വീട്ടിലിരുന്ന് 2000 രൂപ നോട്ട് മാറ്റിയെടുക്കാം, ആമസോണ്‍ പേയിലൂടെ
Mail This Article
ബാങ്കില്‍ പോയി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്നിനി നിങ്ങൾക്ക് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം. ആമസോണ്‍ പേയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ സൗകര്യം ഒരുക്കുന്നത്. ഇതിനായി 'ക്യാഷ് ലോഡ് അറ്റ് ഡോര്‍സ്റ്റെപ്പ്' എന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പേ. ഈ സേവനം പ്രയോജനപ്പെടുത്തി ആമസോണിന്റെ ഉപഭോക്താക്കൾക്ക് സെപ്റ്റംബറിൽ പിന്‍വലിക്കാന്‍ പോകുന്ന 2,000 രൂപ നോട്ടുകള്‍ എളുപ്പത്തിൽ മാറ്റിയെടുക്കാം. ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 2000 രൂപ നോട്ടുകൾ ഡെലിവറി ഏജന്റുമാര്‍ക്ക് കൈമാറാമെന്ന് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഈ തുക പിന്നീട് അവരുടെ ആമസോൺ പേ വാലറ്റുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
2000 രൂപയുടെ നോട്ട് പിൻവലിച്ചത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമോ? Read more...
സേവനം വീട്ടുപടിക്കൽ
ആമസോണിന്റെ ഡെലിവറി ഏജന്റുമാർ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തി 2,000 രൂപ നോട്ടുകൾ ശേഖരിക്കുകയും ഈ തുക അവരുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടൻ ക്രഡിറ്റ് ചെയ്യുകയും ചെയ്യും. 2000 രൂപയുടെ നോട്ടുകള്‍ ഉള്‍പ്പെടെ പ്രതിമാസം 50,000 രൂപ വരെ ആമസോണ്‍ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. ഓണ്‍ലൈനായി മാത്രമല്ല ഓഫ് ലൈനായും പേയ്മെന്റുകള്‍ നടത്താന്‍ നിങ്ങളുടെ ആമസോണ്‍ പേ അക്കൗണ്ടിലെ തുക ഉപയോഗിക്കാം. കടകളില്‍ ക്യുആർ കോഡ് സ്‌കാന്‍ ചെയ്തുള്ള പേമെന്റുകള്‍ക്കും ഉപയോഗിക്കാം. അതുപോലെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയും. ദിവസം മുഴുവന്‍ സേവനം പ്രയോജനപ്പെടുത്താം. ആമസോണ്‍ പേ അക്കൗണ്ടില്‍ കെവൈസി പൂര്‍ത്തിയാക്കിയിട്ടുള്ള ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭ്യമാവുക.
ആമസോണ്‍ പേയിലൂടെ 2000 രൂപ മാറ്റിയെടുക്കുന്നതെങ്ങനെ ?
∙ക്യാഷ് ലോഡ് അറ്റ് ഡോര്‍സ്‌റ്റെപ്പ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ ആദ്യം ആമസോണ്‍ ആപ്പില്‍ വീഡിയോ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കണം
∙വീഡിയോ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം ആമസോണ്‍ വഴി ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡര്‍ നല്‍കുക.
∙ഓര്‍ഡര്‍ ചെയ്ത സാധനം വിതരണം ചെയ്യുന്നതിനായി ഡെലിവറി ഏജന്റ് എത്തുമ്പോള്‍ നിങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ നല്‍കുക.
∙ആമസോണ്‍ ഡെലവിവറി ഏജന്റ് നിങ്ങള്‍ നല്‍കിയ 2000 രൂപ സ്‌കാന്‍ ചെയ്ത് കഴിഞ്ഞാലുടന്‍ നിങ്ങളുടെ ആമസോണ്‍ പേ അക്കൗണ്ടില്‍ ഇത് അപ്‌ഡേറ്റ് ചെയ്യും.
∙ഒരു മിനുട്ടിനുള്ളില്‍ നിങ്ങളുടെ ആമസോണ്‍ പേ ബാലന്‍സില്‍ ഒരു യുപിഐ ഹാന്‍ഡില്‍ സൃഷ്ടിക്കാനും പേയ്‌മെന്റുകള്‍ നടത്താനും കഴിയും.
ആർബിഐ കഴിഞ്ഞമാസമാണ് നിലവിൽ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.
കൈവശമുള്ള രണ്ടായിരം രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ മാറ്റി വാങ്ങുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്യണം എന്നാണ് ആര്‍ബിഐ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ആര്‍ബിഐയുടെ ഉത്തരവ് എത്തിയതോടെ ദിവസേന ആവശ്യമായ വസ്തുക്കള്‍, പ്രീമിയം ബ്രാന്‍ഡുകള്‍, ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ എന്നിവയ്ക്കായി 2,000 രൂപ നോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ആർബിഐയുടെ നിർദ്ദേശം ഉണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങളിൽ പലതും 2,000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് ആശ്വസവുമായി ആമസോൺ എത്തിയിരിക്കുന്നത്.
English Summary : RS 2000 Notes Can Exchange Through Amazon Pay