എമ്പുരാനിലെ ജതിൻ രാംദാസിന് പൊഖാറയിൽ എന്താണ് കാര്യം?

Mail This Article
‘പൊഖാറ’ എന്ന സ്ഥലപ്പേര് കേട്ടാൽ മലയാളികൾക്ക് അത് നൊസ്റ്റാൾജിയ ആണ്. യോദ്ധ സിനിമയിൽ തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുട്ടിമാമയെ അന്വേഷിച്ച് പൊഖാറയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പൊഖാറയിലെ കുട്ടിമാമയും ഡോൾമ അമ്മായിയും റിംപോച്ചെയും എല്ലാം അന്നേ മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ്.

ഇപ്പോൾ ഇതാ നടൻ ടോവിനോ തോമസും സംഘവും പൊഖാറയിൽ എത്തിയിരിക്കുകയാണ്. മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് പൊഖാറയിൽ എത്തിയതിന്റെ ചിത്രം ടൊവിനോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 'ഇൻ സെർച്ച് ഓഫ് കുട്ടിമാമ , ഡോൾമ അമ്മായി ആൻഡ് റിംപോച്ചെ' എന്നാണ് പൊഖാറയിൽ നിന്നുള്ള ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. സഹോദരൻ ടിങ്സ്റ്റൺ തോമസും നടനും ബന്ധുവുമായ ധീരജ് ഡെന്നിയും മറ്റ് സുഹൃത്തുക്കളും ടൊവിനോ തോമസിന് ഒപ്പമുണ്ട്.
മധ്യ നേപ്പാളിലെ വളരെ പ്രസിദ്ധമായ ഒരു സ്ഥലമാണ് പൊഖാറ. ഹിമാലയത്തിലെ അന്നപൂർണ ബേസ് ക്യാംപ് യാത്രയ്ക്കും അന്നപൂർണ സർക്യൂട്ട് ചെയ്യാനും എത്തുന്നവർ പൊഖാറയിൽ ആണ് ആദ്യം എത്തുന്നത്. പൊഖാറയിൽ അന്നപൂർണ ഹിമമലനിരകൾ കാണാൻ സാധിക്കും. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് പറ്റിയ ഇടമാണ് പൊഖാറ. ലോകത്തിലെ പത്താമത്തെ ഉയരമുള്ള പർവതമായ അന്നപൂർണ പൊഖാറയിലാണ് സ്ഥിതി ചെയ്യുന്നത്. അന്നപൂർണ മാത്രമല്ല മറ്റ് നിരവധി സ്ഥലങ്ങളാണ് നേപ്പാളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

∙ഫെവ തടാകം
പ്രകൃതിദത്തവും അതേസമയം മനുഷ്യനിർമിതവുമായ തടാകമാണ് ഇത്. പൊഖാറയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശനത്തിന് എത്തുന്ന തടാകം കൂടിയായ ഇത് നേപ്പാളിലെ രണ്ടാമത്തെ വലിയ തടാകമാണ്. കനോയിങ്, ബോട്ടിങ്, നീന്തൽ, സെയിലിങ്, ഫിഷിങ്, കയാക്കിങ്, പക്ഷിനിരീക്ഷണം എന്നു തുടങ്ങി ഇവിടെ എത്തുന്ന സന്ദശകർക്ക് ഏർപ്പെടാൻ നിരവധി വിനോദങ്ങളും ഉണ്ട്. ഈ തടാകത്തിലെ ദ്വീപിൽ ഒരു ബരാഹി ക്ഷേത്രവും ഉണ്ട്.

∙ഡേവിസ് വെള്ളച്ചാട്ടവും പഴയ ബസാറും
പൊഖാറ വിമാനത്താവളത്തിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം. ഫേവ തടാകമാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രധാന ഉറവിടം. ഈ വെള്ളച്ചാട്ടത്തിൽ ഒരു സ്ത്രീ മുങ്ങി മരിച്ചിരുന്നു അവരുടെ പേരിൽ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്. ഈ വെള്ളച്ചാട്ടത്തിലെ വെള്ളം നദിയിലേക്കോ തടാകത്തിലേക്കോ ഒന്നും ഒഴുകുന്നില്ല. പകരം ഒരു ഇരുണ്ട ഗർത്തത്തിലേക്ക് പതിച്ച് അപ്രത്യക്ഷമാകുകയാണ്. ഈ നിഗൂഢതയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

പൊഖാറയിൽ ഒന്ന് ചുറ്റി നടക്കാനോ ഷോപ്പിങ് നടത്താനോ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഓൾഡ് ബസാർ. ഫെവ തടാകത്തിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പൊഖാറയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നായ ബിന്ധ്യാബസിനി മന്ദിർ ഈ ബസാറിലാണ് സ്ഥിതി ചെയ്യുന്നത്.
∙ഗുപ്തേശ്വർ മഹാദേവ് ഗുഹയും പൊഖാറ ശാന്തി സ്തൂപവും
ഡേവിസ് വെള്ളച്ചാട്ടത്തിന് അടുത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ പ്രവേശനകവാടത്തിലേക്ക് എത്താൻ ഒരു പിരിയൻ ഗോവണി കയറി എത്തണം. സ്വാഭാവികമായി രൂപപ്പെട്ട ഈ ഗുഹയ്ക്ക് ശിവലിംഗത്തിനോട് സാമ്യമുണ്ട്. പഴയകാലത്തെ ആളുകളുടെ വീടുകളായിരുന്നു ഇതെന്നും വിശ്വസിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ നാട്ടുകാർ ആണ് ഈ ഗുഹ കണ്ടെത്തിയത്.
ഫെവാ തടാകത്തിന് മുകളിലായാണ് പൊഖാറ ശാന്തി സ്തൂപം സ്ഥിതി ചെയ്യുന്നത്. ലോക സമാധാന പഗോഡ എന്നും ഇത് അറിയപ്പെടുന്നു. സമാധാനത്തിന്റെ പ്രതീകമായാണ് ചില സന്യാസിമാർ ഈ തിളങ്ങുന്ന വെളുത്ത താഴികക്കുടം നിർമിച്ചത്. വിനോദസഞ്ചാരികൾക്കും വിശ്വാസികൾക്കുമായി സ്തൂപത്തിന് വ്യത്യസ്തമായ രണ്ടു തട്ടുകളുണ്ട്. കാട്ടിലൂടെ നടന്നും ബോട്ടിങ് നടത്തിയും ഈ സ്തൂപത്തിലേക്ക് എത്തിച്ചേരാൻ കഴിയും.
നേപ്പാളിലെ പ്രശസ്തമായ നഗരങ്ങളിൽ ഒന്നായ സരങ്ങ് കോട്ട് നഗരവും പൊഖാറയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പാരാഗ്ലൈഡിങ് ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള അവസരം ഇവിടുണ്ട്. പൊഖാറയിലെ രാജ്യാന്തര മൗണ്ടൻ മ്യൂസിയവും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. പർവതങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ചരിത്രത്തെക്കുറിച്ചും കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ മ്യൂസിയം സന്ദർശിക്കാം.