‘ധവാനെ കൊണ്ടുവരാനുള്ള ഗാംഗുലിയുടെ ശ്രമങ്ങൾ പോണ്ടിങ് തടഞ്ഞു, പിന്നിൽ വാർണർ; കിരീടം നേടാനുള്ള തന്ത്രങ്ങളില്ല, ടീം വിട്ടു’
Mail This Article
ഡൽഹി∙ ഇന്ത്യൻ താരം ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദിൽനിന്ന് ഡൽഹി ക്യാപിറ്റൽസിൽ എത്തിക്കാനുള്ള സൗരവ് ഗാംഗുലിയുടെ നീക്കങ്ങളെ, മുൻ ഓസീസ് താരം കൂടിയായ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് തടയാൻ ശ്രമിച്ചതായി മുഹമ്മദ് കൈഫിന്റെ വെളിപ്പെടുത്തൽ. ധവാന്റെ കാലം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അന്ന് ഹൈദരാബാദ് ടീമിൽ അംഗമായിരുന്ന ഡേവിഡ് വാർണറുടെ ഇടപെടലാകാം ഇതിനു പിന്നിലെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഗാംഗുലിയും ടീം ഉടമകളും ഉറച്ചുനിന്നതോടെ ഡൽഹിയിലെത്തിയ ധവാൻ, തുടർന്നുള്ള സീസണുകളിൽ അവരുടെ പ്രധാന താരമായി മാറിയിരുന്നു. ഒരു സീസണിൽ ഡൽഹിയെ ഫൈനലിൽ എത്തിക്കുകയും ചെയ്തു.
ഡൽഹി ക്യാപിറ്റൽസിലുണ്ടായിരുന്ന കാലത്ത് കുറച്ചുകൂടി നന്നായി പ്രവർത്തിച്ചാൽ കിരീടം നേടാമായിരുന്നുവെന്ന് പോണ്ടിങ്ങിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഇപ്പോൾ പഞ്ചാബ് കിങ്സ് പരിശീലകനായ പോണ്ടിങ്, അവിടെ മുൻ പരിശീലകർക്കു സംഭവിച്ച അതേ പിഴവുകളാണ് ആവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അർഷ്ദീപ് സിങ്, കഗീസോ റബാദ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയവരെ ടീമിൽ നിലനിർത്താതെ ലേലത്തിനു വിട്ട സാഹചര്യത്തിലാണ് കൈഫിന്റെ വിമർശനം.
‘‘കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് പോണ്ടിങ് തന്നെ സമ്മതിക്കുമെന്ന് തീർച്ച. ഗാംഗുലിയും ഞാനുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയെടുത്ത ഡൽഹി ക്യാപിറ്റൽസിൽ ആരെ പുറത്തിരുത്തുമെന്ന് അറിയാതെ ഞങ്ങൾ തലപുകച്ച ദിവസങ്ങളുണ്ട്. അജിൻക്യ രഹാനെ, ആർ.അശ്വിൻ, ഇഷാന്ത് ശർമ... എന്തിനേറെ, ഹെറ്റ്മെയറിനു പോലും കളിക്കാൻ ഇടമില്ലാത്ത വിധം ശക്തമായിരുന്നു ടീം. അങ്ങനെയാണ് ഞങ്ങൾ ലേലത്തിൽ പങ്കെടുക്കുന്നത്. ലേലത്തിൽ ഇന്ത്യൻ താരങ്ങള്‍ക്ക് പ്രാധാന്യം നൽകണമെന്ന് ഗാംഗുലി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അദ്ദേഹത്തെ സമ്മതിച്ചേ പറ്റൂ. ഗാംഗുലി തന്നെ മുൻകയ്യെടുത്ത് ശിഖർ ധവാനോടു സംസാരിച്ചു. അങ്ങനെയാണ് സൺറൈസേഴ്സ് ഹൈദരാബാദിൽനിന്ന് ശിഖർ ധവാനെ ട്രേഡിങ്ങിലൂടെ ടീമിലെത്തിക്കുന്നത്.
‘‘ധവാനെ ടീമിലെത്തിക്കുന്ന കാര്യത്തിൽ ആദ്യ ഘട്ടത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ധവാൻ വേണമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയത് ഗാംഗുലിയാണ്. പോണ്ടിങ്ങ് ഒരുതരത്തിലും ഇതിനോട് യോജിച്ചിരുന്നില്ല. ധവാന്റെ കരിയർ കഴിഞ്ഞുവെന്ന നിലപാടിലായിരുന്നു അദ്ദേഹം. ധവാൻ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായ സമയത്താണ് ഈ ട്രേഡിങ് ചർച്ചകൾ നടക്കുന്നത്. ഒരു സീസണിൽ ശരാശരി 500 റൺസ് നേടുന്ന താരമാണ് ധവാൻ എന്ന കാര്യം ടീം മീറ്റിങ്ങിൽ ചർച്ചയായി.
‘‘ഈ സമയത്ത് ഡേവിഡ് വാർണർ ഹൈദരാബാദ് ടീമിൽ ഉണ്ടായിരുന്നു. ധവാനെ ഡൽഹി വാങ്ങുന്നതുകൊണ്ട് വലിയ ഉപകാരമില്ലെന്ന് പോണ്ടിങ്ങിനെ ധരിപ്പിച്ചുവച്ചത് വാർണറാണെന്നാണ് എന്റെ നിഗമനം. ധവാന്റെ കാലം കഴിഞ്ഞെന്നും വാങ്ങുന്നതുകൊണ്ട് ഉപകാരമൊന്നുമില്ലെന്നും വാർണർ പറഞ്ഞിട്ടുണ്ടാകും.
‘‘എന്തായാലും ഗാംഗുലിയും ടീം ഉടമ പാർഥ് ജിൻഡാലും ധവാനെ ടീമിലെത്തിക്കുന്ന കാര്യത്തിൽ ഉറച്ചുനിന്നു. ധവാൻ ടീമിലെത്തിയ ആ സീസണിൽ ഡൽഹി ഫൈനൽ കളിച്ചതോടെ അവരുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. ധവാൻ റൺവേട്ടക്കാരിൽ മുൻനിരയിലുണ്ടായിരുന്നു.
‘‘അതുകൊണ്ട്, ഡൽഹി ക്യാപിറ്റൽസിലായിരുന്ന കാലത്ത് ടീമിനായി കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാമായിരുന്നുവെന്ന് ഇപ്പോൾ പോണ്ടിങ്ങിന് തോന്നുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു. പോണ്ടിങ് ഉണ്ടായിരുന്നു ഏഴു വർഷവും ടീമിന് കിരീടം നേടാൻ സാധിച്ചിട്ടില്ല. അശ്വിനെ ഡൽഹി ടീമിലെത്തിച്ചതിന്റെ ക്രെഡിറ്റും സത്യത്തിൽ ഗാംഗുലിക്കാണ്.
പ്രഥമ ഐപിഎൽ സീസണിൽ ഡൽഹി ടീമിൽ അംഗമായിരുന്ന ധവാൻ, പിന്നീട് 2019 സീസണിലാണ് ടീമിൽ തിരിച്ചെത്തിയത്. രണ്ടാം വരവിൽ തകർപ്പൻ പ്രകടനവുമായി ടീമിന്റെ നട്ടെല്ലായി ധവാൻ മാറുന്നതിനും ഐപിഎൽ സാക്ഷ്യം വഹിച്ചു. 2019ൽ 521 റൺസ്, 2020ൽ 618 റൺസ്, 2021ൽ 587 റൺസ് എന്നിങ്ങനെയാണ് ധവാൻ നേടിയത്. ഇതിൽ 2020ൽ ഡൽഹി ഫൈനൽ കളിക്കുകയും ചെയ്തു. തുടർന്ന് ധവാൻ പഞ്ചാബ് കിങ്സിലേക്ക് മാറി.
ടീമിന് കിരീടം സമ്മാനിക്കാനുള്ള തന്ത്രങ്ങളൊന്നും പോണ്ടിങ്ങിന്റെ കൈവശമില്ലെന്നു മനസ്സിലാക്കിയാകാം ഡൽഹി ക്യാപിറ്റൽസ് ഉടമകൾ പോണ്ടിങ്ങിനെ ടീം വിടാൻ അനുവദിച്ചതെന്നും കൈഫ് അഭിപ്രായപ്പെട്ടു.
‘‘പോണ്ടിങ്ങിന്റെ കൈവശം മികച്ച തന്ത്രങ്ങളൊന്നുമില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമയ്ക്കു മനസ്സിലായിക്കാണും. പോണ്ടിങ്ങ് എന്നത് ക്രിക്കറ്റ് ലോകത്ത് പ്രധാനപ്പെട്ട ഒരു നാമം തന്നെയാണ്. ഒരുപക്ഷേ സച്ചിൻ തെൻഡുൽക്കറിന്റെയെല്ലാം വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന താരം. എന്നിട്ടും അദ്ദേഹത്തെ ടീം പോകാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ, പോണ്ടിങ്ങിന്റെ തന്ത്രങ്ങൾ പോരെന്ന് ടീം മാനേജ്മെന്റിനും ഉടമകൾക്കും തോന്നി എന്നു തന്നെയാണ് അർഥം.’ – കൈഫ് പറഞ്ഞു.
പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലകനായതിനു പിന്നാലെ പോണ്ടിങ് കൈക്കൊണ്ട തീരുമാനങ്ങളെയും കൈഫ് വിമർശിച്ചു. ടീമിലെ മാച്ച് വിന്നർമാരായ താരങ്ങളെ അവിശ്വസിച്ച് അവരെ ടീമിൽ നിലനിർത്താതിരുന്നത് വിഡ്ഢിത്തമാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി. പഞ്ചാബ് കിങ്സിന്റെ മുൻ പരിശീലകരേപ്പോലെ, ലേലത്തിനു പോകുമ്പോൾ കൈവശം വലിയ തുകയുണ്ടെന്ന് ഉറപ്പുവരുത്താനാണ് പോണ്ടിങ് ശ്രമിച്ചതെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
‘‘ഇപ്പോൾ പോണ്ടിങ് പഞ്ചാബിനൊപ്പമാണ്. അവിടെ മുൻ പരിശീലകർ കൈക്കൊണ്ട മണ്ടൻ തീരുമാനങ്ങളുടെ പിന്നാലെയാണ് പോണ്ടിങ്ങും. മുംബൈ ഇന്ത്യൻസിനെ നോക്കൂ. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തായിട്ടുപോലും പ്രധാനപ്പെട്ട താരങ്ങളെ അവർ നിലനിർത്തി. ഈ താരങ്ങൾക്ക് ടീമിനു കിരീടം സമ്മാനിക്കാൻ കെൽപ്പുണ്ടെന്ന് അവർ വിശ്വസിക്കുന്നു എന്നാണ് അതിനർഥം. കഴിഞ്ഞ സീസണിലെ താരങ്ങളെ അവർക്ക് ഇപ്പോഴും വിശ്വാസമാണ്.
പഞ്ചാബിൽ പോണ്ടിങ് ചെയ്തതോ? പഴയ പരിശീലകർ വരുത്തിയ പിഴവുകൾ അതേപടി ആവർത്തിക്കുന്നു. അർഷ്ദീപ് സിങ്, കഗീസോ റബാദ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയവരെ അവർക്കു നിലനിർത്താമായിരുന്നു. ഇതുപോലെയുള്ള താരങ്ങളെ കുറഞ്ഞ വിലയ്ക്ക് താരലേലത്തിൽ തിരികെ വാങ്ങാമെന്നു കരുതുന്നതു തന്നെ എന്തൊരു വിഡ്ഢിത്തമാണ്’ – കൈഫ് പറഞ്ഞു.