ADVERTISEMENT

ആദായനികുതി നിയമത്തിന്റെ കീഴിൽ നികുതിയിളവു തേടുന്ന മത, ജീവകാരുണ്യ സ്ഥാപനങ്ങൾ, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങൾ (എൻജിഒ), വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങിയവയ്ക്ക് റജിസ്‌ട്രേഷൻ നിർബന്ധമാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 12 എബി പ്രകാരമാണിത്. നികുതി നിയമത്തിന്റെ 10 (23 സി), 11, 12 വകുപ്പുകൾ പ്രകാരം റജിസ്ട്രേഷന് അപേക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ വകുപ്പ് ബാധകമാണ്. ജീവകാരുണ്യ പ്രവർത്തനം അല്ലെങ്കിൽ മതപരമായ ആവശ്യങ്ങൾക്കായി കൈവശം വച്ചിരിക്കുന്ന സ്വത്തിൽ നിന്നുള്ള വരുമാനത്തിനുള്ള ഇളവുകൾ പ്രധാനമായും ഈ വകുപ്പിന്റെ കീഴിലാണ്.

അപേക്ഷകർക്ക് തുടക്കത്തിൽ സോപാധിക (പ്രൊവിഷനൽ) റജിസ്ട്രേഷൻ നമ്പരാണു ലഭിക്കുക. ഫോം 10 എ സിയിലാണ് താൽക്കാലിക അംഗീകാരം ലഭിക്കുന്നത്. ഇത് 3 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. സോപാധിക റജിസ്ട്രേഷൻ ലഭിച്ച സാമ്പത്തിക വർഷം മുതൽ നികുതി ഇളവ് തേടാവുന്നതാണ്.

പുതിയ റജിസ്ട്രേഷൻ നടപടികൾ പൂർണമായും കംപ്യൂട്ടർ വൽകൃതമാണ്. ഇതനുസരിച്ച്‌ എല്ലാ സ്ഥാപനങ്ങൾക്കും ഏകീകൃത (യൂണീക്‌) റജിസ്‌ട്രേഷൻ നമ്പർ നൽകി മത,ജീവകാരുണ്യ സ്ഥാപനങ്ങളുടെ ദേശീയ റജിസ്റ്റർ ഉണ്ടാക്കാൻ കൂടിയാണിത്.

റജിസ്‌ട്രേഷൻ 5 വർഷത്തേക്കു മാത്രം
2020-21 സാമ്പത്തിക വർഷം വരെ ഇത്തരം സ്ഥാപനങ്ങൾ ഒരിക്കൽ റജിസ്‌ട്രേഷൻ എടുത്താൽ എന്നെന്നേക്കുമായുള്ളതായിരുന്നു. എന്നാൽ 2021-22 സാമ്പത്തികവർഷം മുതൽ റജിസ്‌ട്രേഷന്റെ കാലാവധി 5 വർഷമായി ചുരുക്കി. നിലവിൽ റജിസ്‌ട്രേഷനുള്ള എല്ലാ മതജീവകാരുണ്യ സ്ഥാപനങ്ങളും ഇവ പുതുക്കാനുള്ള അപേക്ഷ നാളിതുവരെ കൊടുത്തിട്ടില്ലെങ്കിൽ ഇവ കൊടുക്കാനുള്ള അവസാന അവസരം ഈ മാസം 30 ആണ്. അല്ലാത്ത പക്ഷം ഇവയ്ക്ക് നികുതിയിളവിനായുള്ള റജിസ്‌ട്രേഷൻ സ്വമേധയാ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.

ഈ നിയമം ട്രസ്റ്റ്, സൊസൈറ്റി, ലാഭേച്ഛയില്ലാത്ത കമ്പനി തുടങ്ങി എല്ലാവിധ മത, ജീവകാരുണ്യ സ്ഥാപനങ്ങൾക്കും, എൻജിഒ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങിയവയ്ക്കും ബാധകമാണ്. അതുപോലെ നികുതി നിയമത്തിലെ വകുപ്പ് 12 എ, 10 (23സി), 80 ജി, 35 ഇവയനുസരിച്ച് റജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളും പുതിയ വകുപ്പ് 12 എ ബി അനുസരിച്ചുള്ള മേൽ റജിസ്‌ട്രേഷൻ എടുത്തിരിക്കണം. ഇതിനായി അടിസ്ഥാന പരിധികളൊന്നും നിഷ്കർഷിച്ചിട്ടില്ല. എന്നാൽ, വകുപ്പ് 12 എഎയും 10(23സി) യും അനുസരിച്ചുള്ള റജിസ്‌ട്രേഷനുള്ളവർ ഇതിൽ ഏതെങ്കിലും ഒരു റജിസ്‌ട്രേഷൻ മാത്രമേ പുതുക്കാൻ അനുവദിക്കൂ.

റജിസ്‌ട്രേഷനും പുതുക്കലിനും അവസാന അവസരം
2021-22 സാമ്പത്തികവർഷം മുതൽ മത,ധർമ സ്ഥാപനങ്ങൾ അവരുടെ റജിസ്‌ട്രേഷൻ പതുക്കണമെന്ന് നിർദേശിച്ചിട്ടും നിരവധി സ്ഥാപനങ്ങൾ മുൻപ് രണ്ടുതവണ നീട്ടിക്കൊടുത്തിട്ടും ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു നികുതിവകുപ്പ് മനസ്സിലാക്കി. ഇതു കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഒരിക്കൽ കൂടി ഇതിനുള്ള അവസരം ഈ മാസം 30 വരെ നീട്ടികൊടുക്കാൻ തീരുമാനിച്ചു. 2024 ഏപ്രിൽ 25ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) 7 / 2024ലെ സർക്കുലറിലൂടെയാണ് ഈ ഇളവ് അനുവദിച്ചത്.

നിലവിൽ റജിസ്ട്രേഷൻ ഇല്ലാത്ത മേൽപറഞ്ഞ സ്ഥാപനങ്ങളും ആദ്യമായി റജിസ്‌ട്രേഷന് അപേക്ഷിക്കുന്നവരും ഈ മാസം 30നകം റജിസ്ട്രേഷനായി അപേക്ഷ കൊടുക്കേണ്ടതുണ്ട്.

സർക്കുലറിന്റെ വിശദാംശങ്ങൾ
1. മത, ജീവകാരുണ്യ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ച തീയതി മുതൽ 6 മാസത്തിനുള്ളിൽ അന്തിമ റജിസ്ട്രേഷനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നിരുന്നാലും, സോപാധിക റജിസ്ട്രേഷന് 3 വർഷത്തേക്ക് സാധുതയുണ്ടെന്ന തെറ്റിധാരണയിൽ പല സ്ഥാപനങ്ങളും ആ കാലാവധി കഴിയുന്നതുവരെ അന്തിമ റജിസ്ട്രേഷനായി അപേക്ഷിച്ചില്ല. ഈ ന്യൂനത പരിഹരിക്കാനാണ് ഫോം 10 എ ബിയിൽ അന്തിമ റജിസ്ട്രേഷന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയത്.
2. നിലവിൽ നികുതിനിയമത്തിന്റെ കീഴിൽ റജിസ്ട്രേഷനുള്ളതും എന്നാൽ, പുതിയ നിയമപ്രകാരം റജിസ്ട്രേഷൻ പുതുക്കുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കും ഇവ പുതുക്കുന്നതിനുള്ള അപേക്ഷ 2024 ജൂൺ 30 വരെ സമർപ്പിക്കാവുന്നതാണ്.
3. 2021 ഏപ്രിൽ 1നു മുൻപ് ആദായ നികുതി നിയമത്തിന്റെ കീഴിൽ റജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ അന്നു മുതൽ 3 മാസത്തിനുള്ളിൽ പുതിയ റജിസ്ട്രേഷനായി അപേക്ഷിക്കേണ്ടിയിരുന്നു. 
എന്നാൽ, ഇതിനു സാധിക്കാത്തതുകൊണ്ട് പുതിയ സ്ഥാപനമായി കണക്കാക്കി സോപാധിക റജിസ്ട്രേഷൻ നേടിയവർക്ക് അത് മടക്കിനൽകി (സറണ്ടർ) നിലവിലുള്ള മത, ജീവകാരുണ്യ സ്ഥാപനമായിത്തന്നെ അപേക്ഷിക്കാനും ഇപ്പോൾ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതു നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത എല്ലാവർക്കും വലിയ ആശ്വാസമാണ്.
4. റജിസ്ട്രേഷനുള്ള അപേക്ഷകൾ വൈകി സമർപ്പിച്ചവർക്കും അല്ലെങ്കിൽ അപേക്ഷയിലെ തെറ്റുമൂലം ഇത് നിരസിക്കപ്പെട്ടവർക്കും, ജൂൺ 30നകം ഫോം 10എ ബിയിൽ പുതിയ റജിസ്ട്രേഷന് അപേക്ഷിക്കാം. 

കൂടാതെ നികുതിവകുപ്പിന്റെ ഉത്തരവ് ഇതുവരെ ലഭിക്കാത്തതും തീർപ്പുകൽപ്പിക്കാത്തതുമായ അപേക്ഷകൾ സാധുവായി കണക്കാക്കുമെന്ന് സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ റജിസ്ട്രേഷന് അപേക്ഷിക്കാൻ വിട്ടുപോയ എല്ലാ സ്ഥാപനങ്ങൾക്കും നീട്ടിക്കിട്ടിയ സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ച് റജിസ്ട്രേഷൻ നേടാമെന്നുള്ളത് വലിയ ആശ്വാസമാണ്.

English Summary:

Registration is mandatory for tax deduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com