ഈ മരത്തിന് കത്തെഴുതിയാൽ പ്രണയം സഫലമാകും, ചെകുത്താന്റെ മേശക്കല്ല്; വിചിത്രം ഈ നാട്
![germany-travel1 germany-travel1](https://img-mm.manoramaonline.com/content/dam/mm/mo/travel/world-escapes/images/2023/1/13/germany-travel1.jpg?w=1120&h=583)
Mail This Article
വിചിത്രമായ ഒട്ടേറെ കാഴ്ചകളുള്ള രാജ്യമാണ് ജർമനി. സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇവിടെയുണ്ട്. ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ്. പ്രശസ്തമായ മ്യൂനിച്ച് നഗരത്തിന് 170 കിലോമീറ്റർ വടക്കായാണ് ന്യൂറംബര്‍ഗ് സ്ഥിതിചെയ്യുന്നത്. സ്വദേശികള്‍ക്കും വിദേശസഞ്ചാരികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഈ നഗരത്തില്‍ കാണാനും അറിയാനും ഒട്ടനേകം കാര്യങ്ങളുണ്ട്. ഇംപീരിയൽ കാസിൽ , സെന്റ് ലോറൻസ് ചർച്ച് , നാസി ട്രയൽ ഗ്രൗണ്ടുകൾ എന്നിങ്ങനെയുള്ള പ്രധാന ആകര്‍ഷണങ്ങള്‍ക്കു പുറമേ, കലയും സംസ്ക്കാരവും, ചരിത്രവും, ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം കഥ പറയുന്ന 54- ഓളം മ്യൂസിയങ്ങള്‍ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്ലോബും 500 വർഷം പഴക്കമുള്ള മഡോണയും നവോത്ഥാന കാലഘട്ടത്തിലെ ജർമ്മൻ കലയുമെല്ലാം അദ്ഭുതത്തോടെ മാത്രമേ കാണാനാവൂ. ജർമനിയില്‍ ആരെയും അതിശയപ്പെടുത്തുന്ന കാഴ്ചകളെ അറിയാം.
ഓക്കുമരം പ്രണയികളുടെ ദൂതനാകുന്നു
ഡേറ്റിങ് ആപ്പുകള്‍ക്കും മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ക്കുമെല്ലാം മുന്‍പ്, ആളുകളെ ഒരുമിപ്പിച്ച ഒരു മരത്തിന്‍റെ കഥ കേട്ടിട്ടുണ്ടോ? അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ മരം ആളുകളെ പ്രണയം കണ്ടെത്താന്‍ സഹായിക്കുന്നുണ്ടത്രേ. അതിനായി മല മറിക്കുന്ന പണിയൊന്നും ചെയ്യേണ്ട, ചുമ്മാ ഈ മരത്തിനൊരു കത്തെഴുതിയാല്‍ മാത്രം മതി!
ജർമനിയിലെ ഷ്ലെസ്‌വിഗ് - ഹോൾസ്റ്റീനിലെ യൂട്ടിന് സമീപമുള്ള ഡോഡൗവർ ഫോർസ്റ്റ് വനത്തിലെ ഈ ഓക്ക് മരം, ‘ബ്രൈഡ്‌ഗ്രൂംസ് ഓക്ക്’ (ജർമൻ: Bräutigamseiche) എന്നാണ് അറിയപ്പെടുന്നത്. ജര്‍മനിയിലെ പ്രകൃതിദത്ത സ്മാരകങ്ങളില്‍ ഒന്നാണിത്. ഈ മരത്തില്‍ ഏകദേശം മൂന്നു മീറ്റർ ഉയരത്തില്‍ ഒരു ദ്വാരമുണ്ട്. മരത്തിനു മുകളില്‍ ചാരിവച്ച ഗോവണി വഴി കയറിയാല്‍ ദ്വാരത്തിനടുത്തെത്താം. ഇതൊരു തപാല്‍പ്പെട്ടിയാണ്. ആര്‍ക്കു വേണമെങ്കിലും ഇതിനു മുകളില്‍ കയറി, കത്തുകൾ തുറക്കാനോ വായിക്കാനോ എടുക്കാനോ ഉത്തരം നൽകാനോ കഴിയും. മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മരത്തിന്‍റെ വിലാസത്തില്‍ എഴുതി അയയ്ക്കുന്ന കത്തുകളും ഇവിടെ എത്തിച്ചേരുന്നു, അതെ, സ്വന്തമായി തപാല്‍ മേല്‍വിലാസം ഉള്ള വലിയ പുള്ളിയാണ് ഈ മരം! 1927 ൽ ജർമൻ തപാൽ വകുപ്പ് മരത്തിനു സ്വന്തം തപാൽ കോഡ് നൽകി.
ചെകുത്താന്‍ ഭക്ഷണം കഴിക്കാനായി ഉണ്ടാക്കിയ മേശക്കല്ല്!
കാഴ്ചയിൽ വിചിത്രമായി തോന്നുമെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്നിടമാണ് ഡെവിൾസ് ടേബിൾ. ജർമനിയിലെ റൈൻലാൻഡ് പാലറ്റിനേറ്റ് സംസ്ഥാനത്തിലെ വാസ്‌ഗൗ മേഖലയുടെ ജർമൻ ഭാഗത്തുള്ള 14 മീറ്റർ ഉയരമുള്ള ഒരു കൂൺ പാറയാണ് ഡെവിൾസ് ടേബിൾ. തെക്കുപടിഞ്ഞാറായി 5 കിലോമീറ്റർ മാത്രം അകലെയുള്ള സാൽസ്‌വുഗിലെ ഡെവിൾസ് ടേബിളിനേക്കാൾ വലുതും അറിയപ്പെടുന്നതുമാണ് ഇത്. കാലങ്ങളായി നിരവധി സാഹിത്യരചനകള്‍ക്കും കലാസൃഷ്ടികള്‍ക്കുമെല്ലാം, ഭാവനാപരമായ പ്രചോദനം നല്‍കിയിട്ടുണ്ട് ഈ പാറ.
![devils-table-1-image-845-440 devils-table-1-image-845-440](https://img-mm.manoramaonline.com/content/dam/mm/mo/travel/world-escapes/images/2023/1/13/devils-table-1.jpg.image.845.440.jpg)
ജര്‍മനിയിലെ ചരിത്രനഗരമായ പാലറ്റിനേറ്റിന്‍റെ ലാൻഡ്‌സ്‌കേപ്പ് ചിഹ്നങ്ങളിലൊന്നാണ് ഡെവിൾസ് ടേബിൾ. 1947 ൽ റൈൻലാൻഡ് പാലറ്റിനേറ്റ് തപാൽ സ്റ്റാമ്പിൽ ഈ പാറ ചിത്രീകരിച്ചു. 2006 ൽ ഇതിനെ നാഷനൽ ജിയോടോപ്പ് ആയി പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറ് എറ്റ്ഷ്ബെർഗിൽ നിന്ന് 324 മീറ്റർ ഉയരം വരെ രണ്ട് കിലോമീറ്ററിലധികം നീളുന്ന ഒരു പര്‍വതനിരയുടെ 312 മീറ്റർ ഉയരമുള്ള ഭാഗത്താണ് ഇത്. ഡെവിൾസ് ടേബിൾ നിൽക്കുന്ന കുന്നിൻ ചുവട്ടിൽ ഒരു കാർ പാർക്ക്, ഒരു സത്രം, ഡെവിൾസ് ടേബിൾ അഡ്വഞ്ചർ പാർക്ക് എന്നിവയുമുണ്ട്.
ഭക്ഷണം കഴിക്കാന്‍ പാത്രം കൊണ്ടുപോവണം
ജർമനിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, സ്വാബിയൻ മേഖലയിലെ ആൽപ്‌സ് പർവതനിരകൾക്കും ഇടതൂർന്ന മരങ്ങളുള്ള ഷോൺബുച്ച് പ്രകൃതി പാർക്കിനും ഇടയിലായാണ് ട്യൂബിംഗൻ പട്ടണം. രാജ്യത്തെ ഏറ്റവും സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഒന്നാണ് ട്യൂബിംഗന്‍. കോഫി കപ്പുകളും ഐസ്‌ക്രീം പാത്രങ്ങളും മീൽ പ്ലേറ്റുകളും പോലെയുള്ള ഡിസ്‌പോസിബിൾ പാത്രങ്ങള്‍ക്ക് വലിയ നികുതിയാണ് ഇവിടെ ചുമത്തുന്നത്. കത്തികൾ, സ്പൂണുകൾ തുടങ്ങി എല്ലാ ഡിസ്പോസിബിൾ കട്ട്ലറികൾക്കും വില കൂട്ടിയിട്ടുണ്ട് പോലും നികുതി ചുമത്തുന്നു. പുനരുപയോഗയോഗ്യമായ വസ്തുക്കളില്‍ നിന്നാണ് നിര്‍മിച്ചതെങ്കിലും കാര്യമില്ല, പരിസ്ഥിതിസംരക്ഷണത്തിനായി ഇത്തരം ഉല്‍പന്നങ്ങള്‍ തീരെ നിര്‍മിക്കാതിരിക്കുന്നതാണ് നല്ലത് എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്.
![Germany-image-845-440 Germany-image-845-440](https://img-mm.manoramaonline.com/content/dam/mm/mo/travel/world-escapes/images/2023/1/13/Germany.jpg.image.845.440.jpg)
ഈ നയം നടപ്പാക്കി ആദ്യത്തെ ഏതാനും ആഴ്ചകളിൽത്തന്നെ ഫലം കാണാനായി, നഗരത്തിലെ ചവറ്റുകുട്ടകളിൽ മാലിന്യം 15% വരെ കുറഞ്ഞു. കൂടുതൽ ആളുകൾ ഭക്ഷണശാലകളിലേക്ക് സ്വന്തമായി പാത്രങ്ങള്‍ കൊണ്ടുവരുന്നത് ശീലമാക്കി. പരിസ്ഥിതിയെ സംരക്ഷിക്കാനായി ട്യൂബിംഗനില്‍ നടക്കുന്ന ജനകീയ പങ്കാളിത്തമുള്ള ഈ മുന്നേറ്റം ലോകത്തിനു മുഴുവന്‍ മാതൃകയാണ്. ആശയപരമായി മാത്രമല്ല, സംസ്കാരത്തിലും കാഴ്ചകളിലും അനുഭവങ്ങളിലുമെല്ലാം ഈ നഗരം പ്രൗഡിയുടെ ധാരാളിത്തം കാത്തുസൂക്ഷിക്കുന്നു. നെക്കർ നദിക്കരയിലുള്ള വർണാഭമായ ഇടുങ്ങിയ വീടുകളും ഹോഹെൻറുബിംഗൻ കാസിൽ, എബർഹാർഡ്- കാൾസ് യൂണിവേഴ്സിറ്റി എന്നിവയുമെല്ലാം ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങളില്‍പ്പെടുന്നു.
English Summary: Germany Travel Experience