പിഎസ്‌സി അംഗങ്ങൾക്കും ചെയർമാനും 1.6 ലക്ഷം രൂപയോളം ശമ്പള വർധന

Mail This Article
പിഎസ്‌സി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും സേവനവേതന വ്യവസ്ഥകൾ പരിഗണിച്ച ശേഷമാണു തീരുമാനം. ചെയർമാനു ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കു ജില്ലാ ജഡ്ജിമാരുടെ സിലക്‌ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം.
ചെയർമാന്റെ ആകെ ശമ്പളം 2.24 ലക്ഷം രൂപയിൽ നിന്ന് 3.87 ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തിൽനിന്ന് 3.80 ലക്ഷമായും ഉയരും. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി മുതൽ മുൻകാല പ്രാബല്യം വേണമെന്ന ആവശ്യംകൂടി അംഗീകരിച്ചാൽ 35 കോടി രൂപയിലേറെ കുടിശികയും സർക്കാർ നൽകണം.
പെൻഷനിലും വർധനയുണ്ടാകും. ചെയർമാന്റെ പെൻഷൻ 1.25 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തിൽ നിന്ന് 2.25 ലക്ഷമായും വർധിക്കും. ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണു പിഎസ്‌സിയിലുള്ളത്. ഇതിൽ ഒരു ഒഴിവ് നികത്തിയിട്ടില്ല. കോൺഗ്രസ് എസിന് അനുവദിച്ച ഒഴിവിൽ നിയമനമാകാത്ത സാഹചര്യത്തിൽ 20 അംഗങ്ങളാണു നിലവിലുള്ളത്.