പ്രണയത്തിൽ തുടരണോ അതോ പിരിയണോ? തീരുമാനമെടുക്കാൻ വൈകേണ്ട!

Mail This Article
ഒരുപാട് ഇഷ്ടമുള്ള ആൾക്ക് തിരിച്ചും ഇഷ്ടമാണെന്ന് ഉറപ്പായാൽ, ആദ്യത്തെ കുറച്ചുനാൾ കഴിയുമ്പോൾ അല്ലെങ്കിൽ പുതുമ നഷ്ടപ്പെടുമ്പോൾ പ്രണയത്തിന്റെ തുടക്കകാലത്തുള്ള ആകാംക്ഷ പലർക്കും നഷ്ടപ്പെടാറുണ്ട്. പക്ഷേ മുന്നോട്ട് ഇനി ഒരുമിച്ച് എന്നു തീരുമാനമെടുത്താൽ ആ ബന്ധത്തിൽ ഉറച്ചു നിൽക്കാനുള്ള ശ്രമങ്ങൾ ഇരുവശത്തുനിന്നും ഉണ്ടാവണം. പരസ്പരമുള്ള ബന്ധത്തിൽ വിശുദ്ധിയും വിശ്വസ്തതയും ഉറപ്പാക്കേണ്ടത് രണ്ടു കൂട്ടരുടെയും ഉത്തരവാദിത്തമാണ്. പരസ്പരമുള്ള വളർച്ചയെ മുരടിപ്പിക്കുന്നതാവരുത് ഒരു ബന്ധവും. ജീവിതത്തിലും കരിയറിലും പരസ്പരം വളരാൻ സഹായിക്കുന്നതാവണം ബന്ധങ്ങൾ. ജീവിതത്തിൽ എന്നപോലെ പ്രണയബന്ധത്തിലും ഉയർച്ചതാഴ്ചകൾ ഉണ്ടാവാറുണ്ട്. പരസ്പരം ദേഷ്യം തോന്നുന്ന പെരുമാറ്റങ്ങളും സംസാരങ്ങളും പലപ്പോഴും ഉണ്ടായെന്നും വരാം. അങ്ങനെ വരുമ്പോൾ, ഈ ബന്ധം ആരോഗ്യകരമായാണോ പോകുന്നത്, ബന്ധത്തിൽനിന്നു വിടുതൽ നേടണോ എന്നൊക്കെയുള്ള സംശയങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ചില തർക്കങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകുമ്പോൾ, ഇതൊക്കെ സാധാരണമാണോ അതോ ബന്ധം അനാരോഗ്യകരമായ തലത്തിലേക്കാണോ നീങ്ങുന്നത് എന്നൊക്കെയുള്ള ആശങ്കകളും ഉണ്ടാവാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ സംശയങ്ങൾ ദൂരീകരിക്കാൻ സാധിക്കും.
അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം
ഏതൊരു ബന്ധത്തിലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. ആരോഗ്യകരമായ ഒരു ബന്ധത്തിൽ തീർച്ചയായും തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്. ഞാൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന വാശി കാണിക്കുമ്പോൾ, അല്ലെങ്കിൽ ഞാൻ പറഞ്ഞതു മാത്രമാണ് ശരിയെന്ന് വാദിക്കുമ്പോഴാണ് പ്രശ്നങ്ങൾ സങ്കീർണമാകുന്നത്. സ്വന്തം കാഴ്ചപ്പാട് ശാന്തമായി അവതരിപ്പിക്കാനും അതു ശരിയാണെന്ന് അപ്പുറത്തുള്ള ആളെ ബോധ്യപ്പെടുത്താനും കഴിഞ്ഞാൽ അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാം. ആശയവിനിമയത്തിൽ വ്യക്തത വേണം. പരസ്പരം നന്നായി മനസ്സിലാക്കിയാൽ സ്വന്തം കാഴ്ചപ്പാട് കൃത്യമായിത്തന്നെ അപ്പുറത്തുള്ള ആളെ ബോധ്യപ്പെടുത്താൻ സാധിക്കും. എത്ര ശ്രമിച്ചിട്ടും പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും കഴിയുന്നില്ലെങ്കിൽ ബന്ധം ആരോഗ്യകരമല്ലെന്ന അനുമാനത്തിൽ മുന്നോട്ടുള്ള തീരുമാനമെടുക്കാം.
ഒരുമിച്ച് മുന്നേറാം
ഒരാളുടെ എല്ലാ നല്ലവശവും മോശംവശവും മനസ്സിലാക്കിയതിനു ശേഷം മാത്രം ഒരു ബന്ധവും തുടങ്ങാൻ സാധിക്കില്ല. ബന്ധം കൂടുതൽ മുന്നോട്ടു പോകുമ്പോഴാണ് നമ്മുടെയും അപ്പുറത്ത് നിൽക്കുന്ന ആളിന്റെയും പെരുമാറ്റ ശീലങ്ങളും സ്വഭാവങ്ങളുമൊക്കെ കൃത്യമായി ബോധ്യപ്പെടുന്നത്. ശരിയല്ലാത്ത ശീലങ്ങൾ ക്രമേണ മാറ്റാൻ ശ്രമിക്കാം എന്ന ഉറപ്പ് പരസ്പരം നൽകാൻ കഴിഞ്ഞാൽ അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ നടത്താൻ കഴിഞ്ഞാൽ ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകാം. സ്വഭാവത്തിലെ അല്ലെങ്കിൽ മനോഭാവത്തിലെ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന് പരസ്പരം ആലോചിച്ച് തീരുമാനിക്കണം. അത്യാവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ കൗൺസലിങ്, അല്ലെങ്കിൽ തെറപ്പി പോലെയുള്ള കാര്യങ്ങൾ സ്വീകരിക്കാൻ മടിക്കേണ്ടതില്ല. ഒരുമിച്ച് പങ്കെടുക്കാൻ തയാറായാൽ അത്രയും നല്ലത്.
എപ്പോഴും സന്തോഷം മാത്രമാവില്ല
ഒരു ബന്ധത്തിൽ എപ്പോഴും ഒരാൾക്ക് സന്തോഷത്തോടെയിരിക്കാൻ സാധിക്കില്ല. സാഹചര്യങ്ങളും വൈകാരിക അസ്ഥിരതകളും എല്ലാം ഒരാളുടെ സന്തോഷത്തെ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പങ്കാളി നന്നായിരുന്നാലും ചുറ്റുപാടുകൾ നല്ലതല്ലെങ്കിൽ അത് സന്തോഷത്തിലും പ്രതിഫലിക്കും. ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ജീവിക്കുമ്പോൾ എല്ലാ ദിവസവും സന്തോഷമായിട്ടിരിക്കാം എന്ന് കരുതുന്നതും മണ്ടത്തരമാണ്. ഇഷ്ടപ്പെട്ട ആളിന്റെ കൂടെ ആയിരിക്കുമ്പോഴും എപ്പോഴും സന്തോഷമായിരിക്കാൻ പറ്റില്ല എന്ന സത്യം ഉൾക്കൊള്ളണം. മൂഢസ്വർഗത്തിൽ ജീവിക്കാതെ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് ജീവിക്കാൻ തയാറായാൽ ജീവിതത്തിൽ സന്തോഷം നിറയും.
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം
ഒരു ബന്ധത്തിൽ ആയിരിക്കുന്ന സമയത്ത് സംസാരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരിക്കണം. വളരെ ശ്രദ്ധയോടെ മാത്രമേ ഓരോ കാര്യവും സംസാരിക്കാവൂ. നമ്മൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ അപ്പുറത്തിരിക്കുന്ന ആളുടെ വിശ്വാസത്തെ തകർക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ബന്ധങ്ങളിലുള്ള പരസ്പര വിശ്വാസം ഒരിക്കൽ തകർന്നാൽ പിന്നെ അതൊരിക്കലും പഴയതുപോലെ ആവില്ല എന്ന കാര്യം ഓർമ വയ്ക്കുന്നത് നന്നായിരിക്കും. പരസ്പരം വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും മുറിവേൽപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. അല്ലറ ചില്ലറ വഴക്കുകൾ പ്രണയ ബന്ധത്തിൽ സാധാരണമാണെങ്കിലും ചതി കാട്ടുന്ന പങ്കാളികളെ വച്ചു പൊറുപ്പിക്കാതെ എത്രയും വേഗം ജീവിതത്തിൽനിന്ന് ഒഴിവാക്കുന്നതാണ് ഉചിതം.
അധികകാലം സംസാരിക്കാതിരിക്കരുത്
ആശയവിനിമയത്തിൽ ദീർഘനാളത്തെ ഇടവേള വന്നാൽ അതും ബന്ധങ്ങളെ മോശമായി ബാധിക്കാൻ ഇടയുണ്ട്. ദീർഘനാളത്തെ ഇടവേള മനസ്സുകൾ തമ്മിൽ അകലാൻ കാരണമാകും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം സംസാരം നിർത്തുന്നതും സന്ദേശം അയക്കാതിരിക്കുന്നതും അതിനു മറുപടി നൽകാതിരിക്കുന്നതുമൊക്കെ ബന്ധങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതിനു സമാനമാണ്. ഒരിക്കൽ ആശയവിനിമയത്തിൽ ദീർഘമായ ഇടവേള സംഭവിച്ചെങ്കിൽ അത് ആരോഗ്യകരമായ ബന്ധത്തെ തീർച്ചയായും മോശം രീതിയിൽ ബാധിക്കും. ബന്ധം തുടരാൻ താൽപര്യമില്ലാത്ത പക്ഷം പെട്ടെന്ന് ആശയ വിനിമയം നിർത്താതെ അത് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയ ശേഷം മാത്രം ബന്ധത്തിൽനിന്ന് പിൻമാറാം.

പരസ്പരം തുണയായിരിക്കാം
ഏതൊരു ബന്ധത്തിലും പരസ്പരമുള്ള കരുതലും പിന്തുണയും അത്യാവശ്യമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങും തണലുമാകുന്നത് ബന്ധം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. പക്ഷേ എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും പരസ്പരം പിന്തുണ നൽകുന്നതിൽ പങ്കാളികൾക്ക് തീർത്തും ശ്രദ്ധ ഇല്ലെങ്കിൽ ആ ബന്ധം മുന്നോട്ടു കൊണ്ടു പോകണോ വേണ്ടയോ എന്ന കാര്യത്തിൽ ഇരുവരും ചേർന്ന് തീരുമാനമെടുക്കേണ്ടതാണ്. പങ്കാളികളിൽ ഒരാൾ എപ്പോഴും മറ്റേയാൾക്ക് കരുതലും പിന്തുണയും നൽകുകയും തിരിച്ച് ഒരിക്കൽപോലും അത് കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ബന്ധങ്ങളുടെ ആഴം പരിശോധിക്കുകയും അത് മുന്നോട്ടു കൊണ്ടുപോണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കുകയും വേണം.

ബഹുമാനവും പ്രധാനം
പരസ്പരമുള്ള സ്നേഹവും കരുതലും പോലെ തന്നെ പ്രധാനമാണ് പരസ്പര ബഹുമാനവും. അത് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ലാണ്. പങ്കാളികൾക്ക് അർഹിക്കുന്ന ബഹുമാനം പരസ്പരം കിട്ടുന്നില്ലെങ്കിൽ ആ ബന്ധത്തിന്റെ മൂല്യത്തെക്കുറിച്ച് പുനർചിന്തനം നടത്തേണ്ടതാണ്. ബഹുമാനം സ്വയം തോന്നേണ്ടതാണ്, പിടിച്ചു വാങ്ങേണ്ടതല്ല എന്ന ബോധ്യം ഉണ്ടാവുകയും പരസ്പരമുള്ള പെരുമാറ്റത്തിൽ ബഹുമാനം കൊണ്ടുവരാനുള്ള ശ്രമം നടത്തുകയും വേണം. പരസ്പരം ബഹുമാനിക്കാൻ താൽപര്യം ഇല്ലാത്ത പക്ഷം ആ ബന്ധത്തിന്റെ നിലനിൽപ്പിനെ കുറിച്ച് ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും വേണം.ഈ കാര്യങ്ങളൊക്കെ മനസ്സിൽ വച്ച ശേഷം, ഒരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇരുവരും ചേർന്ന് ഒരു റിലേഷൻഷിപ്പ് വിദഗ്ധനെയോ മാനസികാരോഗ്യ വിദഗ്ധനേയോ കണ്ട് കൗൺസലിങ്ങിന് വിധേയരായി ഉചിതമായ തീരുമാനമെടുക്കണം.