മെഡിക്കൽ പ്രഫഷണൽ ചോദിക്കുന്നു; വരുമാനം 60,000, ഭാവി ലക്ഷ്യങ്ങൾക്കായി എങ്ങനെ പണം കണ്ടെത്താം?
Mail This Article
28 വയസ്സുള്ള മെഡിക്കൽ പ്രഫഷണലാണ് ഞാൻ. അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ജോലിസംബന്ധമായി എറണാകുളത്തു വാടകയ്ക്കാണ് താമസം. മാസം 60,000 രൂപയാണ് കയ്യിൽ ലഭിക്കുന്ന ശമ്പളം. മൂന്നു മാസം കൂടുമ്പോൾ ഇൻസെന്റീവായി ശരാശരി 12,000 രൂപയും ലഭിക്കും. പ്രതിവർഷം 7-8% ശമ്പളവർധനവ് ഉണ്ടാകാറുണ്ട്. നിലവിൽ 3 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസുണ്ട്. അതിന്റെ പ്രീമിയം ശമ്പളത്തിൽനിന്നു പിടിക്കും.
ചെലവുകൾ
വാടക - 8250 രൂപ, ഭക്ഷണവും മറ്റു ചെലവുകളും - 10,000 രൂപ, 50 ലക്ഷത്തിന്റെ ടേം ഇൻഷുറൻസ്, മാസം 900 രൂപ, മാതാപിതാക്കളുടെ മെഡിക്ലെയിം (വർഷം) - 40,000 രൂപ, ചിട്ടി - 20,000 രൂപ (5 ലക്ഷത്തിന്റെ രണ്ടെണ്ണം. ഒന്നു പിടിച്ചു. ഇനി 22 മാസം അടവുണ്ട്).
മ്യൂച്വൽ ഫണ്ട് എസ്ഐപി - 1,500 (മാസം)
ഹോം ലോൺ - മാസം 12,000 രൂപ (ബാക്കി തുക സഹോദരനാണ് അടയ്ക്കുന്നത്). 36 ലക്ഷം രൂപ ബജറ്റുള്ള വീടിനായി 26 ലക്ഷം രൂപ, 30 വർഷത്തേക്കു വായ്പ എടുത്തിട്ടുണ്ട്. പണി 4 മാസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ ഇഎംഐ പൂർണമായി അടച്ചുതുടങ്ങണം. ഇനി പിടിക്കാനുള്ള ചിട്ടിയും വീടിന്റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നാണു കരുതുന്നത്.
ലക്ഷ്യങ്ങൾ
ഭവനവായ്പ എത്രയും വേഗം അടച്ചുതീർക്കുകയാണ് പ്രധാന ലക്ഷ്യം. മറ്റു ലക്ഷ്യങ്ങൾ താഴെ പറയുന്നു:
ഹ്രസ്വകാലം
1. എമർജൻസി ഫണ്ട്
2. വിവാഹത്തിനു പണം കണ്ടെത്തുക (ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് 4 ലക്ഷം രൂപ)
3. രണ്ടു വർഷത്തിനുള്ളിൽ ഒരു കാർ വാങ്ങുക (5-6 ലക്ഷം രൂപ)
4. വർഷത്തിൽ രണ്ടുതവണ യാത്ര പോകാനുള്ള പണം (കുറഞ്ഞത് 8000 രൂപ വീതം)
ദീർഘകാലം
1. കുട്ടികളുടെ വിദ്യാഭ്യാസത്തിനു പണം സ്വരുക്കൂട്ടുക
2. 54 വയസ്സിൽ റിട്ടയർമെന്റിനു തുക കണ്ടെത്തുക.
Answer:
ഒന്നോ രണ്ടോ കുട്ടികൾ ആയശേഷം 40–ാം വയസ്സിലോ അതിനു മുകളിലോ ആകുമ്പോൾ മാത്രം സാമ്പത്തികാസൂത്രണം ചെയ്യാം എന്നു കരുതിയിരിക്കുന്നവർക്ക് മാതൃകയാണ് താങ്കൾ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സാമ്പത്തികാസൂത്രണം എപ്പോൾ വേണമെങ്കിലും െചയ്യാം. പക്ഷേ, ഒരു വ്യക്തിയുടെ കരിയറിന്റെ തുടക്കത്തിൽതന്നെ ചെയ്താൽ ഭാവി മുന്നിൽക്കണ്ട് നേരത്തേതന്നെ ആവശ്യമായ നിക്ഷേപങ്ങൾ നടത്താനാകും. വലിയ ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഇല്ലാത്ത ഈ സമയത്ത് കൂടുതൽ തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കാനാകും. അതുകൊണ്ടു ലക്ഷ്യങ്ങൾക്കെല്ലാമുള്ള തുക ബുദ്ധിമുട്ടില്ലാതെ സമാഹരിക്കാം എന്നതാണു നേരത്തേ സാമ്പത്തികാസൂത്രണം ചെയ്യുന്നതിന്റെ ഗുണം.
ഇവിടെ താങ്കൾ ചെറിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഒപ്പം ടേം പോളിസിയും മെഡിക്ലെയിമുകളും എടുത്തത് താങ്കളെ ആശ്രയിച്ചു ജീവിക്കുന്നവർക്കു ഭാവിയിൽ മികച്ച കരുതൽ നൽകാൻ സഹായിക്കും. താങ്കൾക്ക് രണ്ടു രീതിയിലാണ് വരുമാനം ലഭിക്കുന്നത്. മാസ ശമ്പളമായി 60,000 രൂപയും മൂന്നു മാസം കൂടുമ്പോൾ ഇൻസെന്റീവായി 12,000 രൂപയും. ഇൻസെന്റീവിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. അതുകൊണ്ടുതന്നെ ഈ തുക പ്രത്യേകമായി നിക്ഷേപിക്കുന്നതാവും അഭികാമ്യം.
ചെലവുകൾ ഇങ്ങനെ
വീട്ടുവാടക, ഭക്ഷണം, ഇൻഷുറൻസ് എന്നിവയ്ക്കെല്ലാംകൂടി 22,500 രൂപ മാസം നീക്കിവയ്ക്കണം. ചിട്ടി അടവ് 20,000 രൂപ വരും. ഭവനവായ്പാ തിരിച്ചടവിലേക്ക് ഇനി മാസം ഏകദേശം 20,000 രൂപയും നീക്കിവയ്ക്കേണ്ടിവന്നേക്കാം. കത്തിൽ വായ്പാ പലിശ പറയാത്തതിനാൽ 8.5% നിരക്കിൽ 30 വർഷത്തേക്കാണ് ഇഎംഐ കണ്ടുപിടിച്ചിരിക്കുന്നത്. മുഴുവൻ ഇഎംഐ അടവ് തുടങ്ങിയിട്ടില്ലെങ്കിലും നിശ്ചിത തുക ഇപ്പോഴും അടയ്ക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ തുക താങ്കളും സഹോദരനും േചർന്ന് വായ്പയിലേക്ക് അടച്ചുവരുന്നു. ഭാവിയിലും ഇതേ രീതിയിലാവും അടവ് എന്നാണ് അനുമാനിക്കുന്നത്. ഇനി പിടിക്കാനുള്ള അഞ്ചു ലക്ഷത്തിന്റെ ചിട്ടികൂടി വീടു നിർമാണത്തിന് ഉപയോഗിക്കും എന്നു സൂചിപ്പിച്ചിട്ടുണ്ട്. അതായത് നിലവിൽ കയ്യിൽ നിക്ഷേപമായി ഒന്നുംതന്നെ ഉണ്ടാവുകയില്ല എന്നാണു മനസ്സിലാക്കുന്നത്.
തുടങ്ങണം പുതിയ നിക്ഷേപങ്ങൾ
ഇനി പുതിയ നിക്ഷേപങ്ങൾ തുടങ്ങിയാൽ മാത്രമേ ഭാവിലക്ഷ്യങ്ങൾക്ക് തുക സമാഹരിക്കാനാവൂ. ഒപ്പം വീടിന്റെ വായ്പാ ബാധ്യതകൂടി വേഗത്തിൽ തീർക്കുകയും വേണം. സഹോദരൻകൂടി സഹായിക്കുന്നതിനാൽ തിരിച്ചടവ് വേഗത്തിലാക്കാം എന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ സഹോദരൻ എത്ര തുക അടയ്ക്കുമെന്നോ അദ്ദേഹത്തിന്റെ വരുമാനമോ നൽകാത്തതുകൊണ്ട് ചെറിയ ഒരു ആശയക്കുഴപ്പമുണ്ട്. അതിനാൽ താങ്കളുടെ മാത്രം വരുമാനംവച്ച് എങ്ങനെ ബാധ്യതകൾ തീർക്കാനാകും എന്നാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.
വായ്പയുടെ വിവരങ്ങൾ പൂർണമല്ലാത്തതിനാൽ ആകെ വായ്പയായ 26 ലക്ഷം രൂപ 30 വർഷം കൊണ്ട് അടച്ചുതീർക്കാവുന്ന രീതിയിലാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. ഇതേ രീതിയിൽതന്നെ മുന്നോട്ടുകൊണ്ടുപോയാൽ ഈ കാലയളവുകൊണ്ടു 46 ലക്ഷം രൂപയോളം പലിശയായി മാത്രം അടയ്ക്കണം. കൂടാതെ താങ്കൾ ഉദ്ദേശിക്കുന്ന റിട്ടയർമെന്റ് പ്രായവും കഴിഞ്ഞ് 4 വർഷംകൂടി ഈ വായ്പ അടയ്ക്കേണ്ടതായിവരും. അതുകൊണ്ടു കൂടുതൽ തുക മുതലിലേക്ക് അടച്ച് എത്രയും വേഗം വായ്പ തീർക്കാൻ ശ്രമിക്കുക. വായ്പ തിരിച്ചടവ് മറ്റു ജീവിതലക്ഷ്യങ്ങളെ ബാധിക്കാനും പാടില്ല.
ഇൻസെന്റീവ് വായ്പയിൽ അടയ്ക്കുക
ഇപ്പോൾ മൂന്നു മാസം കൂടുമ്പോൾ കിട്ടുന്ന 12,000 രൂപ ഇൻസെന്റീവ് വായ്പ തിരിച്ചടവിന് വിനിയോഗിക്കാം. അതായത്, ഒരു വർഷം 48,000 രൂപ വീതം അധികമായി മുതലിലേക്കു തിരിച്ചടയ്ക്കാം. ഇത്തരത്തിൽ എല്ലാ വർഷവും അടച്ചാൽ 17 വർഷംകൊണ്ടു വായ്പ പൂർണമായും തീർക്കാം. അതുവഴി പലിശയിനത്തിലെ അടവ് ഏകദേശം പകുതിയായി കുറയുമെന്നതാണു ശ്രദ്ധേയം. ഇൻസെന്റീവ് കൂടുതലായി കിട്ടിയാൽ ആ തുകയും വായ്പ തിരിച്ചടവിലേക്ക് ഉപയോഗിക്കുക. അതുപോലെ ഭാവിയിൽ വരുമാനം ഉയരുന്ന സന്ദർഭത്തിലും സാധിക്കുമെങ്കിൽ അധിക തുക അടയ്ക്കുന്നത് വായ്പ എത്രയും പെട്ടെന്നു തീരുന്നതിനു സഹായിക്കും.
ഇനി മറ്റു ജീവിതലക്ഷ്യങ്ങൾക്കുള്ള തുക എങ്ങനെ സമാഹരിക്കാം എന്നു നോക്കാം. ഇപ്പോഴത്തെ മാസവരുമാനമായ 60,000 രൂപയിൽനിന്ന് ചെലവുകൾക്കുള്ള തുക, ഇൻഷുറൻസ്, വായ്പ തിരിച്ചടവു തുക എന്നിവയടക്കം ആകെ 26,233 രൂപയാണ് ഒരു മാസം വരിക.
വിവാഹം, വാഹനം എന്നിവയ്ക്ക്
നാലു മാസം കഴിഞ്ഞ് വീടുപണി പൂർത്തിയായാൽ വാടകയിനത്തിൽ അടയ്ക്കുന്ന 8,250 വേണ്ടിവരില്ല. അതിനാൽ ഈ തുകയില്ലാതെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കൂടാതെ ചിട്ടിയിൽ 22 മാസത്തേക്ക് 20,000 രൂപ അടവുകൂടിയുണ്ട്. ഒരു ചിട്ടി പിടിക്കുകയും മറ്റൊന്ന് ഉടനെ പിടിക്കാൻ പോകുന്നതുകൊണ്ടും ഇതിന്റെ ഗഡുക്കൾ ബാധ്യതയായി കണക്കാക്കണം. ആകെ ചെലവിന്റെ കൂടെ ചിട്ടിയടവുംകൂടി കുറച്ചാൽ 13,700 രൂപയാവും മിച്ചം ഉണ്ടാവുക. ഈ തുകയിൽനിന്നു േവണം ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ.
താങ്കളുടെ വിവാഹം, കാർ വാങ്ങൽ തുടങ്ങിയ ഹ്രസ്വകാല ജീവിതലക്ഷ്യങ്ങൾക്ക് യഥാക്രമം 4 ലക്ഷം, 6 ലക്ഷം രൂപ വീതം വേണം. ഇവയ്ക്കുള്ള തുക പെട്ടെന്നു കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. കയ്യിലുള്ള തുക പൂർണമായും വീടുപണിക്ക് ഉപയോഗിച്ചതിനാൽ പുതിയ നിക്ഷേപത്തിൽനിന്നു തുക കണ്ടെത്തേണ്ടിവരും. ഇപ്പോൾ മിച്ചം പിടിക്കുന്ന തുക മുഴുവനായി ഒരു റിക്കറിങ് ഡിപ്പോസിറ്റായി നിക്ഷേപിച്ചാൽ ഏകദേശം 1,75,000 രൂപ ഒരു വർഷംകൊണ്ടു സമാഹരിക്കാനാകും. ബാക്കി തുകയ്ക്ക് പഴ്സനൽ ലോൺ എടുക്കാം. ഇതിന്റെ പലിശ 14% വരെ ആയേക്കാം. അഞ്ചു വർഷത്തേക്കാണ് വായ്പ എടുക്കുന്നതെങ്കിൽ മാസം 5,300 രൂപ അടയ്ക്കേണ്ടിവരും. നിലവിലെ ചിട്ടിയടവ് 2026 ജനുവരിയോടെ തീരും. തുടർന്ന് 9 മാസം ഈ തുകകൂടി മാറ്റിവച്ചാൽ 2026 നവംബറോടെ പഴ്സനൽ ലോൺ തീർക്കാനാകും.
അടുത്ത രണ്ടു വർഷംകൊണ്ടു 6 ലക്ഷം രൂപയുടെ കാർ വാങ്ങണമെങ്കിൽ വീണ്ടും വായ്പയെ ആശ്രയിക്കേണ്ടിവരും. രണ്ടോ മൂന്നോ വർഷംകൊണ്ട് ഈ വായ്പ തീർക്കാൻ സാധിക്കും. എന്നാൽ ഒരു നാലു വർഷത്തിനു ശേഷമാണെങ്കിൽ ബാധ്യതകളില്ലാതെതന്നെ കാർ എന്ന ലക്ഷ്യത്തിനുള്ള തുക സമാഹരിക്കാനാകും. 6% പണപ്പെരുപ്പം കണക്കാക്കിയാൽ ഇന്ന് 6 ലക്ഷം രൂപയുടെ കാറിന് അന്ന് 7,60,000 രൂപ േവണ്ടിവരും.
അടുത്ത ഒരു വർഷത്തിൽ വിവാഹത്തിനുള്ള തുക സമാഹരിച്ചശേഷം എടുക്കുന്ന പഴ്സനൽ ലോണിന്റെ ഇഎംഐ കഴിച്ചശേഷം ബാക്കിവരുന്ന 8,700 രൂപ കാറു വാങ്ങാനായി അടുത്ത മൂന്നു വർഷം വിനിയോഗിക്കാം. ഈ നിക്ഷേപത്തിന് 6% വളർച്ച ലഭിച്ചാൽ 3,43,000 രൂപ സമാഹരിക്കാനാകും. വിവാഹത്തിന്റെ ലോൺ അടച്ചുതീർത്താൽ 16 മാസം 25,000 രൂപ വീതം ഈ ലക്ഷ്യത്തിനായി നിക്ഷേപിക്കാം. അതു വഴി 4,17,000 രൂപ സമാഹരിക്കാനാകും. ഇത്തരത്തിൽ നാലു വർഷത്തിനുള്ളിൽ 6,00,000 രൂപ (3,43,000 + 4,17,000) സമാഹരിക്കാനാകും. അടുത്ത നാലു വർഷക്കാലം മറ്റ് ആവശ്യങ്ങൾക്കുള്ള തുക സമാഹരിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും എന്ന കാര്യം ഓർക്കുക.
റിട്ടയർമെന്റ് ഫണ്ട് 3.15 കോടി
മറ്റൊരു പ്രധാന ലക്ഷ്യം റിട്ടയർമെന്റ് ജീവിതത്തിനുള്ള തുകയാണ്. ഇന്നത്തെ 25,000 രൂപയ്ക്കു തുല്യമായി അന്ന് എത്ര രൂപ വേണമെന്ന് ആദ്യം കണക്കാക്കണം. അതനുസരിച്ചാണ് റിട്ടയർമെന്റ് ഫണ്ടിനായി എത്ര തുക സമാഹരിക്കണം എന്നു കണക്കാക്കാൻ. താങ്കൾ 54 വയസ്സുവരെ ജോലിചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതായത് ഇനി ജോലി ചെയ്യുന്നത് 26 വർഷമാണ്. അതിനു ശേഷം 80 വയസ്സുവരെ ജീവിക്കുന്നതിനാവശ്യമായ തുക കണ്ടെത്തേണ്ടതായിട്ടുവരും. അതായത് ഇനി ജോലിചെയ്യുന്ന അത്രയുമോ അതിലധികമോ കാലയളവ് വിരമിച്ചശേഷവും ഉണ്ടാകും എന്നു സാരം. ഇന്നത്തെ 25,000 രൂപയ്ക്ക് 6% പണപ്പെരുപ്പം കണക്കാക്കിയാൽ 26 വർഷത്തിനുശേഷം 1,13,735 രൂപ ഒരു മാസം േവണ്ടിവരും. വിരമിച്ചശേഷം ഈ തുക മാസം ലഭിക്കണമെങ്കിൽ റിട്ടയർമെന്റ് സമയമാകുമ്പോഴേക്കും 3.15 കോടി രൂപ സമാഹരിക്കണം. അടുത്ത നാലു വർഷം മറ്റു ലക്ഷ്യങ്ങൾക്കുവേണ്ടി തുക മാറ്റുന്നതിനാൽ റിട്ടയർമെന്റിനുള്ള തുകയ്ക്കായി നിക്ഷേപിക്കാൻ 22 വർഷമേ ലഭിക്കുകയുള്ളൂ.
മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണം
കാർ വാങ്ങാനുള്ള തുക സമാഹരിച്ചശേഷം റിട്ടയർമെന്റ് ഫണ്ടിലേക്കു മാസം 27,000 രൂപ വീതം നിക്ഷേപിക്കാം. ഭാവിയിൽ ഉണ്ടാകാനിടയുള്ള ശമ്പളവർധനവ് ഇവിടെ പരിഗണിച്ചിട്ടില്ല. അതോടൊപ്പംതന്നെ വിവാഹശേഷം താങ്കളുടെ സാമ്പത്തികകാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടുകൊണ്ടുപോകാൻ ശ്രദ്ധിക്കുക.
നിലവിൽ താങ്കൾക്ക് െഹൽത്ത് ഇൻഷുറൻസ് പരിരക്ഷ കമ്പനി നൽകുന്നുണ്ടല്ലോ. എങ്കിലും 2 ലക്ഷം രൂപയുടെ പരിരക്ഷ സ്വന്തമായി എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ബാധ്യതകളും ജീവിതലക്ഷ്യങ്ങളും പരിഗണിക്കുമ്പോൾ നിലവിൽ 50 ലക്ഷം രൂപയുടെ പരിരക്ഷ മതിയാകും. എന്നാൽ ഭാവിയിൽ കൂടുതൽ പേർ താങ്കളുടെ വരുമാനത്തെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ ഈ പരിരക്ഷ വർധിപ്പിക്കുകയും വേണം.