ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ലസാറസ് ഗ്രൂപ്പ് എന്ന സൈബർ ഹാക്കിങ് സംഘത്തിൽ നിന്നുള്ള പണവും ഉൾപ്പെട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു. 

ലോക സൈബർ പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധയോടെ നോക്കുന്ന ഹാക്കിങ് സംഘമാണ് ലസാറസ് ഗ്രൂപ്പ്. ഉത്തര കൊറിയൻ ഹാക്കിങ് സംഘമാണ് ഇവർ. സർക്കാരിന്റെ പിന്തുണയോടെ ഒട്ടേറെ ഉത്തര കൊറിയൻ ഹാക്കിങ് സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അഭ്യൂഹം.

ഹിഡൻ കോബ്ര 

ഇക്കൂട്ടത്തിൽ ഏറ്റവും കുപ്രസിദ്ധം ലസാറസ് ഗ്രൂപ്പ് തന്നെ. ഗാർഡിയൻസ് ഓഫ് പീസ്, ഹൂയിസ് ടീം എന്ന പേരുകളിലും അറിയപ്പെടുന്ന ഇവരെ വലിയ സൈബർ സുരക്ഷാ ഭീഷണി ഉയർത്തുന്ന സംഘമായാണു വിലയിരുത്തിയിരിക്കുന്നത്. 

ഹിഡൻ കോബ്ര എന്നു യുഎസ് അധികൃതരും സിങ്ക് എന്നു മൈക്രോസോഫ്റ്റും ഇവരെ വിളിക്കുന്നു. ബ്ലൂനോറോഫ്, ആൻഡ്ഏരിയൽ എന്ന രണ്ടു യൂണിറ്റുകളായാണ് ലസാറസ് പ്രവർത്തിക്കുന്നത്. ഇതിൽ ആൻഡ്ഏരിയൽ ദക്ഷിണ കൊറിയയിൽ സൈബർ ആക്രമണം നടത്തുന്നതിൽ മാത്രമാണു ലക്ഷ്യം കേന്ദ്രീകരിക്കുന്നത്.

സോണി പിക്ചേഴ്സിൽ 2014ൽ ഇവർ നടത്തിയ സൈബർ ആക്രമണം ലോകത്തെ ഞെട്ടിച്ചതായിരുന്നു. കിം ജോങ് ഉന്നിനെ കളിയാക്കി ‘ദ് ഇന്റർവ്യൂ’ എന്ന ചിത്രം സോണി പുറത്തിറക്കുന്നതാണ് ഇതിനു കാരണമായി പറയപ്പെട്ടത്. സോണിക്ക് വലിയ ആഘാതമേൽപിച്ച ഈ ആക്രമണം ഉത്തര കൊറിയൻ ഹാക്കിങ് സംഘങ്ങളുടെ മൂർച്ച ലോകത്തിന മുന്നിൽ വെളിവാക്കിയ സംഭവമാണ്.

Representative Image: Shutterstock
Representative Image: Shutterstock

പിന്നീട് ഇക്വഡോറിലെയും വിയറ്റ്നാമിലെയും ബാങ്കുകളിൽ നിന്ന് വൻതുക ഇവർ അപഹരിച്ചു. പോളണ്ടിലെയും മെക്സിക്കോയിലെയും ബാങ്കുകളെയും ഇവർ നോട്ടമിട്ടിരുന്നു. ബംഗ്ലദേശിന്റെ ദേശീയ ബാങ്കിൽ നിന്ന് 81 മില്യൻ ഡോളർ ഇവർ അപഹരിച്ചതോടെ ഇവരുടെ കുപ്രസിദ്ധി വർധിത തോതിലായി. വളരെ വ്യത്യസ്തമായതും അപാരശേഷിയുള്ളതുമായ ടെക്നിക്കുകളാണ് ഇവർ പ്രയോഗിക്കുന്നത്.

ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികളുടെ ഫണ്ടിങ്

ഉത്തരകൊറിയൻ ഹാക്കർമാർ, ലോകത്തെ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ നിന്ന് കോടിക്കണക്കിനു ഡോളറുകൾ മൂല്യം വരുന്ന സമ്പാദ്യം കൊള്ളയടിച്ചതിനെപ്പറ്റി ഇടയ്ക്കു റിപ്പോർട്ട് വെളിയിൽ വന്നിരുന്നു. ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികളുടെ ഫണ്ടിങ്ങിനായാണ് ഈ തുക ഉപയോഗിക്കുന്നതെന്നു യുഎൻ മുന്നറിയിപ്പും നൽകി.

ഫിഷിങ്, മാൽവെയർ, സോഷ്യൽ എൻജിനീയറിങ് തുടങ്ങി പലവിധ മാർഗങ്ങളുപയോഗിച്ചാണ് ഉത്തര കൊറിയ സൈബർ ആക്രമണങ്ങൾ നടത്തുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ വോലറ്റുകളിൽ നിന്ന് ഉത്തര കൊറിയയിലേക്കു മാറ്റുകയാണ് ഉത്തര കൊറിയൻ ഹാക്കർമാർ ചെയ്യുന്നത്. തുടർന്ന് പലവിധ പ്രവർത്തനങ്ങളിലൂടെ ഇതു പണമാക്കി മാറ്റും.

ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികൾ രാജ്യാന്തര സമൂഹത്തിന്റെ, പ്രത്യേകിച്ച് യുഎസിന്റെ നിശിത വിമർശനങ്ങൾ സ്ഥിരം ഏറ്റുവാങ്ങുന്നവയാണ്. നിരവധി ഉപരോധങ്ങളും ഇതു മൂലം രാജ്യത്തിനു മേൽ ചുമത്തപ്പെട്ടിട്ടുണ്ട്.2006ൽ ഉത്തര കൊറിയ നടത്തിയ ആദ്യ ആണവ പരീക്ഷണത്തിനു ശേഷം യുഎൻ രക്ഷാ സമിതി ഉപരോധം ഏർപ്പെടുത്തിയിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com