വണ്ടും ശലഭവുമല്ല, പരാഗണത്തിന് ഇനി പറക്കും ഡ്രോണുകൾ

Mail This Article
ചെടികളിൽ പരാഗണത്തിന് വണ്ടുകൾക്കും ശലഭങ്ങൾക്കും പകരം ചെറു ഡ്രോണുകൾ വരുന്നു. ചെറിയ ഡ്രോണ്‍ റോബോട്ടുകള്‍ ചെടികള്‍ക്ക് പരാഗണം നല്‍കുന്ന കാലം അതിവിദൂരമായിരിക്കില്ലെന്ന് എംഐടി ഗവേഷകരാണ് അറിയിച്ചത്. ഇപ്പോള്‍ റോബട്ടിക് പ്രാണികളെ നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇവർ. ഇവ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തിന് സാരമായി സഹായിച്ചേക്കുമെന്നാണ് നിഗമനം. കൃഷി-അധിഷ്ഠിത ജീവിത രീതിക്ക് പിന്തുണ നല്‍കിവന്ന പ്രാണിവര്‍ഗം ലോകത്തിന്റെ പല ഭാഗങ്ങളിലും വംശനാശം നേരിടുകയാണ് എന്നത് ഭീതി പടര്‍ത്തുന്ന കാലത്താണ് പ്രതീക്ഷാനിര്‍ഭരമായ പുതിയ നീക്കം.
പ്രാണി വര്‍ഗം ഇല്ലാതാകുക എന്നത് ജൈവ വൈവിധ്യം, കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. വടക്കു കിഴക്കന്‍ യൂറോപ്പ്, നോര്‍ത് അമേരിക്കയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളിലാണ് പ്രാണികളുടെ വംശനാശം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. എംഐടി ഗവേഷകര്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന യന്ത്രപ്രാണികള്‍ കാര്യപ്രാപ്തിയോടെ പരാഗണം നടത്താന്‍ കെല്‍പ്പുള്ളവ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇവ കാര്യമായ പാരിസ്ഥിതികാഘാതവും ഉണ്ടാക്കിയേക്കില്ലെന്നും കരുതപ്പെടുന്നു.

ഇതാദ്യമല്ല ഇത്തരം ഒരു സാധ്യത മനുഷ്യരാശി പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്. മുമ്പും ഇത്തരം കുഞ്ഞന്‍ യന്ത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു എങ്കിലും അവ പെട്ടെന്ന് നശിച്ചു പോയി. എന്നാല്‍, കൃത്രിമ പരാഗണ രീതികള്‍ യന്ത്രവല്‍കൃതമാക്കേണ്ട കാലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവിലാണ് ഗവേഷകര്‍ പുതിയ നീക്കം നടത്തുന്നത്. ദി ജേണല്‍ ഓഫ് സയന്‍സ് റോബോട്ടിക്‌സിലാണ് 'അക്രോബാറ്റിക്‌സ് അറ്റ് ദി ഇന്‍സെക്ട്ക് സ്‌കെയില്‍' എന്ന പേരില്‍ ആരംഭിക്കുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രാണി വര്‍ഗത്തെപ്പോലെ വായുവില്‍ പല അഭ്യാസങ്ങളും കാണിക്കാന്‍ കെല്‍പ്പുള്ളവയായിരിക്കും പുതിയ യന്ത്ര സംവിധാനം. അവ ചിറകടിച്ചു തന്നെയാണ് പറക്കുക. മൈക്രോ ഏറിയല്‍ വീയിക്ള്‍സ് (എംഎവിസ്) എന്ന വിഭാഗത്തിലാണ് ഇവ പെടുക. ഏകദേശം 16 മിനിറ്റാണ് ഇവയ്ക്ക് പറന്നുനില്‍ക്കാന്‍ സാധിക്കുക എന്ന് പ്രബന്ധം പറയുന്നു. സെക്കന്‍ഡില്‍ 100 സെന്റിമീറ്റര്‍ താണ്ടാനും ഇവയ്ക്ക് സാധിക്കുമത്രെ.