട റോഡ് വന്നത് അടുത്തിടെ, താമസിക്കാൻ സ്ഥലമില്ല; എന്നിട്ടും കേന്ദ്രത്തിന് പ്രിയം! ടൂറിസത്തിൽ അദ്ഭുതമാകുമോ ഈ ഗ്രാമങ്ങൾ?
Mail This Article
രാജ്യത്തെ മികച്ച ടൂറിസം ഗ്രാമങ്ങൾക്കുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ ലഭിച്ചത് അധികമാരും കേൾക്കാത്ത രണ്ടു ഗ്രാമങ്ങൾക്കാണ്. ബംഗാളിലെ മുർഷിദാബാദിലെ കിരിതേശ്വരി ഗ്രാമവും അസമിലെ ബിശ്വനാഥ് ഘാട്ടും. ഗ്രാമവാസികളെയെല്ലാം അമ്പരപ്പിച്ച ഒരു നേട്ടമായിരുന്നു അത്. പക്ഷേ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് തങ്ങളുടെ തീരുമാനത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം, ഗ്രാമങ്ങളുടെ സാംസ്കാരിക പൈതൃകവും ഭാവിയിലെ വികസനസാധ്യതകളും മുന്നിൽ കണ്ടായിരുന്നു കേന്ദ്ര പുരസ്കാരം ഈ ചെറുഗ്രാമങ്ങൾക്ക് നൽകിയത്. അധികം വൈകാതെതന്നെ ഇന്ത്യയുടെ ടൂറിസം പട്ടികയിൽ രണ്ടു പടങ്ങളും ഇടംപിടിച്ചു നിറഞ്ഞു നിൽക്കുമെന്നു ചുരുക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 795 അപേക്ഷകളിൽനിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലോകടൂറിസം ദിനമായ സെപ്റ്റംബർ 27ന് ഇവർക്കുളള പുരസ്കാരങ്ങളും ഡൽഹിയിൽ സമ്മാനിച്ചു. മുർഷിദാബാദിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ബംഗാളിന്റെ എല്ലാ തനത് ഗ്രാമീണ രൂപഭാവങ്ങളുമായി നിലകൊള്ളുന്ന കിരിതേശ്വരി ഗ്രാമത്തിലെത്താം. സത്യത്തിൽ. ഗ്രാമത്തിലുള്ളവർ വിളിക്കുന്ന പേര് കിരിത്കോന എന്നാണ്. പുറത്തുനിന്നുള്ളവരിട്ട പേരാണ് കിരിതേശ്വരി. പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നായ കിരിതേശ്വരി ക്ഷേത്രം ഈ ഗ്രാമത്തിലാണുള്ളത്.