പേയ്ടിഎം: ഭാവി അനിശ്ചിതത്വത്തിൽ; ആശങ്കയിൽ വ്യാപാരികൾ
.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ പണം സ്വീകരിക്കാൻ പേയ്ടിഎമ്മിനെ ആശ്രയിക്കുന്ന വ്യാപാരികൾ ആശങ്കയിൽ. മറ്റു സേവനദാതാക്കൾ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെ ആശ്രയിക്കാൻ അവർ നിർബന്ധിതരാകുകയാണ്. പല വ്യാപാരശാലകളും പേയ്ടിഎം ക്യുആർ കോഡ് പ്രദർശിപ്പിക്കാതായിട്ടുണ്ട്.
പേയ്ടിഎം ആപ് ഒഴിവാക്കി മറ്റു പേയ്മെന്റ് ആപ്പുകൾ സ്വീകരിക്കുന്നതായിരിക്കും ഉചിതം എന്നു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വ്യാപാരി സമൂഹത്തോടു നിർദേശിച്ചിരിക്കുകയാണ്.
രാജ്യത്താകെ രണ്ടു കോടിയിലേറെ വ്യാപാരശാലകളാണു പണം ഡിജിറ്റലായി സ്വീകരിക്കാൻ പേയ്ടിഎം ആപ് ഉപയോഗിക്കുന്നത്. പണം നൽകാൻ പേയ്ടിഎം വോലറ്റ് ഉപയോഗിക്കുന്നവർ മൂന്നു കോടിയിലേറെവരും.
അതിനിടെ, ഗൂഗിൾ പേ, വോൾമാർട്ടിന്റെ ഫോൺപേ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ 50 – 75% വരെ വർധനയുണ്ടെന്നറിയുന്നു. ഗൂഗിൾപേയും ഫോൺപേയും വ്യാപാരികളെ ആകർഷിക്കാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുമുണ്ട്. അതിനാൽ പേയ്ടിഎമ്മിന്റെ സെയിൽസ് ടീം വ്യാപാരികളുമായി വ്യാപകമായി ബന്ധപ്പെടുകയാണ്.
അതിനിടെ, റിക്രൂട്ടിങ് സ്ഥാപനങ്ങളിലേക്ക് പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ജീവനക്കാരിൽനിന്നുള്ള ജോലി അപേക്ഷകൾ വലിയ തോതിൽ എത്തുന്നുണ്ട്. ബാങ്കിന്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണിത്. 35,000 ജീവനക്കാരാണു കമ്പനിയിലുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനു മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ഓഹരി വിപണിയിൽ പേയ്ടിഎം ഓഹരികൾക്കു നേരിട്ട വിലയിടിവു ഭീമമായിരുന്നു. വിപണി മൂല്യത്തിൽ 20,000 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാൽ 45 ശതമാനത്തോളം തകർന്ന ഓഹരി വിലയിൽ ഇന്നലെ മുന്നേറ്റം അനുഭവപ്പെട്ടു. 395.50 രൂപ വരെ താഴ്ന്ന ഓഹരി വില 451.60 നിലവാരത്തിലാണ് അവസാനിച്ചത്.