ADVERTISEMENT

മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് (എസ്ഐപി/SIP) സ്വീകാര്യത കുതിച്ചുയരുന്നു. ജൂലൈയിൽ എസ്ഐപി വഴി മ്യൂച്വൽഫണ്ടുകളിലേക്ക് ഒഴുകിയത് 23,333.75 കോടി രൂപയാണെന്നും ഇത് സർവകാല റെക്കോർഡാണെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി/Amfi) വ്യക്തമാക്കി.

പ്രതിമാസ എസ്ഐപി നിക്ഷേപം 23,000 കോടി രൂപ ഭേദിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ജൂണിൽ എത്തിയത് 21,262.22 കോടി രൂപയായിരുന്നു. മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണവും ജൂണിലെ 8.98 കോടിയിൽ നിന്നുയർന്ന് ജൂലൈയിൽ എക്കാലത്തെയും ഉയരമായ 9.33 കോടിയിലെത്തി.

Photo:istockphoto/lakshmiprasad s
Photo:istockphoto/lakshmiprasad s

മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം എസ്ഐപി ആസ്തി (total SIP AUM) 13.09 ലക്ഷം കോടി രൂപയായി. ഇതും റെക്കോർഡാണ്. ജൂണിൽ 12.43 ലക്ഷം കോടി രൂപയായിരുന്നു. ജൂലൈയിൽ മാത്രം പുതുതായി 72.61 ലക്ഷം എസ്ഐപികൾ രജിസ്റ്റർ ചെയ്തു. ആഴ്ച, മാസം, ത്രൈമാസം എന്നിങ്ങനെ തവണവ്യവസ്ഥയിൽ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന സൗകര്യമാണ് എസ്ഐപി. കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപിക്കാനുള്ള അവസരം മ്യൂച്വൽഫണ്ടുകൾ നൽകുന്നുണ്ട്. ഇതും താരതമ്യേന മെച്ചപ്പെട്ട റിട്ടേണുകളുമാണ് കൂടുതൽ പേരെ എസ്ഐപിയിലേക്കും മ്യൂച്വൽഫണ്ടുകളിലേക്കും ആകർഷിക്കുന്നത്.

ഓഹരി മ്യൂച്വൽഫണ്ടിന് ക്ഷീണം, ഡെറ്റിന് തിരിച്ചുകയറ്റം
 

ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകളിലേക്കുള്ള (ഇക്വിറ്റി മ്യൂച്വൽഫണ്ട്) നിക്ഷേപം ജൂലൈയിൽ 9 ശതമാനം ഇടിഞ്ഞെന്ന് ആംഫി വ്യക്തമാക്കി. ജൂണിലെ 40,608 കോടി രൂപയിൽ നിന്ന് 37,113 കോടി രൂപയായാണ് ഇടിവ്. പ്രത്യേക മേഖലകളിലെ തിരഞ്ഞെടുത്ത ഓഹരികളിൽ നിക്ഷേപിക്കുന്ന സെക്ടറൽ/തീമാറ്റിക് ഫണ്ടുകളിലേക്കുള്ള നിക്ഷേപം 18 ശതമാനം ഇടിഞ്ഞു. അതേസമയം ജൂണിൽ 1.07 ലക്ഷം കോടി രൂപയുടെ നിക്ഷേപ നഷ്ടം നേരിട്ട ഡെറ്റ് ഫണ്ടുകൾ (കടപ്പത്ര അധിഷ്ഠിതമായ മ്യൂച്വൽഫണ്ട്) ജൂലൈയിൽ 1.19 ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി മികച്ച തിരിച്ചുവരവ് നടത്തി.

Source:istockphoto/Nuthawut Somsuk
Source:istockphoto/Nuthawut Somsuk

മൾട്ടികാപ്പും ലിക്വിഡ് ഫണ്ടും
 

ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിൽ കഴിഞ്ഞമാസം കൂടുതൽ നിക്ഷേപം നേടിയത് സെക്ടറൽ/തീമാറ്റിക് ഫണ്ടുകളാണ് (18,386 കോടി രൂപ). 7,084 കോടി രൂപ നേടി മൾട്ടികാപ്പ് ഫണ്ടുകളാണ് രണ്ടാമത്. ഫോക്കസ്ഡ് ഫണ്ടുകളും (-620.24 കോടി രൂപ) ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകളും (ELSS/-637.63 കോടി രൂപ) നിക്ഷേപ നഷ്ടം നേരിട്ടു. ഡെറ്റ് മ്യൂച്വൽഫണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപം നേടിയത് ലിക്വിഡ് ഫണ്ടുകളാണ് (70,060.88 കോടി രൂപ). 28,738.03 കോടി രൂപ നേടി മണി മാർക്കറ്റ് ഫണ്ടുകളാണ് രണ്ടാമത്.

ഇടിഎഫുകൾക്ക് പ്രിയം
 

മ്യൂച്വൽഫണ്ടുകളിലെ ഇക്വിറ്റി, ഡെറ്റ് ഇതര വിഭാഗമായ ഇൻഡെക്സ് ഫണ്ട്സ്, ഇടിഎഫ് എന്നിവയ്ക്കും പ്രിയമുണ്ട്. ഇവയിലേക്കുള്ള മൊത്തം നിക്ഷേപം കഴിഞ്ഞമാസം ഒരു ശതമാനം ഉയർന്ന് 14,777 കോടി രൂപയായി. ജൂണിൽ 14,601 കോടി രൂപയായിരുന്നു. 

source:istockphoto/jroballo
source:istockphoto/jroballo

ഇൻഡെക്സ് ഫണ്ട്സ് നിക്ഷേപം 5,071 കോടി രൂപയിൽ നിന്ന് 8,019.70 കോടി രൂപയായി മെച്ചപ്പെട്ടു. ഗോൾഡ് ഇടിഎഫ് 1,337 കോടി രൂപയും മറ്റ് ഇടിഎഫ് ഫണ്ടുകൾ 5,787 കോടി രൂപയും നേടി. മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി (AAUM) ജൂലൈയിൽ 64.70 ലക്ഷം കോടി രൂപയായി ഉയർന്നു. ജൂണിൽ ഇത് 61.33 ലക്ഷം കോടി രൂപയായിരുന്നു.

English Summary:

Historic High: Monthly SIP Deposits Surpass Rs 23,000 Crore in July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com