ഒടുവില്‍ ഐഫോണിലേക്ക് ലൈവ് ട്രാന്സ്ലേഷന്, വല്ലാതെ വൈകിയെന്ന് ആരാധകർ

Mail This Article
ആപ്പിള്‍ സോഫ്റ്റ്വെയര് സിസ്റ്റത്തിലേക്ക് ചരിത്രത്തിലാദ്യമായി ലൈവ് ട്രാന്സ്ലേഷന്, അല്ലെങ്കില്‍ തത്സമയ തര്‍ജമ കടന്നുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ബഡ്സ് വഴി വര്‍ഷങ്ങളായി നല്‍കിവന്ന ലൈവ് ട്രാന്സ്ലേഷന് സമാനമായിരിക്കും ഇത്. ആപ്പിളിന്റെ തത്സമയ തര്‍ജ്ജമ, കമ്പനിയുടെ സ്വന്തം വയര്‍ലെസ് ഇയര്‍ബഡ്സ് ആയ എയര്‍പോഡ്സ് വഴിയായിരിക്കും പ്രവര്‍ത്തിപ്പിക്കുക എന്നാണ് സൂചന.
എന്താണ് ലൈവ് ട്രാന്‍സ്ലേറ്റ്?
ഉദാഹരണത്തിന് ഇംഗ്ലീഷ് മാത്രം അറിയാവുന്ന ഒരാള്‍ ഹിന്ദി മാത്രം അറിയാവുന്ന ഒരാളോട് ഇടപെടുമ്പോള്‍, ഹിന്ദി മാത്രം അറിയാവുന്ന ആളുടെ സംസാരം ഇംഗ്ലിഷിലേക്കും, തിരിച്ചും തത്സമയം തര്‍ജമ ചെയ്ത് നല്കുന്ന രീതിയെയാണ് ലൈവ് ട്രാന്സ്ലേഷന് എന്നു വിളിക്കുന്നത്. ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് ഇത് വര്‍ഷങ്ങളായി പരിചിതമാണ്. ആന്‍ഡ്രോയിഡ് ആപ്പായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലാണ് 2011ല്‍ ഗൂഗിള്‍ ആദ്യമായി കോണ്‍വര്‍സേഷന്‍ മോഡ് അവതരിപ്പിക്കുന്നത്.
പരിഷ്കരിച്ച പതിപ്പ് പിന്നീട് പിക്സല്‍ ലൈവ് ട്രാന്‍സ്ലേറ്റ് എന്ന പേരില്‍ പിക്സല്‍ ഫോണുകള്‍ക്ക് മാത്രമായി നല്കി തുടങ്ങി. പിക്സല്‍ 6 മുതലുള്ള ഫോണുകളില്‍ ഇത് ഇപ്പോള്‍ ലഭ്യമാണ്. ആപ്പിള്‍ ഇത്തരം ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ എടുത്തിരിക്കുന്ന കാലതാമസം അതിശയിപ്പിക്കുന്നതാണ് എന്ന് വിമര്‍ശനമുണ്ട്. കൂടാതെ, ആപ്പിളിന്റെ ലൈവ് ട്രാന്‍സ്ലേറ്റിന് തുടക്കത്തില്‍ എത്ര കൃത്യത ഉണ്ടായിരിക്കും എന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു എന്നും പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം ഒരു ഫീച്ചറിന്റെ കാര്യത്തില്‍ ഗൂഗിളിനൊപ്പം ഓടിയെത്താന്‍ ആപ്പിളിന് കാലതാമസമെടുത്തു എന്നു കാണാം. കൂടാതെ, തുടക്കത്തില്‍ ആപ്പിള്‍ എത്ര ഭാഷകള്‍ക്കുള്ള സപ്പോര്‍ട്ട് നല്‍കും എന്നും വ്യക്തമല്ല. എന്തായാലും, ഗൂഗിള്‍ ആണെങ്കിലും ആപ്പിള്‍ ആണെങ്കിലും താരതമ്യേന പ്രചാരം കൂടിയ ഭാഷകള്‍ തമ്മിലുള്ള തര്‍ജ്ജമയ്ക്ക് ലഭിക്കുന്ന കൃത്യത മറ്റു ഭാഷകള്‍ക്ക് നല്‍കാനാവില്ല. എന്നാല്‍, കാലക്രമത്തില്‍ കൃത്യത ആര്‍ജ്ജിക്കും.
ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ലൈവ് ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ ഐഓഎസ് 19ല്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. എന്നാല്‍, ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനം കമ്പനി തങ്ങളുടെ വേള്‍ഡ്വൈഡ് ഡിവലപ്പേഴ്സ് കോണ്‍ഫറന്‍സ് (ഡബ്ല്യുഡബ്ല്യൂഡിസി) 2025ല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടത്തിയേക്കും എന്നുമാണ് സൂചന.
ഗെയിമര്‍മാര്‍ക്കും ഗുണമായേക്കും
ചില ഭാഷകള്‍ അറിയാവുന്ന ഗെയിമര്‍മാര്‍ സ്റ്റാര്‍ ട്രെക് പോലെയുള്ള ഗെയിം കളിക്കുമ്പോള്‍ ഇംഗ്ളിഷ് സംസാരിക്കുന്ന ആളുടെ സംസാരം ഹിന്ദി സംസാരിക്കുന്ന ആളിനും തിരിച്ചും തത്സമയം മൊഴിമാറ്റി നല്‍കിയേക്കും. എയര്‍പോഡ്സ് വഴി മാത്രമായിരിക്കും ഈ തര്‍ജ്ജമ നടത്തുക. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഏതെല്ലാം എയര്‍പോഡ്സിന് ഇത് സാധിക്കുമെന്ന് അറിയില്ല.
അതേസമയം, ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളുടെയും സോഫ്റ്റ്വെയറിന് വമ്പന്‍ പരിഷ്കരണങ്ങള്‍ പ്രതീക്ഷിക്കാമെന്നും സൂചനയുണ്ട്. മാക്, ഐപാഡ്, ഐഫോണ്‍ തുടങ്ങിയവയുടെ ഒക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനത തോന്നിപ്പിക്കാനുള്ള ശ്രമം ആയിരിക്കും ആപ്പിള്‍ നടത്തുക എന്നാണ് സൂചന. ഉദാഹരണത്തിന്, ഐഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ ആദ്യമായി മാക് വാങ്ങിയാല്‍ കാര്യമായ ഒരു അപരിചിതത്വവും ഇല്ലാതെ അത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
എയര്‍പോഡ്സ് പ്രോ 3, ക്യാമറയുള്ള എയര്‍പോഡ്സ് വന്നേക്കും
ഏറ്റവും കരുത്തുറ്റ ഇയര്‍ബഡ്സ് ആയ എയര്‍പോഡ്സ് പ്രോക്ക് പുതിയ പതിപ്പ് അധികം താമസിയാതെ ആപ്പിള്‍ പുറത്തിറക്കിയേക്കും. അതിനു പുറമെ, ക്യാമറയുള്ള ഒരു എയര്‍പോഡ്സ് മോഡലും വില്‍പ്പനയ്ക്ക് എത്തിച്ചേക്കും. ഇതിന് ആപ്പിള്‍ ഇന്റലിജന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കേള്‍ക്കുന്നത്.
ഇത് ഉപയോഗിക്കുന്ന ആളുടെ ചുറ്റുപാടുകളെ ക്യാമറക്കണ്ണുകളിലൂടെ നോക്കിക്കണ്ട് വിശകലനം ചെയ്ത് പറഞ്ഞുകൊടുക്കാനുള്ള ശേഷിയായിരിക്കും ക്യാമറയുള്ള എയര്‍പോഡ്സിന്റെ അധിക സവിശേഷത എന്നാണ് കേട്ടുകേള്‍വി.

ഐഓഎസ് 19-നാടകീയമായ മാറ്റങ്ങള്‍ പ്രതിഫലിക്കുമോ?
ഡബ്ല്യുഡബ്ല്യൂഡിസി 2025ല്‍ പരിചയപ്പെടുത്താന്‍ പോകുന്ന പുതിയ ഐഓഎസ് 19 പതിപ്പില്‍ ''നാടകീയമായ'' മാറ്റങ്ങള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂസര്‍ ഇന്റര്ഫെയ്സിലായിരിക്കും മാറ്റങ്ങള്‍.
പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇതാ:
ആപ്പിളിന്റെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ വിഷന്‍ പ്രോയ്ക്ക് ആയി വികസിപ്പിച്ച വിഷന്ഓഎസിന്റെ യൂസര്‍ ഇന്റര്‍ഫെയ്സില്‍ നിന്ന് കടംകൊണ്ടായിരിക്കും മാറ്റങ്ങള്‍ കൊണ്ടുവരിക. ഇത് ഐഓഎസിലും, ഐപാഡ്ഓഎസിലും, മാക്ഓഎസിലും പ്രതിഫലിക്കും. ഐക്കണുകള്‍ക്ക് അടക്കം സമാനതകള്‍ കൈവരും. വിഷന്ഓഎസിലെ ഐക്കണുകളോട് സമാനത പ്രതീക്ഷിക്കാം.
കണ്ട്രോള് സെന്ററിന് മാറ്റം വന്നേക്കും. ഐഓഎസ് 19 അടക്കം പുതുക്കിയ ആപ്പിള്‍ ഓഎസുകളില്ലാം കണ്ട്രോള് സെന്റര്‍, ഇപ്പോഴുള്ളതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറിയേക്കും. വരുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, കണ്ട്രോള് സെന്റര്‍ ഐക്കണും പ്രവര്‍ത്തന രീതിയും പുതുക്കിയേക്കുമെന്നാണ് സൂചന.
ക്യാമറാ ആപ്പിനെയും പരിഷ്കരിച്ചേക്കും. പൂര്‍ണ്ണമായും സുതാര്യമല്ലാത്ത (ട്രാന്‍സ്ലൂസന്റ്) മെന്യു സിസ്റ്റം ആപ്പില്‍ എത്തുമെന്ന് പ്രതീക്ഷയുണ്ട്. ഫോട്ടോ-വിഡിയോ മോഡുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാനായി ഒരു ടോഗ്ള്‍ സ്വിച്ച് വന്നേക്കും. ക്യാമറയില്‍ എഐ ഫീച്ചറുകളും പ്രതീക്ഷിക്കാമെന്നും ചില വാദങ്ങളുണ്ട്.

ആപ്പിളിന്റെ സ്വന്തം ആപ്പുകള്‍ കൂടുതല്‍ എഐവല്‍ക്കരിക്കപ്പെട്ടേക്കാം
എഐ ഫീച്ചറുകള്‍ എ18 പ്രൊസസര്‍ ഉള്ള ഫോണുകള്‍ക്കായി പരിമിതപ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ട. എ19 പ്രൊസസറുമായി ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന ഐഫോണ്‍ 17 സീരിസിന്റെ ക്യാമറകള്ക്കായിരിക്കാം എഐ ഫീച്ചറുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ സാധിക്കുക.
അതേസമയം, ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിപ്പിക്കുന്ന എഐ ഫീച്ചറുകള്‍ക്ക് കമ്പനി 2025ല്‍ അധികം പ്രാധാന്യം നല്‍കിയേക്കില്ലെന്നും വാദമുണ്ട്. ആപ്പിള്‍ ഇന്റലിജന്‍സിന് എന്തെങ്കിലും അര്‍ത്ഥവത്തായ പരിഷ്കാരം ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട.
ആപ്പിളിന്റെ സ്വന്തം ആപ്പുകള്‍ കൂടുതല്‍ എഐവല്‍ക്കരിക്കപ്പെട്ടേക്കാം താനും. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരി പരിഷ്കരണം പ്രതീക്ഷിച്ചു നില്‍ക്കുകയാണെങ്കിലും അതും അടുത്തവര്‍ഷത്തേക്ക് മാറ്റിവച്ചേക്കും. സിരി 2.0 ഐഓഎസ് 19ല്‍ മികവോടെ പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനിയുടെ പരിശ്രമം എന്നും പറയപ്പെടുന്നു.