ഐഫോണ്‍ 16ഇ മോഡലിന് ബ്ലൂടൂത്ത് പ്രശ്നം?പലർക്കും പലരീതിയില്‍! ആപ്പിൾ എങ്ങനെ പരിഹരിക്കും

Mail This Article
കുറഞ്ഞ ചെലവില്‍ ആപ്പിള്‍ ഇന്റലിജന്‍സ് അടക്കം നൂതന ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന അവകാശവാദവുമായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ മോഡലിന് ബ്ലൂടൂത്ത് കണക്ടിവിറ്റി പ്രശ്‌നമുണ്ടെന്ന പരാതി വ്യാപകമാകുന്നു. രണ്ടു പ്രധാന പ്രശ്‌നങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്:
ഐഫോണ്‍ 16ഇ ഫോണില്‍ നിന്ന് വയര്‍ലെസ് ഇയര്‍ഫോണ്‍ വഴി ഓഡിയോ ശ്രവിക്കുമ്പോള്‍ ഒരു വിചിത്ര ശബ്ദം കേള്‍ക്കുന്നു. ബ്ലൂടൂത്ത് വഴി പെയര്‍ ചെയ്ത ഉപകരണത്തില്‍ നിന്ന് ഫോണ്‍ അല്‍പ്പനേരത്തേക്ക് കട്ട് ആകുന്നു.
ഈ പ്രശ്‌നം പലര്‍ക്കും പല രീതിയിലാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഒന്നിലേറെ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ (ഉദാഹരണത്തിന് എയര്‍പോഡസ്, ആപ്പിള്‍ വാച്ച്) ഒരേ സമയം പെയര്‍ ചെയ്തു കിടക്കുമ്പോഴാണ് ഇത് നേരിടേണ്ടവരുന്നതെന്ന് ചിലര്‍ പരാതിപ്പെടുന്നു. ഇത് ഐഓഎസ് 18ന്റെ പ്രശ്‌നമായിരിക്കുമെന്നും അത് ആപ്പിള്‍ താമസിയാതെ പരിഹരിച്ചേക്കുമെന്നുമാണ് പൊതുവെയുള്ള വിശ്വാസം.

പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റ് ആയ ബിജിആര്‍ പറയുന്നത്, അല്‍പ്പ നേരത്തേക്ക് ബന്ധം വിച്ഛേദിക്കപ്പെട്ടുപോകുന്ന ബ്ലൂടൂത്ത് ഓഡിയോ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചേക്കില്ലെന്നാണ്.
മറ്റു ഫോണുകളില്‍ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കുന്ന ബ്ലൂടൂത് മൊഡ്യൂള്‍, ഇവിടെ എന്താണ് പ്രശ്നം?
കൃത്യമായി പറഞ്ഞാല്‍ ഐഫോണ്‍ 16ഇ ഒരു പുതിയ ഫോണ്‍ അല്ലെന്ന് ബിജിആര്‍ പറയുന്നു. കാരണം, അതിന്റെ ഡിസൈന്‍ ഐഫോണ്‍ 12 മുതലുള്ള എല്ലാ ഐഫോണുകളോടും സാമ്യമുള്ളതാണ്. ആന്തരിക ഘടകഭാഗങ്ങളും മുമ്പുള്ള ഫോണുകളില്‍ ഉപയോഗിച്ചു വന്നവയാണ്.

ഈ മോഡലിന്റെ ഏറ്റവും സുപ്രധാന ഭാഗങ്ങളായ എ18 പ്രൊസസറും, 8ജിബി റാമും പോലും മറ്റ് ഐഫോണുകളില്‍ കണ്ടുകഴിഞ്ഞതാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബ്ലൂടൂത്ത് ചിപ്പ് അടക്കമുളള ഘടകഭാഗങ്ങളൊന്നും പുതിയതായിരിക്കാന്‍ തരമില്ല. എന്നുപറഞ്ഞാല്‍, മറ്റു ഫോണുകളില്‍ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കുന്ന ബ്ലൂടൂത് മൊഡ്യൂള്‍ എന്തുകൊണ്ട് ഐഫോണ്‍ 16ഇയെ കുഴപ്പത്തിലാക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ആപ്പിള്‍ തന്നെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
എന്തെങ്കിലും പുതിയ ഭാഗങ്ങള്‍ ഉണ്ടോ?
ഐഫോണ്‍ 16ഇയില്‍ നിറച്ചിരിക്കുന്നതിലേറെയും മുൻപ് എപ്പോഴെങ്കിലും ആപ്പിള്‍ ഉപയോഗിച്ച ഭാഗങ്ങളാണ് എന്നു പറയുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഈ മോഡലില്‍ എന്തെങ്കിലും പുതിയ ഭാഗങ്ങള്‍ ഉണ്ടോ?
ഉണ്ട്. ഐഫോണ്‍ 16ഇയില്‍ വച്ചിരിക്കുന്ന ബാറ്ററി മറ്റൊരു ഐഫോണിലും ഇല്ല. അതിനാല്‍ തന്നെ, ഏതൊരു 6.1-ഇഞ്ച് ഐഫോണിനും ലഭിക്കാത്തത്ര മികച്ച ബാറ്ററി ലൈഫ് ഈ മോഡലിനുണ്ട്. ആപ്പിള്‍ വികസിപ്പിച്ചെടുത്ത സി1 മോഡവും ഉണ്ട്. ഇത് പരീക്ഷണാര്‍ത്ഥമാണ് ഐഫോണ്‍ 16ഇയില്‍ പിടിപ്പിച്ചിരിക്കുന്നത്.
ഐഫോണ്‍ 16ഇയില്‍ ഇപ്പോള്‍ കണ്ടിരിക്കുന്ന ബ്ലൂടൂത് പ്രശ്‌നം ആപ്പിള്‍ വാച്ചും, എയര്‍പോഡ്‌സും ഒക്കെ ഉപയോഗിക്കുന്നവര്‍ക്ക് ശരിക്കും പേടിസ്വപ്‌നമായിരിക്കുമെന്നതിനാല്‍, അത് ആപ്പിള്‍ പരിഹരിക്കുന്നതു വരെ കാത്തിരുന്ന ശേഷം വാങ്ങാന്‍ പരിഗണിക്കുന്നതായിരിക്കും ഉചിതം. അതേസമയം, അധികം ബ്ലൂടൂത് ഡിവൈസുകള്‍ പെയര്‍ ചെയ്യാത്ത ഐഫോണ്‍ പ്രേമികള്‍ക്ക് വാങ്ങുന്ന കാര്യം പരിഗണിക്കുകയും ചെയ്യാം

എഐ പ്രശ്‌നം-മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം
ലോകത്തെ ഏറ്റവും പ്രശസ്ത ടെക്‌നോളജി കമ്പനികളിലൊന്ന് ആണെങ്കിലും നിര്‍മ്മിത ബുദ്ധിയുടെ (എഐ) കാര്യത്തില്‍ ആപ്പിള്‍ അമ്പേ പിന്നിലാണെന്ന് ടെക്‌നോളജി വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് അറിയാം. അപ്രതീക്ഷിതമായി ഓപ്പണ്‍എഐ ചാറ്റ്ജിപിറ്റിയുമായി എത്തുമ്പോള്‍, അതിനെതിരെ ഗൂഗിള്‍ തിരിച്ചടിക്കുമ്പോള്‍, പെര്‍പ്ലെക്‌സിറ്റി.എഐ തുടങ്ങിയ കമ്പനികള്‍ ആ മേഖലിയില്‍ കയറി വിലസിയപ്പോള്‍ ഒന്നും ആപ്പിള്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
എന്തിനേറെ, ചൈനീസ് കമ്പനികളായ മാനുസും, ഡീപ്‌സീക്കുമൊക്കെ കളം നിറഞ്ഞാടി തുടങ്ങിയപ്പോഴും ആപ്പിളിന്റെ എഐ വഞ്ചി തിരുനക്കരെ തന്നെ കിടക്കുകയാണ്. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ തങ്ങളുടെ എഐ കമ്പനി പരിചയപ്പെടുത്തിയത്. ഇതാണെങ്കിലോ ഓപ്പണ്‍എഐയുടെ കരുത്ത് ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.
ഇനി, അമേരിക്കയിലും മറ്റും, ഗൂഗിള്‍ ജെമിനൈ തുടങ്ങിയ എഐ സേവനങ്ങളും കൂടെ ഉള്‍പ്പെടുത്തിയും, ചൈനയില്‍ ഡീപ്‌സീക്കിനെ കൂട്ടുപിടിച്ചും, ആപ്പിള്‍ ഇന്റലിജന്‍സിന്റെ 'മന്ദത' മാറ്റി, സംഗതി ഒന്ന് ഉഷാറാക്കാനുമൊക്കെ കമ്പനിക്ക് ഉദ്ദേശവുമുണ്ട്.
അതിനിടയിലാണ് ഇക്കാര്യത്തിലൊക്കെ കമ്പനിയുടെ ശേഷിക്കുറവ് വീണ്ടും വ്യക്തമാകുന്നത്. വോയിസ് അസിസ്റ്റന്റുകളുടെ കാര്യത്തില്‍ പരമദയനീയമാണ് ആപ്പിളിന്റെ സിരി എന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, എഐ പ്രവേശിപ്പിച്ച് അതിനെ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്താനൊരു ശ്രമം ആപ്പിള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇത് ഇപ്പോള്‍ ശരിയാകും, ഇപ്പോള്‍ ശരിയാകും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും സംഗതി ശരിയായേ ഇല്ല.
ഇനിയിപ്പോള്‍ ഞങ്ങള്‍ 2026ല്‍ ശരിയാക്കി കാണിക്കാം എന്നായിരുന്നു ആപ്പിള്‍ അടുത്തിടെ വരെയൊക്കെ എടുത്തെടുത്തു പറഞ്ഞിരുന്നത്. എന്നാല്‍, ആ പറഞ്ഞ സമയത്തും കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാവില്ലെന്നു കണ്ടിട്ടു തന്നെയാകാണം കമ്പനിയുടെ തലപ്പത്തുള്ളവരെ ഒക്കെ ഒന്ന് ഇളക്കി പ്രതിഷ്ഠിക്കാന്‍ മേധാവി ടിം കുക്ക് തീരുമാനിച്ചത്.
'എഐ പേഴ്‌സണലൈസ്ഡ് സിരി എന്ന മാറ്റം കൊണ്ടുവരുന്ന കാര്യത്തിലാണ് കമ്പനിയുടെ ഇപ്പോഴത്തെ എൻജിനിയര്‍മാരുടെ ടീം പരാജയപ്പെട്ടത് എന്നാണ് ബ്ലൂംബര്‍ഗ് നല്‍കുന്ന സൂചന. ആപ്പിളിന്റെ തന്നെ 'വിഷന്‍ പ്രൊഡക്ട്‌സ് ഗ്രൂപ്പി'ന്റെ വൈസ് പ്രസിഡന്റ് മൈക് റോക്‌വെല്ലിനാണ് ഇനി ഈ ലക്ഷ്യം നേടാനുള്ള ടീമിനെ നയിക്കാനുള്ള ചുമതല കുക്ക് നല്‍കിയിരിക്കുന്നത്.
നിലവില്‍ സിരി ടീമിന്റെ ചുമതല ഉണ്ടായിരുന്ന ജോണ്‍ ഗിനന്‍ഡ്രിയയ്ക്ക് ( Giannandrea) സാധിക്കാത്ത നേട്ടം കൈവരിക്കുക എന്ന വെല്ലുവിളി ആയിരിക്കും റോക്‌വെല്ലിന്. വിഷന്‍ പ്രോ ടീമില്‍ റോക്‌വെല്ലിന്റെ സ്ഥാനം ലഭിച്ചിരിക്കുന്നത് പോള്‍ മീഡിനാണ്.
അതിലളിതമായ ചോദ്യം ചോദിച്ചാല്‍ പോലും ഉത്തരമില്ല
എഐ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന അതിദ്രുത മാറ്റങ്ങള്‍ക്ക് ഒപ്പം നീങ്ങാന്‍ ആപ്പിളിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്വന്തമായി എഐ വികസിപ്പിക്കാനായില്ലെന്നതു കൂടാതെ, തേഡ് പാര്‍ട്ടി സേവനങ്ങളായ ചാറ്റ്ജിപിറ്റിയും മറ്റും ഉള്‍പ്പെടുത്തിയിട്ടും എഐ മേഖലയില്‍ ഒരു പ്രതാപവും കാട്ടാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
സിരിയോട് 'ആരാണ് സൂപ്പര്‍ ബൗള്‍ ജയിച്ചത്' എന്ന അതിലളിതമായ ചോദ്യം ചോദിച്ചാല്‍ പോലും ശരിയായ ഉത്തരം ലഭിക്കുന്നില്ലെന്ന് നിരാശരായ ആപ്പിള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. എഐ ഉപയോഗിച്ച് ആപ്പള്‍ വാര്‍ത്തയുടെ രത്‌നച്ചുരുക്കം നല്‍കുന്ന പരിപാടി ആപ്പിള്‍ 2025ന്റെ തുടക്കത്തില്‍ ആരംഭിച്ചിരുന്നു.
ഇതില്‍ വസ്തുതാപരമായ തെറ്റുകള്‍ വരികയും, ഈ വിവരങ്ങളൊക്കെ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നാണ് ലഭിച്ചത് എന്ന് തെറ്റായി പറയുകയും ചെയ്ത കാര്യം ബിബിസി എടുത്തു കാട്ടിയിരുന്നു. എന്തായാലും, ഈ നാണക്കേടില്‍ നിന്ന് ആപ്പിളിനെ കരകയറ്റാന്‍ റോക്‌വെല്ലിനും ടീമിനും സാധിക്കുമെന്ന പ്രതീക്ഷിക്കാം.