സഞ്ചാർ സാഥിയിലൂടെ തിരിച്ചുകിട്ടിയത് മോഷണം പോയ 3 ലക്ഷം മൊബൈലുകൾ; തട്ടിപ്പ് സിം കാർഡുകളും കണ്ടെത്താം

Mail This Article
മോഷ്ടിക്കപ്പെട്ട 200 മൊബൈൽ ഫോണുകൾ സഞ്ചാർ സാഥി പോർട്ടലിന്റെ സഹായത്തിൽ വിജയകരമായി കണ്ടെടുത്തതായി ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) ഏറ്റവും പുതിയ അപ്‌ഡേറ്റ് വെളിപ്പെടുത്തി. ഇതുവരെ തിരിച്ചെടുത്തത് 3 ലക്ഷത്തിൽപ്പരം മൊബൈലുകളാണ്. സൈബർ സാഥി പ്ലാറ്റ്‌ഫോമിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഉപയോക്താക്കൾക്ക് സൈബർ സെല്ലിൽ നിന്നും ലോക്കൽ പൊലീസിൽ നിന്നും സഹായം ലഭിച്ചു, ഇത് അവരുടെ ഫോണുകൾ വേഗത്തിൽ തിരികെ നൽകാൻ കാരണമായി.
സഞ്ചാര്‍ സാഥി പോർട്ടൽ മൊബൈൽ മോഷണത്തിനെതിരെയും സൈബർ തട്ടിപ്പുകൾക്കെതിരെയും പോരാടാൻ സഹായിക്കുന്നു. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പുറമേ, പേരിൽ എത്ര സിം കാർഡുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാനും കഴിയും. വഞ്ചനാപരമായ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാനും പോർട്ടൽ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഏകദേശം ഒന്നര വർഷത്തിനിടയിൽ തട്ടിപ്പ് അടക്കമുള്ള കാരണങ്ങളുടെ പേരിൽ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 2.75 കോടി മൊബൈൽ കണക‍്ഷനുകളാണെന്ന് റിപ്പോർട്ടുകൾ. ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ‘സഞ്ചാർ സാഥി’ പോർട്ടൽ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. സഞ്ചാർ സാഥി പോർട്ടൽ തുടങ്ങിയ ആദ്യ വർഷം മാത്രം 1.58 കോടി സിം കാർഡുകളാണ് റദ്ദാക്കിയത്. വഞ്ചനാപരമായ കോളുകളെക്കുറിച്ചുള്ള 5 ലക്ഷത്തോളം പരാതികളിൽ നടപടികളുമുണ്ടായെന്നും വെബ്സൈറ്റിൽ പറയുന്നു.

സഞ്ചാർ സാഥിയിലെ ചക്ഷു സംവിധാനം സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, എസ്എംഎസ്, ഫോൺ ദുരുപയോഗം എന്നിവ റിപ്പോര്‍ട്ട് ചെയ്യാൻ സഹായകമാകുന്നു.നഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്നു.
സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാം, അല്ലെങ്കില്‍ ഫോൺ നഷ്ടപ്പെട്ടെങ്കിൽ ബ്ലോക് ചെയ്യാം. ഇതിനെല്ലാം കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്താൽ മോഷ്ടാവിന് മറ്റ് സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരിച്ചുകിട്ടിയാൽ അൺബ്ലോക്ക് ചെയ്യാം. എന്തൊക്കെ സേവനങ്ങൾ ലഭിക്കുമെന്ന് പരിശോധിക്കാം.
sancharsaathi.gov.in എന്ന വെബ്സൈറ്റിൽ 'നോ യുവർ മൊബൈൽ കണക‍്ഷൻസ്' ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ
സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നു ഫോൺ വാങ്ങുമ്പോൾ അവ കരിമ്പട്ടികയിൽപെട്ടതല്ലെന്ന് ഉറപ്പാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പറും മൊബൈൽ നമ്പറും bit.ly/imeiveri എന്ന ലിങ്കിൽ നൽകിയാൽ അതിന്റെ തൽസ്ഥിതി അറിയാം.ഐഎംഇഐ നമ്പർ അറിയാൻ *#06# ഡയൽ ചെയ്യണം.
ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓൾറെഡി ഇൻ യൂസ് എന്നിങ്ങനെ കാണിച്ചാൽ വാങ്ങരുത്.നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാൻനഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ www.sancharsaathi.gov.in എന്ന സൈറ്റിൽ ‘ബ്ലോക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് ഉപയോഗിക്കുക. പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പും അപ്‍ലോഡ് ചെയ്യണം. ബ്ലോക്ക് ചെയ്താൽ പുതിയ സിം ഇട്ടാലും പ്രവർത്തിക്കില്ല.