അസിസ്റ്റന്റ് ലേബർ ഓഫിസർ: നേരിട്ടും തസ്തികമാറ്റം വഴിയും നിയമനത്തിന് ഇനി ഒരേ യോഗ്യത

Mail This Article
തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ്–2 തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന്റെയും തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്റെയും യോഗ്യത ഏകീകരിക്കുന്നു. നേരിട്ടുള്ള നിയമനത്തിന്റെ യോഗ്യതതന്നെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും ഏർപ്പെടുത്തും. തസ്തികമാറ്റ നിയമനത്തിന്റെയും നേരിട്ടുള്ള നിയമനത്തിന്റെയും അനുപാതം 1:1 ആയി ഭേദഗതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇത് 2:1 ആണ്. ഇതനുസരിച്ചു സ്പെഷൽ റൂളിൽ ഭേദഗതി വരുത്താൻ ലേബർ കമ്മിഷണർക്കു തൊഴിലും നൈപുണ്യവും വകുപ്പു സെക്രട്ടറി നിർദേശം നൽകി. ഭേദഗതി നടപ്പാകുന്നതോടെ പിഎസ്‌സി നിയമനങ്ങൾ ഊർജിതമാകുമെന്നു പ്രതീക്ഷിക്കുന്നു.
ഉദ്യോഗാർഥികൾ ഇടപെട്ടു; ചട്ടം മാറി
തസ്തികമാറ്റം വഴി നിയമിതരാകുന്ന യുഡി ക്ലാർക്കുമാരുടെ വിദ്യാഭ്യാസ യോഗ്യതയും നിയമനാനുപാതവും നിയമസഭാ കമ്മിറ്റിയുടെ നിർദേശാനുസരണം പരിഷ്കരിക്കണമെന്ന് 2017 മുതൽ ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നതാണ്. സംസ്ഥാനത്തെ മറ്റു സബോഡിനേറ്റ് സർവീസുകളിലെ തസ്തികകളിൽനിന്ന് വ്യത്യസ്തമായി തസ്തികമാറ്റ നിയമനത്തിനു യോഗ്യത വ്യക്തമാക്കാത്തതായിരുന്നു തൊഴിൽ വകുപ്പിലെ സ്പെഷൽ റൂൾസ്. നേരിട്ടുള്ള നിയമനത്തിന് എൽഎൽബി ഉൾപ്പെടെയുള്ള യോഗ്യതകൾ നിഷ്കർഷിക്കുന്നുണ്ടെങ്കിലും തസ്തികമാറ്റ നിയമനത്തിനു വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കാത്തതിനാൽ പത്താം ക്ലാസ് യോഗ്യതയുള്ള സീനിയർ ക്ലാർക്കുമാരെ നിയമിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. സീനിയർ ക്ലാർക്കുമാർക്ക് ഈ തസ്തികയിൽ 67% വരെ സംവരണവും അനുവദിച്ചിരുന്നു.
തസ്തികമാറ്റം വഴി അഞ്ചിരട്ടി നിയമനം
2010 മുതലുള്ള നിയമനങ്ങൾ പരിശോധിച്ചാൽ, ഈ തസ്തികയിൽ പിഎസ്‌സി വഴി 59 നേരിട്ടുള്ള നിയമനം നടന്നപ്പോൾ ഇരുനൂറ്റി അൻപതിലധികം തസ്തികമാറ്റ നിയമനം നടന്നിട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു. 5:1 അനുപാതത്തിലാണ് 15 വർഷമായി നിയമനം നടക്കുന്നത്. 2017ൽ ഇതിനെതിരെ ഉദ്യോഗാർഥികൾ യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച നിയമസഭാ കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ യോഗ്യത തുല്യമാക്കാനും നിയമന അനുപാതം 1:1 ആക്കാനും കമ്മിറ്റി ശുപാർശ നൽകി. തുടർന്നാണ് ചട്ടഭേദഗതിക്കു വഴിയൊരുങ്ങിയത്.
റാങ്ക് ലിസ്റ്റ് ഒക്ടോബർ 28ന് അവസാനിക്കും
അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ്–2 തസ്തികയുടെ നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത ഒക്ടോബർ 28ന് അവസാനിക്കും. മെയിൻ ലിസ്റ്റിൽ 83, സപ്ലിമെന്ററി ലിസ്റ്റിൽ 59 എന്നിങ്ങനെ 142 പേരാണു ലിസ്റ്റിലുള്ളത്. ഇതിൽ 36 പേർക്ക് ഇതുവരെ നിയമന ശുപാർശ ലഭിച്ചു. കഴിഞ്ഞ നവംബർ 26നു ശേഷം ഒരാൾക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല.
നിയമനനില: ഓപ്പൺ മെറിറ്റ്–25, ഈഴവ–36, എസ്‌സി–സപ്ലിമെന്ററി 1, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–42, ഒബിസി–45, വിശ്വകർമ–70, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1. എൽസി/എഐ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.