വീണ്ടും തുറന്ന യുദ്ധം; മസ്കിനെ പരിഹസിച്ച് സാം ഓൾട്ട്മാൻ; മറുപടി ഇങ്ങനെ

Mail This Article
ന്യൂയോർക്ക്∙ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വമ്പനായ ഓപ്പൺ എഐ വാങ്ങാൻ 97.4 ബില്യൻ യുഎസ് ഡോളർ വാഗ്ദാനവുമായി ഇലോൺ മസ്ക്. കമ്പനിയുടെ മുഴുവൻ ആസ്തിയും സ്വന്തമാക്കാൻ ഓപ്പൺ എഐ ബോർഡിന്റെ മുൻപിൽ ബിഡ് സമർപ്പിച്ചതായി ഇലോൺ മസ്കിന്റെ അറ്റോർണി ജനറൽ മാർക്ക് ടോബറോഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ വാഗ്ദാനം നിരസിച്ച് രംഗത്തെത്തിയ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ വേണമെങ്കിൽ ഇതേ തുകയ്ക്ക് എക്സ് (ട്വിറ്റർ) വാങ്ങാമെന്നും പരിഹസിച്ചു. ഇതിന് ‘വഞ്ചകൻ’ എന്നായിരുന്നു മസ്കിന്റെ മറുപടി.
മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് എക്സ്. മസ്കും ഓൾട്ട്മാനും തമ്മിലുള്ള തുറന്ന യുദ്ധത്തിന്റെ മറ്റൊരു തലമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. 2015ൽ ഓപ്പൺ എഐ തുടങ്ങുന്നതിനായി മസ്കും ഓൾട്ട്മാനും സഹകരിച്ചിരുന്നു. പിന്നീട് അധികാരമത്സരവും അഭിപ്രായഭിന്നതയും മൂലം 2018ൽ ബോർഡിൽ നിന്നു മസ്ക് പിൻമാറി.
കഴിഞ്ഞ വർഷം കമ്പനിക്കെതിരെ മസ്ക് 2 കേസുകൾ ഫയൽ ചെയ്തു. കമ്പനി അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിക്കുന്നുവെന്നാരോപിച്ചായിരുന്നു കേസ്. ലാഭേച്ഛയില്ലാത്ത ഗവേഷണ ലാബായി ഓപ്പൺ എഐയുടെ യഥാർഥ ലക്ഷ്യത്തിലേക്ക് കമ്പനിയെ നയിക്കാൻ ആഗ്രഹിക്കുന്നു എന്നു വ്യക്തമാക്കിയാണ് മസ്ക് തുക വാഗ്ദാനം ചെയ്തു രംഗത്തെത്തിയത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business