തലസ്ഥാന നഗരിയിൽ സ്ത്രീകൾക്ക് തങ്ങാൻ സുരക്ഷിതമായ ഒരിടം: കുറഞ്ഞ ചെലവിൽ പ്രീമിയം ഹോംസ്റ്റേ ഒരുക്കി വനിത
Mail This Article
മാധ്യമ മേഖലയിൽ ഒപ്പം പ്രവർത്തിക്കുന്ന വനിതാ സുഹൃത്തുക്കൾ ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളക്കുറിച്ച് പറയുന്നത് അശ്വതി പല തവണ കേട്ടിട്ടുണ്ട്. ഒറ്റയ്ക്ക് ഹോട്ടൽ മുറികളിലും മറ്റും താമസിക്കേണ്ട സാഹചര്യങ്ങളിൽ സമൂഹത്തിന്റെ തുറിച്ചുനോട്ടം നേരിടേണ്ടിവന്നവരാണ് അവരിലേറെയും. കോഴിക്കോട്ടെ മാധ്യമ ജീവിതത്തിന് അവധി നൽകി തിരുവനന്തപുരത്ത് സ്വന്തമായി താമസിക്കാൻ ഒരു ഇടം ഒരുക്കിയപ്പോൾ ഒരു വനിതാ സൗഹൃദ ഹോംസ്റ്റേ അതിനോടൊപ്പം ഒരുക്കുക എന്ന തീരുമാനത്തിലേക്ക് അശ്വതി എത്തിയതിനു പിന്നിലെ കാരണവും അതുതന്നെയായിരുന്നു. ഇന്ന് മുൻനിര ചലച്ചിത്രതാരങ്ങൾ അടക്കം നിരവധി ആളുകൾക്ക് പ്രിയപ്പെട്ട ഇടമാണ് ഓയ്സ്റ്റർ മാരിസ് എന്ന അശ്വതിയുടെ പ്രീമിയം ഹോംസ്റ്റേ.
നഗരത്തിലെ തിരക്കുകൾ അത്രയ്ക്ക് അറിയാത്ത എന്നാൽ എല്ലാവിധ സൗകര്യങ്ങളും അടുത്തുതന്നെയുള്ള തിരുവല്ലത്താണ് അശ്വതിയും മാധ്യമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ഭർത്താവ് സെന്തിലും വീടൊരുക്കിയത്. രണ്ടുനിലകളുള്ള വീടിന്റെ മുകൾ നില നിർമ്മാണ ഘട്ടത്തിൽതന്നെ ഹോംസ്റ്റേ എന്ന നിലയിൽ ക്രമീകരിക്കുകയായിരുന്നു. രണ്ട് എയർകണ്ടീഷൻഡ് മുറികളാണ് ഹോംസ്റ്റേയിൽ ഉള്ളത്. ഇതിനു പുറമേ ബാൽക്കണി, ഓപൺ ടെറസ്, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് മുറികൾ ഉണ്ടെങ്കിലും ഒരു വ്യക്തിയോ കുടുംബമോ താമസത്തിന് എത്തിയാൽ സന്ദർശകരുടെ, പ്രത്യേകിച്ച് വനിതകളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത് രണ്ടാമത്തെ മുറിയുടെ ബുക്കിങ് നടത്താറില്ല. കുടുംബവുമൊത്ത് താമസിക്കാനെത്തുന്നവർക്ക് ആവശ്യമെങ്കിൽ രണ്ടു മുറികളും ഒരേസമയം ബുക്ക് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. എൽസിഡി ടിവി, ഹൈസ്പീഡ് ഇന്റർനെറ്റ്, എപ്പോഴും ചൂടുവെള്ളം ലഭിക്കാനുള്ള സംവിധാനം എന്നിങ്ങനെ മറ്റ് ഏതൊരു മുൻനിര ഹോംസ്റ്റേകളിലുമുള്ള എല്ലാ സൗകര്യങ്ങളും ഓയ്സ്റ്റർ മാരിസിലുമുണ്ട്. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഗോൾഡ് ക്ലാസിഫിക്കേഷനു വേണ്ട മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ അനുമതികളോടുംകൂടിയാണ് ഹോംസ്റ്റേ പ്രവർത്തിക്കുന്നത്.
തൊഴിലിൽനിന്നും അവധിയെടുത്തെങ്കിലും ഒരു സംരംഭകയായതിന്റെ ആത്മവിശ്വാസത്തിലാണ് അശ്വതി. അതിഥികൾക്ക് അശ്വതി തന്നെയാണ് ഭക്ഷണം പാകംചെയ്ത് കൊടുക്കുന്നത്. വീടുകളിൽ വയ്ക്കാറുള്ള അതേ ഭക്ഷണംതന്നെ വിളമ്പുന്നതിനാൽ സന്ദർശകർക്കും സന്തോഷം. ഓർഗാനിക് പച്ചക്കറികൾ മാത്രമുപയോഗിച്ചാണ് പാചകം. ഭർത്താവ് സെന്തിലും മകൻ കാശിനാഥും പൂർണപിന്തുണയുമായി ഒപ്പമുണ്ടെങ്കിലും ഹോംസ്റ്റേയുടെ മാർക്കറ്റിംഗ് അടക്കമുള്ള എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത് ആശ്വതി തന്നെയാണ്. ഓൺലൈൻ സൈറ്റുകളിലെല്ലാം ഹോംസ്റ്റേ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ദിവസത്തെ താമസത്തിന് 2500 രൂപയാണ് ഈടാക്കുന്നത്.
ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപമായതിനാൽ സിനിമാമേഖലയിലെ പ്രമുഖരും ഹോംസ്റ്റേയിൽ താമസത്തിന് എത്താറുണ്ട്.സണ്ണി വെയ്ൻ, രാജീവ് രവി, , തിരക്കഥാകൃത്ത് ഗോപൻ ചിദംബരം, ഗാനരചയിതാവ് അൻവർ അലി, സംവിധായകനും എഡിറ്ററുമായ ബി അജിത് കുമാർ, സൗണ്ട് ഡിസൈനർ ടി കൃഷ്ണനുണ്ണി, ക്യാമറാമാൻ സുധീഷ് പപ്പു, വി എഫ് എക്സ് എഡിറ്റർ രോഹൻ റിഗോ, നിർമ്മാതാവ് സുകുമാർ തെക്കേപ്പാട്ട് തുടങ്ങിയവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ സ്വന്തം വീട്ടിൽതന്നെ കുറഞ്ഞ മുതൽ മുടക്കിൽ ഒരു സംരംഭം ആരംഭിച്ച് വിജയിപ്പിക്കാനാവും എന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞു തരികയാണ് അശ്വതി. കൂടാതെ സംരംഭക എന്നതിനൊപ്പം വീട്ടിലെ കാര്യങ്ങളും തടസ്സമില്ലാതെ കൈകാര്യം ചെയ്യാനാവുന്നതിന്റെ സന്തോഷവും അശ്വതി പങ്കുവയ്ക്കുന്നു.