താമസിക്കാൻ വീടോ ഫ്ലാറ്റോ നല്ലത്?: റെറ ചെയര്‍മാന്‍ പറയാനുള്ളത്
Mail This Article
ഒറ്റ വീടുകളെക്കാള്‍ ഫ്ലാറ്റുകളില്‍ താമസിക്കുക എന്നത് ഇപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അത്രയങ്ങോട്ടു സ്വീകര്യമായിട്ടില്ലെന്നു വിലയിരുത്തി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ - റെറ-RERA) ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍. മലയാള മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം നിലവിലെ സാഹചര്യം വിശദീകരിച്ചത്. നിര്‍മാണ ചെലവ്, സുരക്ഷ, കമ്യുണിറ്റി ലിവിങ് ഉൾപ്പടെ പല കാരണങ്ങള്‍ക്കൊണ്ടും ഫ്ലാറ്റുകളുടെ നേട്ടത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. പക്ഷെ ഫ്ലാറ്റിലെ താമസം അഭിലഷണീയമാണെന്നു ജനങ്ങള്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഒരു മനസ് മാറ്റമുണ്ടാകാന്‍ നിയമങ്ങളില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ കൊണ്ടു വരികയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. കാരണങ്ങള്‍ പറഞ്ഞു മനസിലാക്കുകയും വേണം.
വീടുണ്ടാക്കാൻ ചെലവേറും
ഒറ്റ വീടുകള്‍ നോക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദമാണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അങ്ങനെയല്ല. ഒരു വീടുണ്ടാക്കാന്‍ ഫ്ലാറ്റ് നിര്‍മാണത്തെക്കാള്‍ 40 ശതമാനം വരെ അധിക അസംസ്കൃത വസ്തുക്കളുടെ ഉപയോഗമുണ്ടാകും. താമസിക്കുന്നവരുടെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലും ഫ്ലാറ്റുകളാണ് ഉത്തമം. വൃദ്ധരായ മാതാപിതാക്കള്‍ താമസിക്കുന്ന വീടുകളാണെങ്കില്‍ എന്തുകൊണ്ടും ഫ്ലാറ്റുകളില്‍ താമസിക്കുന്നതാണ് സുരക്ഷിതത്വം. മാലിന്യ സംസ്കരണം, വൈദ്യുതി വിതരണം, കുഞ്ഞുങ്ങളുടെ തുടങ്ങി പല കാര്യങ്ങളിലും കൂട്ടമായ താമസം അഭിലഷണീയമാണ്.
കൂട്ടായ താമസം
കൃഷി ചെയ്തു ജീവിക്കുന്നവര്‍ക്ക് ഒറ്റ വീടുകള്‍ ഉത്തമമാണ്. എന്നാല്‍ മണ്ണില്‍ കൃഷി ചെയ്യുന്നില്ലാത്ത സാഹചര്യത്തില്‍ പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ഫ്ലാറ്റുകളാകും ലാഭകരം. അമ്പതു വര്‍ഷമോ നൂറു വര്‍ഷമോ കൊണ്ടു കൂട്ടായ താമസമെന്ന സങ്കല്‍പം നടപ്പാക്കാന്‍ സാധിക്കണം. ഇതോടെ ഭൂമിയുടെ ദൗര്‍ലഭ്യത പരിഹരിക്കാനാകും. ആള്‍വാസം ഒരിടത്തേയ്ക്കു കേന്ദ്രീകരിക്കപ്പെടുന്നതോടെ മറ്റു സ്ഥലങ്ങളില്‍ ഫാക്ടറികള്‍ പോലെയുള്ളവ സ്ഥാപിക്കാനും സാധിക്കും. തമിഴ്നാട്ടിലും മറ്റും ആളുകള്‍ താമസിക്കുന്നത് ഒരു സ്ഥലത്തും ഫാക്ടറികളോ ക്വാറികളോ മറ്റൊരിടത്തുമാണ് എന്നതിനാലാണ് പരാതികളില്ലാത്തത്. എന്നാല്‍ കേരളത്തില്‍ അതല്ല സാഹചര്യം. ഇതു മനസിലാക്കി കൂട്ടായ താമസം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.