അനശ്വര സൃഷ്ടികളുടെ ആഘോഷമായി ബീന കണ്ണന്റെ ‘തിയോഡോറ’
Mail This Article
ചരിത്രവും രാജകീയ പ്രൗഢിയും നിറയുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളെ കരവിരുതിലൂടെ ഏകോപിപ്പിച്ച്, ആകർഷകമായ രൂപകൽപ്പനയിൽ വസ്ത്ര പ്രേമികളിലേയ്ക്ക് എത്തിക്കുകയാണ് ബീന കണ്ണന്റെ പുതിയ ഉദ്യമം. കാഞ്ചിപുരത്തിൽ നിന്നും പ്രചോദനം കൊണ്ട, കാലോചിതമായ ഡിസൈനർ വസ്ത്രങ്ങളുടെ വിശിഷ്ടമായ ശേഖരമാണ് തിയോഡോറ എന്ന പ്രമേയത്തിലൂടെ ബീന കണ്ണൻ അവതരിപ്പിക്കുന്നത്. തദ്ദേശീയ കരകൗശലത്തൊഴിലാളികളുടെ കഴിവ് പ്രകടമാക്കുന്ന ശേഖരത്തിൽ ആഡംബരവും പ്രതിഫലിക്കും.
എക്കാലത്തെയും ഗംഭീരമായ ഇന്ത്യൻ കലകൾ ഉൾക്കൊള്ളുന്ന മൂന്ന് സുവർണ്ണ കലാചരിത്രങ്ങൾ അടങ്ങുന്ന കലക്‌ഷനുകളാണ് തിയോഡോറ. ബൈസന്റൈന്‍ കലയുടെയും ഇന്ത്യൻ ജ്യാമിതീയ കലയുടെയും സംയോജനമാണ് ആദ്യത്തേത്. കല, സംസ്‌കാരം, രൂപകൽപ്പന എന്നിവയുടെ വൈവിധ്യമാർന്ന പുനസംയോജനം ഈ വസ്ത്രശേഖരത്തിൽ കാണാം. കരകൗശല ചാരുത നിറയുന്ന മുഗൾ കലയും പൈതൃകത്തിന്റെ സമൃദ്ധി പകരുന്ന ഓട്ടോമൻ കലയും സംയോജിച്ചതാണ് രണ്ടാമത്തെ കലക്‌ഷൻ. ജാമവാറിലെ രാജകീയതയും ആധുനികതയും കലർന്ന ആർട് ഡെക്കോയുടെ ജ്യാമിതീയ രേഖകളും നേർത്ത രൂപങ്ങളും അടങ്ങുന്ന ചരിത്ര കലയാണ് മൂന്നാമത്തെ കലക്‌ഷന് ആധാരം.
പരമ്പരാഗത നെയ്ത്ത് കലയുടെ തനതുമൂല്യങ്ങൾ മുറുകെപിടിച്ച്, ആധുനിക ഫാഷൻ വ്യവസായത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ ഫാഷൻ അംബാസഡറാണ് ബീന കണ്ണൻ. അതിമനോഹരമായ പരമ്പരാഗത വസ്ത്രങ്ങൾ കൊണ്ടും സമ്പന്നമായ രൂപകൽപനകൾ കൊണ്ടും ആഗോളതലത്തിൽ പ്രശസ്തി ആർജ്ജിക്കാൻ ബീന കണ്ണന് ഇതിനകം സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളെല്ലാം കരുത്താക്കിയാണ് ആധുനിക വസ്ത്ര സങ്കൽപ്പത്തിലേക്ക് തന്റെ പുതിയ ബ്രാൻഡിലൂടെ തിയോഡോറ അവതരിപ്പിക്കാൻ ബീന കണ്ണൻ ഒരുങ്ങുന്നത്.
English Summary : Beena Kannan Theodora - An eternal celebration of art