5 ലക്ഷം കോടി ബിസിനസ്: ഫെഡറൽ ബാങ്ക് എംഡി ശ്യാം ശ്രീനിവാസൻ വിട വാങ്ങുന്നു
Mail This Article
കൊച്ചി∙ 14 വർഷം കൊണ്ട് ഫെഡറൽ ബാങ്കിനെ ഇന്ത്യയിലെ എണ്ണപ്പെട്ട ബാങ്കുകളുടെ മുൻനിരയിലെത്തിച്ച് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പടിയിറങ്ങുന്നു. വായ്പയും നിക്ഷേപവുമായി സ്വകാര്യ ബാങ്കുകളിൽ രാജ്യത്ത് ആറാം സ്ഥാനത്തെത്തി ഫെഡറൽ ബാങ്ക്. ആലുവ ആസ്ഥാനമായ മലയാളി ബാങ്ക് എന്നതിൽ നിന്നുയർന്ന് എല്ലാ നാട്ടുകാരും ഇന്നു ഫെഡറൽ ബാങ്കിലൂടെ ഇടപാട് നടത്തുന്നു.
വലുപ്പത്തിലല്ലെങ്കിലും രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ബാങ്കുകളിലൊന്നാക്കി മാറ്റുക എന്നതിനായിരുന്നു ശ്യാം ശ്രീനിവാസൻ ആദ്യമേ ലക്ഷ്യമിട്ടത്. ഓഹരി വിലയിലും ഇടപാടുകാരുടെ എണ്ണത്തിലും ബിസിനസിലുമെല്ലാം അതു പ്രതിഫലിച്ചു. ബാങ്കിന്റെ വിപണി മൂല്യം അന്ന് 8000 കോടിയെങ്കിൽ ഇന്ന് അരലക്ഷം കോടി കവിഞ്ഞു.
ആകെ ബിസിനസ് 5 ലക്ഷം കോടി രൂപയിലെത്തി. 14 വർഷം മുൻപ് 63,000 കോടിയിൽ നിന്നാണ് ഈ വളർച്ച. ജീവനക്കാരുടെ എണ്ണം ഇരട്ടിയിലേറെയായി. 7500ൽ നിന്ന് 16000. ശാഖകളുടെ എണ്ണം 700ൽ നിന്ന് 1550. അതിലുപരി വിദേശ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബാങ്കായി ഫെഡറൽ. ഗൾഫ് മലയാളികൾ മാത്രമല്ല മറ്റു സംസ്ഥാനക്കാരും ഫെഡറൽ ബാങ്ക് വഴി നാട്ടിലേക്ക് പണം അയയ്ക്കുന്നു. ഇന്ത്യയിലേക്കുള്ള പണം വരവിന്റെ 8% നേരത്തേ ഉണ്ടായിരുന്നത് 20% ആയി വർധിച്ചു.
ഡിജിറ്റൽ ബാങ്കിങ്ങിൽ ആദ്യമേ മുന്നിലെത്തി. സ്വർണ പണയ വായ്പകൾ കാൽ ലക്ഷം കോടി കവിഞ്ഞു. ഓഹരി വില 204 രൂപ വരെ എത്തി. 5 വർഷം മുൻപ് 95 രൂപയായിരുന്നു. നിലവിൽ 185 രൂപ. ഫെഡറൽ ബാങ്കിന്റെ ആകെ ബിസിനസ് അടുത്ത 5 വർഷത്തിനകം 10 ലക്ഷം കോടിയിലെത്തിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടാണ് ചെന്നൈ സ്വദേശിയായ ശ്യാം ശ്രീനിവാസന്റെ വിടവാങ്ങൽ.