ആർത്തവരക്തം തടയാൻ ചാരവും മണ്ണും; പശുവിനു കൂടി നൽകിയ ശേഷം ഭക്ഷണം; പെണ്ണായി പിറന്നതിന്റെ ദുരിതം
Mail This Article
ആദ്യമായി ഭർത്താവിന് ഒപ്പം അവർ ഭക്ഷണം കഴിച്ചു,
ആദ്യമായി അവർ ഭർത്താവിന്റെ പേരു പറഞ്ഞു,
അന്തസ്സോടെ അവർ ആ അടിവസ്ത്രങ്ങൾ–ഉപയോഗിച്ചതെങ്കിലും
കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കിയവ– വാങ്ങി ധരിച്ചു.
പേരില്ലാത്ത ഗുളികയുമായി എത്തിയ മുതലാളിയോട്,
ആർത്തവത്തിന്റെ വേദനയും ചിലപ്പോൾ ആർത്തവം തന്നെയും
ഇല്ലാതാക്കുന്ന ആ ചാത്തൻ മരുന്നുകൾ വേണ്ടെന്നു പറഞ്ഞു...
വീണ്ടുമൊരു വനിതാദിനം കൂടിയെത്തുമ്പോൾ സ്ത്രീകളുടെ ഇടയിൽ നിന്ന് ഒട്ടേറെ വിജയഗാഥകൾ ഉയരുന്നുണ്ട്. എങ്കിലും മുകളിൽ പറഞ്ഞ ചില സംഭവങ്ങളിൽ കൂടുതൽ കണ്ണുടക്കിപ്പോകുന്നത് അതിന്റെ ആഴം കൊണ്ടാണ്. ചങ്കിൽ അതു കൊളുത്തിവലിക്കുന്നതു കൊണ്ടാണ്. ആ കാഴ്ചകളിലൂടെ..
∙ കുട്ടികളും അച്ഛനും ആകട്ടെ ആദ്യം
രാജസ്ഥാൻ, ബിഹാർ, ഒഡീഷ, മധ്യപ്രദേശ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ കാഴ്ചയാണിത്; ആഹാരം ആദ്യം വീട്ടിലെ പുരുഷന്മാർക്കും പിന്നെ കുട്ടികൾക്കും കൊടുക്കുക. ബാക്കിയുണ്ടെങ്കിൽ മാത്രം വീട്ടിലെ സ്ത്രീകൾക്ക്. പുരുഷന്മാർ കഴിച്ചു കഴിഞ്ഞേ, സ്ത്രീകൾ കഴിക്കാൻ പാടുള്ളൂ. അതും നല്ല ഭക്ഷണം ആണുങ്ങൾക്കും സാദാ എന്തെങ്കിലും സ്ത്രീകൾക്കും. പഴകിയതും പുളിച്ചതും ഉണ്ടെങ്കിൽ ഉറപ്പായും അതു സ്ത്രീകളുടെ പാത്രത്തിൽ കണ്ടിരിക്കണം. ചില ഗോത്രങ്ങളിലാകട്ടെ, വീട്ടിലെ പശുവിനു കൂടി കൊടുത്തിട്ടു വേണം കഴിക്കാൻ! ഗ്രാമീണ വനിതകൾക്കിടയിലെ പോഷകാഹാരക്കുറവിനെക്കുറിച്ചു പഠിച്ച ചില എൻജിഒകൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ചേർന്ന് രണ്ടു പന്തിയിലെ ഈ ഊണ് നിർത്തിക്കാനുള്ള കഠിനശ്രമത്തിലാണ്. അയ്യോ, ആണുങ്ങളുടെ കൂടെയിരുന്നു കഴിച്ചാൽ കുടുംബം മുടിഞ്ഞുപോകുമെന്നു പറഞ്ഞ് പെണ്ണുങ്ങൾ തന്നെ ആദ്യം ഒരുമിച്ചൂണിനെ എതിർത്തു. പുരുഷന്മാരുടെയും സ്ഥലത്തെ കാരണവന്മാരുടെയും ശക്തമായ പ്രതിഷേധം വേറെ. നാളുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് ചിലവീടുകളിൽ എങ്കിലും മാറ്റത്തിന്റെ ഊണിടം ഒരുങ്ങിയത്. ഭർത്താവിനൊപ്പം ആഹാരം കഴിച്ചതിനെക്കുറിച്ച് ബിഹാർ സ്വദേശിനി പറഞ്ഞത് ഇങ്ങനെ: ‘‘ പേടിയുണ്ടായിരുന്നു. ഭർത്താവിന്റെ അമ്മയ്ക്ക് അതിഷ്ടമായില്ല. എങ്കിലും ഞങ്ങൾ കഴിച്ചു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി. ആദ്യമായാണ് ആ വീട്ടിൽ ഞാൻ നല്ല ഭക്ഷണം കഴിക്കുന്നത്’.
കേരളത്തിലെ ഊണുമേശകളിലേക്കു കൂടി നമുക്കു നോക്കാം. മിക്ക വീട്ടിലും അമ്മ ഒപ്പമുണ്ട്, സന്തോഷം. പക്ഷേ, അങ്ങനെ അല്ലാത്ത എത്രയോ വീടുകൾ നമുക്കുമുണ്ട്, അല്ലേ. നല്ല പങ്ക് നല്ലപാതിക്കും കൊച്ചുങ്ങൾക്കും കൊടുത്ത് ബാക്കി വരുന്നതെല്ലാം വലിച്ചുവാരിക്കഴിച്ച് എച്ചിൽ പാത്രങ്ങൾ കഴുകിത്തീർക്കാനുള്ള വെമ്പലോടെ ഓടുന്ന ഒരമ്മ.
∙ ഭർത്താവിന്റെ അമ്മാവന്റെ പേരു പറഞ്ഞു, നാടു കടത്തി
ഒഡീഷയിലാണ്, ഭർത്താവിന്റെ അമ്മാവന്റെ പേരു പറഞ്ഞതിനു യുവതിയെയും മൂന്നു മക്കളെയും ഒന്നരവർഷത്തേക്കു നാടുകടത്തിയത്. മറ്റു പല ഇടങ്ങളിലും ഭർത്താവിന്റെയോ ഭർത്താവിന്റെ പുരുഷ ബന്ധുക്കളുടെയോ പേരു പറഞ്ഞാൽ ഉറപ്പ്, ആ പെണ്ണിനെ ശിക്ഷിക്കും. കാരണം അഹങ്കാരികളും അപഥസഞ്ചാരം ചെയ്യുവന്നവളും മാത്രമേ ഇങ്ങനെ പേരു പറയുകയുള്ളത്രേ. വിവിധ മേഖലകളിൽ സാമൂഹികപ്രവർത്തകർ ഏറെ പണിപ്പെട്ടാണു ചിലർക്കെങ്കിലും പേരു പറഞ്ഞാൽ പാപമില്ലെന്ന പാഠം പഠിപ്പിച്ചു കൊടുത്തത്. കേരളത്തിൽ ഭർത്താവിന്റെ പേരു പറഞ്ഞാൽ നാടുകടത്തില്ലെന്നുറപ്പ്. പേരും ചെല്ലപ്പേരും എടാ വിളികളുമായി ജീവിതം അടിച്ചുപൊളിച്ചുകൊണ്ടുപോകുന്നവരാണേറെ. എങ്കിലും ചിലയിടത്തെങ്കിലും കേട്ടിട്ടില്ലേ, കെട്ടിയോനെ പേരു വിളിക്കുന്നോടീ എന്നൊരു ഇത്. അതുപോലെ, ആ പെണ്ണ് മഹാ അഹങ്കാരിയാ ഭർത്താവിനെ പേരെടുത്തു പറയുന്ന കേട്ടില്ലേ, അതും കൈ ചൂണ്ടി എന്ന മറ്റൊരു ഇത്.
∙ അടിവസ്ത്രങ്ങൾ സംഭാവന ചെയ്യൂ
ഉത്തരാഖണ്ഡിലെ ഷി വിങ്സ് എന്ന എൻജിഒ, വനിതകൾക്കിടയിൽ ആർത്തവശുചിത്വം പ്രചരിപ്പിക്കാനും സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യാനുമാണു പദ്ധതിയിട്ടത്. എന്നാൽ, അവരോട് ആ സ്ത്രീകൾ പറഞ്ഞു, ഞങ്ങൾക്ക് ആവശ്യത്തിന് അടിവസ്ത്രങ്ങളില്ല. അതു കിട്ടിയിട്ടാകാം നാപ്കിനുകളുടെ കാര്യം. അങ്ങനെയാണ് പൊലീസ് വെൽഫെയർ ആൻഡ് ഫാമിലി അസോസിയേഷനുമായി ഷിവിങ്സ് അടിവസ്ത്രശേഖരണം ആരംഭിച്ചത്. ഉപയോഗിച്ചവയാണെങ്കിലും സംഭാവന ചെയ്യാം. അവർ അതു കഴുകി വൃത്തിയാക്കി, സാനിറ്റൈസ് ചെയ്ത്, വൃത്തിയുള്ള കടലാസ് കവറുകളിൽ ഉത്തരാഖണ്ഡിലെ സ്ത്രീകൾക്കെത്തിക്കും. ശുചിമുറികളും ആവശ്യത്തിനു വെള്ളവുമില്ലാതെ ആർത്തവകാലത്തു വലഞ്ഞ സ്ത്രീകൾക്ക് സ്വച്ഛ്ഭാരതിലും മറ്റും പൊതുശുചിമുറികൾ എത്തിയത് ആശ്വാസമായിട്ടുണ്ട്. എന്നാൽ, ആർത്തവകാലത്തെ പ്രശ്നങ്ങൾ തുടരുന്നു. ചില സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ സ്ത്രീകൾ ചാരവും മണ്ണുമാണ് ആർത്തവരക്തത്തിനു തടയായി വയ്ക്കാറുള്ളതെന്നു കേൾക്കുമ്പോൾ ഞെട്ടിപ്പോകുന്നു. ചിലരാകട്ടെ, കീറിയ ചാക്കുകഷ്ണങ്ങൾ. സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി നാപ്കിനുകൾ നൽകിയിരുന്നതു പലർക്കും സഹായമായിരുന്നു. എന്നാൽ കോവിഡ് കാലത്തു സ്കൂളുകൾ അടച്ചിട്ടതോടെ പലയിടത്തും സ്ത്രീകൾ കഷ്ടപ്പെട്ടു. ചില മേഖലകളിൽ പൊലീസുകാരുടെ നേതൃത്വത്തിൽ നാപ്കിനുകൾ എത്തിച്ചു നൽകുകയായിരുന്നു. ബിഹാറിലെ ഹാർദിയ ഗ്രാമത്തിലാകട്ടെ, കൊച്ചുപെൺകുട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ നിന്നു പാഡുകൾ എത്തിക്കുന്നു.
കെനിയയിലെ ഒരു സ്കൂളിൽ ക്ലാസിനിടെ ആദ്യമായി ആർത്തവമുണ്ടായ പെൺകുട്ടിയെ ടീച്ചർ കളിയാക്കിയതും കുട്ടി ജീവനൊടുക്കിയതും നമ്മൾ വായിച്ചതാണല്ലോ. ആർത്തവത്തിന്റെ പേരിൽ ഓലപ്പുരയിലേക്കു മാറ്റിക്കിടത്തിയ പെൺകുട്ടി കൊടുങ്കാറ്റിൽ തെങ്ങു കടപുഴകിവീണു മരിച്ചത് നമ്മുടെ അടുത്ത് തമിഴ്നാട്ടിലാണ്. ഗുജറാത്തിലെ ശ്രീസഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ‘മെൻസസ് ഇൻസ്പെക്‌ഷൻ ’ ഓർമയില്ലേ? അവിടെ ഹോസ്റ്റലിൽ ആർത്തവമുണ്ടാകുന്ന പെൺകുട്ടികൾ ഒരു ബുക്കിൽ പേരെഴുതണം. മറ്റു കുട്ടികളെ തൊടരുത്. ഭക്ഷണം കഴിക്കുമ്പോൾ ഉൾപ്പെടെ മാറിയിരിക്കണം. എന്നിങ്ങനെയൊക്കെയാണു ചട്ടം. അതെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തന്നെ. കുറച്ചു നാളുകളായി ആരും ബുക്കിൽ പേരെഴുതാതെ വന്നതോടെയായിരുന്നു, ആരാണു കള്ളം പറയുന്നത് എന്നു കണ്ടെത്താൻ നഗ്നരാക്കിയുള്ള ക്രൂര പരിശോധന. ഭാഗ്യം, കേരളത്തിൽ ഇത്തരം കെടുതികൾ കുറവാണ്. പക്ഷേ, ആർത്തവക്കാരികൾ ഇവിടെയും ‘അശുദ്ധ’രല്ലേ.
∙ ആ ഗുളിക ഇനി ഇവിടെ വേണ്ട
മഹാരാഷ്ട്രയിൽ കരിമ്പുപാടങ്ങളിൽ അവധിയില്ലാതെ ജോലിയെടുക്കാനായി ‘ആർത്തവശല്യ’ത്തെ ഒഴിവാക്കാൻ ഗർഭപാത്രം നീക്കം ചെയ്ത പെൺകൂട്ടം ഉള്ളിൽ ആന്തലാണ്. അവരുടെ കഥ പുറത്തുവന്നതിനു പിന്നാലെയാണ്, തമിഴ്നാട്ടിലെ തുണിമേഖലയിൽ ജോലിചെയ്യുന്ന പാവപ്പെട്ട സ്ത്രീകളുടെ തേങ്ങൽ പുറത്തുവന്നത്. ജോലിദിവസങ്ങളെ ആർത്തവം ബാധിക്കാതിരിക്കാൻ മുതലാളിമാർ ചില ഗുളികകൾ നിർബന്ധിച്ചു വിഴുങ്ങിക്കുമത്രേ. ഇതിന്റെ പേരിൽ ആരോഗ്യപ്രശ്നങ്ങളുമായി ചിലർ ആശുപത്രിയിലായതോടെയാണ് അധികാരികൾ ഇടപെട്ടത്. ഇപ്പോൾ അവരിൽ കുറച്ചുപേരെങ്കിലും ഉറപ്പിച്ചു പറയുന്നു, ചാത്തൻ ഗുളിക വിഴുങ്ങിയുള്ള ജോലിക്കു ഞങ്ങളില്ല എന്ന്.
ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോകാനുള്ള ഓട്ടപ്പാച്ചിലിനിടെ, ആ ദിവസങ്ങളിലെ വേദനയിൽ, അസ്വസ്ഥതകളിൽ വലയുന്നവരെ നോക്കി, കേരളവും പറയാറുണ്ട്: ഓരോ അടവും കൊണ്ടുവന്നിരിക്കുന്നു എന്ന്. നിർബന്ധിച്ചു ഗുളിക കഴിപ്പിക്കാറില്ലെന്ന ആശ്വാസമുണ്ട്.
വാൽക്കുറി: വേണ്ടാത്തവൾ എന്ന അർഥമുള്ള നകുഷി (നകോസി), ചവറ് എന്നർഥമുള്ള കച്‌റബായ് എന്നിങ്ങനെ പേരുള്ള ഒരുപാടു പെൺകുട്ടികളുണ്ട്, മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങളിൽ. വീട്ടിലേക്കുവേണ്ടാതെ കയറി വന്ന ഭാരമായി അവൾ എങ്ങനെയെങ്കിലും വളരണം. ഇല്ലെങ്കിൽ കൊഴിഞ്ഞുപോകണം. എന്തൊരു വിധി. ചങ്കുലയക്കുന്ന ഇത്തരം ഇരുളുകളിലേക്ക്, പ്രകാശത്തുള്ളികൾ ഉറപ്പായും കടന്നുവരുന്നുണ്ട്. അതാണു പ്രതീക്ഷ. തെലങ്കാനയിലെ ഹരിദാസ്പുരിൽ പിറന്നുവീഴുന്ന ഓരോ പെൺകുട്ടിയെയും ആഘോഷത്തോടെ, ഉത്സവമേളത്തോടെ വരവേൽക്കുന്നു. അവൾക്കായി പഞ്ചായത്ത് ബാങ്ക് അക്കണ്ട് തുറക്കുന്നു. ഈ വനിതാദിനത്തിൽ പ്രതീക്ഷപകരുന്ന ഒരുപിടി വാർത്തകൾക്കൊപ്പം ഹരിദാസ്പുരിലെ കന്യാവന്ദനത്തെയും ചേർത്തുവയ്ക്കാം.