കാത്തിരിപ്പിനു വിരാമം; KAS വിജ്ഞാപനം മാർച്ച് 7ന്

Mail This Article
നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) രണ്ടാം വിജ്ഞാപനം മാർച്ച് 7നു പിഎസ്‌സി പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ തവണത്തെപ്പോലെ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ജൂൺ 14നു നടത്തുന്ന പ്രിലിമിനറി ഒബ്ജക്ടീവ് പരീക്ഷയിൽ 100 മാർക്ക് വീതമുള്ള 2 പേപ്പറുകളാണ് ഉൾപ്പെടുത്തുക. വിവരണാത്മക രീതിയിലുള്ള മെയിൻ പരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പറുകളാണു മെയിൻ പരീക്ഷയിൽ. 2026 ജനുവരിയിൽ ഇന്റർവ്യൂ പൂർത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കെഎഎസ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് 350 മാർക്കിലാണ്. മെയിൻ പരീക്ഷയുടെ 300 മാർക്ക്, ഇന്റർവ്യൂവിന്റെ 50 മാർക്ക് എന്നിവയാണ് റാങ്ക് നിർണയത്തിനു പരിഗണിക്കുക. പ്രാഥമിക പരീക്ഷ സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്. ഇത് റാങ്ക് നിർണയത്തിനു പരിഗണിക്കില്ല.
കെഎഎസിലേക്ക് 31 ഒഴിവുകളാണ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ടു ഘട്ടമായാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. നേരിട്ടുള്ള നിയമനത്തിന്റെ സ്ട്രീം–1ൽ 11, തസ്തികമാറ്റം വഴിയുള്ള സ്ട്രീം–2, 3 എന്നിവയിൽ 10 വീതം എന്നിങ്ങനെയാണ് ഒഴിവ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്ക് കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്യുമെന്നാണു പ്രതീക്ഷ. 2019ലെ ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത് 562 പേരാണ്. സ്ട്രീം 1ൽ 190 പേരെയും, സ്ട്രീം 2ൽ 185 പേരെയും, സ്ട്രീം 3ൽ 187 പേരെയുമാണ് ഉൾപ്പെടുത്തിയത്. 3 സ്ട്രീമിലായി 108 പേർക്ക് നിയമന ശുപാർശ ലഭിച്ചു.
രണ്ടാം KAS തിരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തിൽ
5 ലക്ഷത്തിലേറെപ്പേർ അപേക്ഷിച്ചേക്കാം
രണ്ടാം കെഎഎസ് വിജ്ഞാപന പ്രകാരം 5 ലക്ഷത്തിലേറെ പേർ അപേക്ഷ നൽകുമെന്നു കണക്കാക്കുന്നു. 2019 നവംബർ 1നു പ്രസിദ്ധീകരിച്ച ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരം 3 സ്ട്രീമുകളിലായി 5,77,444 പേരാണ് അപേക്ഷ നൽകിയിരുന്നത്. സ്ട്രീം 1ൽ 5,47,543 പേരും സ്ട്രീം 2ൽ 26,950 പേരും സ്ട്രീം 3ൽ 2951 പേരും അപേക്ഷ നൽകി. 4,00,014 പേർ കൺഫർമേഷൻ നൽകിയെങ്കിലും (സ്ട്രീം 1–375993, സ്ട്രീം 2–22564, സ്ട്രീം 3–1457) 3,29,826 പേരാണ് (സ്ട്രീം 1–308138, സ്ട്രീം 2–20292, സ്ട്രീം 3–1396) പരീക്ഷ എഴുതിയത്.
സിലബസിൽ മാറ്റമില്ല
മുൻ കെഎഎസ് പരീക്ഷയുടെ സിലബസിൽ തന്നെയാണ് ഇത്തവണയും പ്രാഥമിക, മെയിൻ പരീക്ഷകൾ നടത്തുക. രണ്ടു പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ ഇംഗ്ലിഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഉൾപ്പെടുത്തും. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്കു തമിഴ്, കന്നഡ പരിഭാഷയും നൽകുന്നുണ്ട്. ഇംഗ്ലിഷിലോ മലയാളത്തിലോ ഉത്തരമെഴുതാം. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലിഷിലോ തമിഴിലോ കന്നഡയിലോ ഉത്തരമെഴുതാം.