കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും വേറെ ലെവലാകും! വരുന്നൂ, പുതിയ സമിതി

Mail This Article
തിരുവനന്തപുരം ∙ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിന് മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതികൾ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. നഗര നയ കമ്മിഷന്റെ നിർദേശങ്ങൾ പരിഗണിച്ച് പരിപാടികൾ തയാറാക്കും. സമീപ നഗരസഭകളെയും ആവശ്യമെങ്കിൽ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാകും ഈ സമിതികൾ രൂപീകരിക്കുക. 3 നഗരങ്ങളെയും സാമ്പത്തികവളർച്ചയുടെ ചാലകങ്ങളാക്കി മാറ്റാനുള്ള വികസന ശുപാർശകൾ സമിതികൾ തയാറാക്കി സർക്കാരിനു സമർപ്പിക്കും.
10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരമേഖലകൾ എംപിസി രൂപീകരിക്കണമെന്ന ഭരണഘടനാ ഭേദഗതി നിലവിൽ വന്ന് 30 വർഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ചു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കൊച്ചിയിൽ എംപിസി രൂപീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ‘എന്നു വരും എംപിസി’ എന്ന പ്രചാരണ പരമ്പരയ്ക്ക് മലയാള മനോരമ തുടക്കമിട്ടിരുന്നു. അതിനു തുടർച്ചയായി സംഘടിപ്പിച്ച ‘എംപിസി: ദ് വേ ഫോർവേഡ്’ പാനൽ ചർച്ച കൊച്ചിക്കായി എത്രയും വേഗം എംപിസി രൂപീകരിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ചർച്ച ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി.രാജേഷും ആവശ്യത്തോടു യോജിച്ചു.
മുനിസിപ്പൽ ബോണ്ട് വഴി 1,000 കോടി
തിരുവനന്തപുരം ∙ നഗര തദ്ദേശ സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും മുനിസിപ്പൽ ബോണ്ടുകൾ, ഗ്രീൻ ബോണ്ടുകൾ, പൂൾഡ് മുനിസിപ്പൽ ബോണ്ടുകൾ എന്നിവയിലൂടെ 1000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കുന്നതിന് പദ്ധതി തയാറാക്കും. ഐടി പാർക്കുകൾ, വാണിജ്യ സമുച്ചയങ്ങൾ, റോഡ് നിർമാണം, മാലിന്യസംസ്കരണം, ജലവിതരണം തുടങ്ങിയ പദ്ധതികൾ ഏറ്റെടുക്കാൻ ഇത്തരം ഫണ്ടുകൾ ഉപയോഗിച്ച് സാധിക്കും.
നിലവിൽ വൻ വികസനപദ്ധതികൾക്കു ഫണ്ടില്ലാതെ നഗരസഭകളും കോർപറേഷനുകളും പ്രയാസപ്പെടുകയും ഇവയെ സഹായിക്കാൻ സംസ്ഥാന സർക്കാരിനു കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ മാതൃക വർഷങ്ങൾക്ക് മുൻപ് കോഴിക്കോട്ടു ബസ് സ്റ്റാൻഡ് നിർമാണത്തിനു നടപ്പാക്കിയിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business