ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വിനോദ സഞ്ചാര മേഖലയിൽ കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾക്ക് ഇനി പൈതൃകത്തനിമ. ഫോർട്ട്കൊച്ചി അഴിമുഖത്തോടു ചേർന്നു നിരന്നു നിൽക്കുന്ന ചീനവലകളിൽ നിന്ന് ഇരുമ്പ് പൈപ്പുകളെല്ലാം അപ്രത്യക്ഷമാകും. പകരം തേക്കിൻ തടികളും തമ്പകം തടികളും ഉപയോഗിച്ചുമാണു നവീകരണം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 9 വർഷം മുൻപ് ആരംഭിച്ച പദ്ധതി പ്രകാരം ആദ്യ ചീനവലയുടെ നവീകരണം കഴിഞ്ഞ ആഴ്ച പൂർത്തിയായപ്പോൾ മത്സ്യത്തൊഴിലാളികൾക്കും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രതീക്ഷയ്ക്കു വകയായി.

Read Also : ഇല്ലിക്കൽ കല്ല്, മാർമല, തങ്ങൾപാറ...മലകയറി മഴനനഞ്ഞു യാത്ര;...

ടൂറിസം വകുപ്പിൽ നിന്നു പദ്ധതി നടത്തിപ്പിനുള്ള സാമ്പത്തിക സഹായം തടസ്സമില്ലാതെ കിട്ടിയാൽ 2 മാസത്തിനകം ഇവിടെയുള്ള 11 വലകളുടെയും നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു ചീനവല തൊഴിലാളികൾ. കിറ്റ്കോയ്ക്കാണു നിർമാണച്ചുമതലയെങ്കിലും പണി ചെയ്യുന്നതു കൊച്ചിൻ ചൈനീസ് നെറ്റ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്. ചീനവലകളുടെ സാങ്കേതിക വശങ്ങൾ അറിയാവുന്നതു ചീനവല തൊഴിലാളികൾക്ക് ആയതുകൊണ്ടാണു ഹൈക്കോടതി ഉത്തരവു പ്രകാരം നവീകരണ ജോലികൾ അവർ ഏറ്റെടുത്തു നടത്തുന്നത്.

9 വർഷം ഇഴഞ്ഞു ; ഇപ്പോൾ വേഗത്തിലായി

2014 ജൂലൈയിൽ ആണു ചീനവലകളുടെ സംരക്ഷണത്തിനു സർക്കാർ 1.57 കോടി രൂപ അനുവദിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സന്ദർശനത്തിനു മുൻപു 40 ദിവസം കൊണ്ടു ചീനവലകളുടെ നവീകരണം പൂർത്തിയാക്കുക എന്നതായിരുന്നു ടൂറിസം വകുപ്പിന്റെ ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഗഡുവായി 80 ശതമാനം തുക കിറ്റ്കോയ്ക്കു കൈമാറുകയും ചെയ്തു. വർഷങ്ങളോളം അനക്കമറ്റു കിടന്ന പദ്ധതിക്കു ജീവൻ വച്ചതു 2018ൽ. കോതമംഗലം മുള്ളരിങ്ങാട് വനത്തിൽ നിന്നു വെട്ടി കൊണ്ടുവന്ന തേക്കിൻ തടികൾ 11 ചീനവലകളുടെ നവീകരണത്തിനായി വീതിച്ചു നൽകിയിട്ടുണ്ടെന്നു കിറ്റ്കോ അധികൃതർ അറിയിച്ചു. മൊത്തം 2.4 കോടി രൂപയുടെ ഭരണാനുമതിയാണു പദ്ധതിക്കു ലഭിച്ചത്. ഇതിൽ 1.30 കോടിയോളം വനം വകുപ്പിൽ നിന്ന് തടി എടുക്കുന്നതിനടക്കം ചെലവായിട്ടുണ്ട്.

Read Also : ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏത്?...

മുടക്കിയ പണം കിട്ടാൻ വൈകുന്നു

ചീനവല നവീകരണത്തിനു മുടക്കിയ തുക ടൂറിസം വകുപ്പിൽ നിന്നു കിട്ടാൻ വൈകുന്നതിൽ ഉടമകൾക്ക് ആശങ്ക. ഓരോ ലക്ഷം രൂപ വീതം പലിശയ്ക്ക് എടുത്താണു പലരും തെങ്ങിൻ കുറ്റി അടിക്കുന്നതിനുള്ള പണം സ്വരൂപിച്ചത്. 10 ദിവസത്തിനകം പണം ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും 6 മാസമായിട്ടും നടന്നില്ല. പദ്ധതി പ്രകാരം നവീകരിച്ച ആദ്യ ചീനവലയുടെ ഉടമയും മുടക്കിയ പണം തിരിച്ചു കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാണ്. ജിഎസ്ടി സംബന്ധമായ പ്രശ്നമാണു ബിൽ മാറി കിട്ടുന്നതിനു തടസ്സമായതെന്ന് അധികൃതർ പറയുന്നു. ഫോർട്ട്കൊച്ചി സബ് കലക്ടർ പി.വിഷ്ണുരാജ് ഇടപെട്ട് ഇതു പരിഹരിച്ചു. ഉടൻ പണം കൊടുക്കാൻ കഴിയുമെന്നു ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. പദ്ധതി എത്രയും പെട്ടെന്നു പൂർത്തിയാക്കുമെന്നു കെ.ജെ.മാക്സി എംഎൽഎ അറിയിച്ചു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com