സമ്പത്ത് കൂടിയാൽ സന്തോഷവും കൂടുമോ? ഇതാ പുത്തൻ പഠനം
Mail This Article
കാശുണ്ടായാലും കാര്യമൊന്നുമില്ലെന്നേ... സന്തോഷമാണ് വലുത്... സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിൽ കടന്നുവരുന്ന സ്ഥിരം വാചകമാണിത്. ഇത് ശരിയാണോ? പണമുണ്ടായാൽ സന്തോഷം ഉണ്ടാകില്ലേ? പാവപ്പെട്ടവരാണോ, പണക്കാരാണോ കൂടുതൽ സന്തോഷവാന്മാർ? പണം കൂടിയാൽ സന്തോഷം കൂടുമോ? എന്നാൽ ചിലരുടെ സന്തോഷത്തിന്റെ രഹസ്യമറിയണമെങ്കിൽ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ മതിയെന്ന രഹസ്യം ഇപ്പോൾ പുറത്തായിരിക്കുകയാണ്! കൈ നിറയെ കാശുണ്ടെങ്കിൽ സന്തോഷവും, സമാധാനവും, സംതൃപ്തിയും കൂടുമെന്ന് ചുരുക്കം. ബാങ്ക്അക്കൗണ്ടിന് 'കനമുണ്ടെങ്കിൽ' സന്തോഷം കുന്നുകൂടുമെന്ന അഭിപ്രായം പലർക്കും ദഹിക്കില്ലെങ്കിലും, ഗവേഷകർ ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇപ്പോൾ അത് തെളിയിച്ചിരിക്കുന്നു. കോടീശ്വരന്മാർ സമ്പന്നരെക്കാൾ സന്തോഷവാന്മാരെണെന്ന് ഈ പഠനം അടിവരയിടുന്നു. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിലെ പ്രൊഫസറായ മാത്യു കില്ലിങ്സ് വർത്താണ് ഈ പഠനം നടത്തിയിരിക്കുന്നത്. "നിങ്ങളുടെ പക്കൽ കൂടുതൽ പണമുണ്ടെങ്കിൽ, നിങ്ങൾ സന്തുഷ്ടരാണെന്നാണ്" എന്ന് പഠനം സൂചിപ്പിക്കുന്നു.
ഉയർന്ന വരുമാനം, കൂടുതൽ സന്തോഷം
ഏകദേശം 75,000 ഡോളർ വാർഷിക വരുമാനം ഉള്ളവർ സന്തോഷവാന്മാരാണെന്ന് മുൻ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ അതിനു മുകളിൽ ശമ്പളമുണ്ടെങ്കിലോ? കഴിഞ്ഞ വർഷത്തെ ഗവേഷണത്തിൽ, ഉയർന്ന വരുമാനത്തിനൊപ്പം സന്തോഷം മെച്ചപ്പെടുമെന്നായിരുന്നു കണ്ടെത്തൽ. ഇപ്പോൾ കില്ലിങ്സ് വർത്ത്, അതിസമ്പന്നർക്ക് അല്ലെങ്കിൽ 30 ലക്ഷം ഡോളർ മുതൽ 70.9 ലക്ഷം ഡോളർ വരെ ആസ്തിയുള്ളവർക്ക് സന്തോഷം ഇതിലും ഉയർന്ന തലത്തിലാണെന്ന് കണ്ടെത്തി. അവരുടെ ജീവിത സംതൃപ്തി കേവലം ആറ് അക്ക വരുമാനമുള്ള ആളുകളെക്കാൾ വളരെ കൂടുതലാണ് എന്ന വ്യക്തമായ ഫലങ്ങളാണ് ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 75,000 ഡോളർ വരെ വാർഷിക വരുമാനമുള്ളവർക്ക് സന്തോഷമുണ്ടാകുമെന്ന മുൻ ഗവേഷണ ഫലങ്ങളെ പൊളിച്ചെഴുതുന്നതാണ് പുതിയ ഗവേഷണ ഫലം. ഒരാളുടെ ബാങ്ക് അക്കൗണ്ടിനൊപ്പം സന്തോഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇതിന്റെ സൂചന.
മനഃശാസ്ത്രപരം
കൂടുതൽ പണമുണ്ടായാൽ കൂടുതൽ സാധനങ്ങൾ വാങ്ങി കൂട്ടിയല്ല സന്തോഷമുണ്ടാകുന്നത് എന്നും കില്ലിങ്സ് വർത്തിന്റെ പഠനത്തിലുണ്ട്. പണം കൂടുന്നതോടെ മനഃശാസ്ത്രപരമായ സംതൃപ്തി ആണ് സന്തോഷം കൂട്ടുന്നത് എന്ന് പഠനം പറയുന്നു. അതുകൊണ്ടുതന്നെ താഴ്ന്ന വരുമാനക്കാർ ഒട്ടും സന്തോഷം ഉള്ളവരല്ലെന്നും, ഉയർന്ന വരുമാനക്കാർ നല്ല സന്തോഷമുള്ളവരാണെന്നും വിവിധ റേറ്റിങ്ങുകളിലൂടെ പഠനത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തി. എന്നാൽ ഉയർന്ന വരുമാനക്കാർക്കും മാനസിക സമ്മർദ്ദം ഉണ്ടെന്നും പഠനത്തിലുണ്ട്. അതുപോലെ "വരുമാനം കുറഞ്ഞ ആൾക്ക് സന്തോഷം ഉണ്ടാകാൻ സാധ്യതയില്ലേ എന്ന ചോദ്യത്തിന് അത് തീർച്ചയായും സാധിക്കും " എന്ന മറുപടിയാണ് അദ്ദേഹം പറയുന്നത്. മറ്റ് പ്രശ്‌നങ്ങൾ അവഗണിച്ച് പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതിനേക്കാൾ കൂടുതൽ ദോഷം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങൾ സന്തോഷം നൽകുമെന്ന കാര്യവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
ഇന്ത്യയിലും സത്യം
കൂടുതൽ പണം കൂടുതൽ സന്തോഷം കൊണ്ടുവരുമെന്ന ഈ പഠനം അമേരിക്കക്കാർക്ക് മാത്രം ഉള്ളതാണോ? ഇന്ത്യയിലും അത്തരം പഠനങ്ങൾ നടന്നാൽ മാത്രമേ ഒരു വർഷം എത്ര പണമുണ്ടാക്കിയാൽ സന്തോഷം ലഭിക്കും അല്ലെങ്കിൽ സന്തോഷം കൂടും എന്ന കാര്യം മനസിലാകുകയുള്ളൂ. പണം ചെലവാക്കിയാൽ സമയം ലാഭിക്കാം എന്ന കാര്യം ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കലുകളുണ്ട്. പണമുണ്ടെങ്കിൽ ഫുഡ് ഡെലിവറി സേവനങ്ങളായ സൊമാറ്റോ, സ്വിഗ്ഗി, അർബൻ കമ്പനി പോലുള്ള ഹോം ഇംപ്രൂവ്‌മെന്റ് സേവനങ്ങൾ, ബ്ലിങ്കിറ്റ്, ബിഗ് ബാസ്‌ക്കറ്റ് പോലുള്ള ഗ്രോസറി ഷോപ്പിങ് ആപ്പുകൾ എന്നിവ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതിൽ ഇന്ത്യക്കാർ മടിക്കുന്നില്ല എന്നതിൽ നിന്ന് പണമുണ്ടെങ്കിൽ ഇന്ത്യയിലും സന്തോഷം തന്നെ എന്ന കാര്യം വ്യക്തമാണ്.