പൊലീസ് കോൺസ്റ്റബിൾ: വിജ്ഞാപനം വർഷംതോറും, പക്ഷേ, നിയമനം കൂടുന്നില്ല

Mail This Article
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ നടന്നത് 30% നിയമന ശുപാർശ മാത്രം.
ഏഴു ബറ്റാലിയനുകളായി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ 6,647 പേരെയാണു പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. ഏപ്രിൽ 14നു കാലാവധി അവസാനിക്കാനിരിക്കെ 2,028 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ആകെ നിയമന ശുപാർശയിൽ 173 എണ്ണം എൻജെഡി ഒഴിവുകളിൽ ആയതിനാൽ യഥാർഥ നിയമനം 1,855 മാത്രം. ഉയർന്ന കട്ട് ഓഫ് തീരുമാനിച്ച് ഇത്തവണത്തെ ലിസ്റ്റിൽ പിഎസ്‌സി ആളെ കുറച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും നിയമനം ലഭിക്കുമെന്നാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിച്ചത്.
പുതിയ ഒഴിവുകൾ വരുന്നതേയില്ല
ജോലിഭാരത്തിനനുസരിച്ച് പൊലീസ് സേനയിൽ അംഗബലമില്ലെന്ന പരാതി ഉയരാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പുതിയ തസ്തിക അനുവദിക്കണമെന്നു ചൂണ്ടിക്കാട്ടിയുള്ള നിർദേശങ്ങളും ശുപാർശകളും സർക്കാരിനു മുന്നിലുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ധനവകുപ്പ് പുതിയ നിയമനങ്ങൾ അംഗീകാരം നൽകുന്നില്ല. വിരമിക്കൽ ഒഴിവുകളിൽ മാത്രമാണ് ഇപ്പോൾ നിയമനം നടക്കുന്നത്. ഇതുതന്നെ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
മുൻപ് രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കലായിരുന്നു പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നത്. മൂന്നു വർഷത്തിനിടയിലെ ഒഴിവുകൾ ലഭിക്കുന്നതിനാൽ ഈ ലിസ്റ്റുകളിൽ വൻതോതിൽ നിയമനം കുറഞ്ഞിരുന്നില്ല. ഇപ്പോൾ വാർഷിക തിരഞ്ഞെടുപ്പു നടത്തുന്നതിനാൽ ഒരു വർഷത്തെ മാത്രം ഒഴിവാണ് അതതു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിക്കുക. വിജ്ഞാപനത്തിന്റെ എണ്ണത്തിലുണ്ടായ വർധന ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാൻ അവസരം കൂട്ടുമെങ്കിലും നിയമനത്തിലുണ്ടാകുന്ന കുറവ് തിരിച്ചടിയാണ്.
റിപ്പോർട്ട് ചെയ്തത് 65 ഒഴിവുകൾ
കോൺസ്റ്റബിൾമാരുടെ 65 ഒഴിവുകൂടി പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 53 പുതിയ ഒഴിവും 12 എൻജെഡി ഒഴിവുമാണു റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം (എസ്എപി), എറണാകുളം (കെഎപി–1), തൃശൂർ (കെഎപി–2), പത്തനംതിട്ട (കെഎപി–3) ജില്ലകളിലാണ് ഇത്രയും ഒഴിവുകൾ. കൂടുതൽ ഒഴിവ് തിരുവനന്തപുരം ജില്ലയിലാണ്–25. കുറവ് പത്തനംതിട്ടയിൽ–5. എറണാകുളത്ത് 5 ഒഴിവും തൃശൂരിൽ 30 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഒഴിവുകളിൽ വൈകാതെ നിയമന ശുപാർശ അയയ്ക്കും.