'അദ്ഭുത് ഇന്ത്യ' സാധാരണക്കാരന്റെ ജീവിതത്തെയും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും മാറ്റി മറിക്കുമോ?
Mail This Article
വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനതയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സാങ്കേതിക വിദ്യയിലൂടെ കാണാൻ കഴിയുമോ? നന്ദൻ നിലേകനിയുടെ എക്‌സ്‌റ്റെപ്പ് ഫൗണ്ടേഷന്റെ പീപ്പിൾ +എഐ (people +AI) സംരംഭം അതാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ആശയമാണിത്. 'അദ്ഭുത് ഇന്ത്യ' എന്നാണ് ഇതിനെ വിളിക്കുന്നത്. സാധാരണക്കാരന്റെ നൂറു കണക്കിന് പ്രശ്നങ്ങൾക്ക് ഇത്രയും നാൾ കൈകൊണ്ടിരുന്ന പരിഹാരങ്ങളിൽ നിൽക്കാതെ, എഐ യുടെ നൂതന മാർഗങ്ങളിലൂടെ ജീവിത നിലവാരം ഉയർത്താനാണ് ഇത് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണം മുതൽ ബഹിരാകാശ ദൗത്യങ്ങൾ വരെയുള്ള മേഖലകളിൽ എഐ സഹായത്തോടെ, സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനാകും.
എങ്ങനെ അദ്ഭുതങ്ങൾ സൃഷ്ടിക്കും?
കൃഷി: കാർഷികമേഖലയിൽ ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന കാര്യങ്ങൾ കർഷകർക്ക് വേദന മാത്രം നൽകുന്നവയാണ്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷി രീതികളിൽ നിന്നുള്ള മാറ്റം മുതൽ, മണ്ണിന്റെ ഘടന വിശകലനം ചെയ്യുന്നതും കാലാവസ്ഥാ രീതികൾ പ്രവചിക്കുന്നതും ഓരോ പ്രദേശത്തിന് ആവശ്യമായ വിളകൾ ഏതെന്നു നിശ്ചയിക്കുന്നതിനും കുറഞ്ഞ ജല ഉപഭോഗത്തിനും കൃത്യമായ വളപ്രയോഗവും നൽകുന്ന എഐ അധിഷ്ഠിത ആപ്പുകൾ ഈ മേഖലയിൽ വരേണ്ടതുണ്ട്. ഒരിക്കലും അവസാനിക്കാതെ തുടരുന്ന കർഷകരുടെ പ്രശ്നങ്ങൾക്കുള്ള എഐ വഴിയുള്ള പരിഹാരം കർഷകന്റെ വരുമാനം വർധിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ ഉറപ്പ് വരുത്തും.
വിദ്യാഭ്യാസം: മാറുന്ന ലോകത്ത് പഴഞ്ചൻ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും ബാധ്യത മാത്രമാണ് വരുത്തുന്നത്. ഓരോ കുട്ടിയുടെയും അഭിരുചി അനുസരിച്ച് പഠനം ക്രമീകരിക്കുന്നതിനും സിലബസ് തീരുമാനിക്കുന്നതിനും വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും നിലവിലുള്ള രീതികളുടെ പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഇതിനും എഐ അധിഷ്ഠിത ആപ്പുകൾ കൂടിയേ തീരു. നിലവിലുള്ള വിദ്യാഭ്യാസ ആപ്പുകൾ കൂടുതൽ സ്വകാര്യ മേഖലയിൽ നിന്ന് ആയതിനാൽ ഫീസുകൾ കൂടുതലാണ്. ഏവർക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള വിദ്യാഭ്യാസ ആപ്പുകൾ ഗ്രാമീണ നഗര വ്യത്യാസമില്ലാതെ ജനകീയമാക്കാൻ എഐയ്ക്ക് വലിയ പങ്കു വഹിക്കാനാകും.
ആരോഗ്യം: സാമൂഹ്യ സുരക്ഷ പദ്ധതികൾ അധികമില്ലാത്ത ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ ആരോഗ്യ മേഖലയിൽ വിപ്ലവ മാറ്റങ്ങൾ വന്നാൽ മാത്രമേ സാധാരണക്കാരന് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളെങ്കിലും ലഭിക്കുകയുള്ളൂ. ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മുതൽ മരുന്നുകളും, കെട്ടിട സൗകര്യങ്ങളും ഡോക്ടർമാരും ചികിത്സ നിശ്ചയിക്കാനുള്ള ഉപകരണങ്ങളും ഓപ്പറേഷൻ സൗകര്യങ്ങൾ വരെ ഒരുപാടു മേഖലകളിൽ എഐ സഹായം ഇന്ത്യക്കാവശ്യമുണ്ട്. ഉദാഹരണത്തിന് ഒരു പാമ്പ് കടിച്ചാൽ പോലും ആശുപത്രികളിലേക്ക് രോഗിയെ എത്തിക്കാതെ ലഭ്യമാകുന്ന പാരമ്പര്യ ചികിത്സ നൽകുന്ന അവസ്ഥയിൽ ഇന്ത്യയിലെ ഗ്രാമങ്ങൾ ഇപ്പോഴും ഏറെയുണ്ട്. ആ ഒരു അവസ്ഥയിൽ നിന്ന് എഐ സഹായത്തോടെ നിസാര കാര്യങ്ങൾ മുതൽ ഗുരുതര കാര്യങ്ങളിൽ വരെ പുരോഗമനപരമായ മാറ്റത്തിന് ഇന്ത്യയെ ഒരുക്കണം.
ജനസംഖ്യ വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് പ്രശ്നപരിഹാരങ്ങൾക്ക് സാങ്കേതിക വിദ്യയുടെ സഹായം കൂടിയേ തീരു. ജന പങ്കാളിത്തത്തോടെ ഇത്തരം പദ്ധതികൽ നടപ്പിലാക്കാനായാൽ അത് രാജ്യ പുരോഗതിക്കും വഴി തെളിക്കും. കൂടാതെ എഐ വിപ്ലവത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ തലയെടുപ്പോടെ നില്ക്കാൻ അത് ഇന്ത്യയെ സഹായിക്കും. 'അത്ഭുത് ഇന്ത്യ' എന്ന വിപ്ലവം നടപ്പിലാകുകയാണെങ്കിൽ ഇന്ത്യയുടെ ഈ മോഡൽ മറ്റു പല രാജ്യങ്ങളും "യുപിഐ" പോലെ ഏറ്റെടുക്കാനും സാധ്യതയുണ്ട്.