ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

റഷ്യൻ വിപ്ലവത്തിന് തുടക്കംകുറിച്ച സംഭവങ്ങളിൽ ഒന്നാണ് 1905ൽ പൊട്ടംകിൻ എന്ന യുദ്ധകപ്പലിൽ ജീവനക്കാർ നടത്തിയ പ്രക്ഷോഭം. അതിന് സമാനമായ ഒരു സമരത്തിന്റെ കഥ നോക്കാം.  ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരിയിൽ ജനിച്ച വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന വി.വി.അയ്യപ്പൻ മലയാളികൾക്ക് അനുഭവങ്ങളുടെ തീച്ചൂടുള്ള ഒട്ടേറെ കൃതികൾ സംഭാവന ചെയ്ത വ്യക്തിയാണ്. കോവിലൻ എന്ന പേരിലാണ് അദ്ദേഹം നമുക്ക് സുപരിചിതൻ. തട്ടകം, തോറ്റങ്ങൾ, എ  മൈനസ് ബി, ഹിമാലയം തുടങ്ങിയ അവിസ്മരണീയ കൃതികളിലൂടെ അദ്ദേഹം വയലാർ, എഴുത്തച്ഛൻ പുരസ്കാരങ്ങളും  കേന്ദ്ര -കേരള സാഹിത്യ അക്കാദമി അവാർഡുകളുമുൾപ്പടെ സാഹിത്യ രംഗത്തെ  പ്രമുഖസമ്മാനങ്ങളല്ലാം കരസ്ഥമാക്കി. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ പഠനമുപേക്ഷിച്ചു. പിന്നീട്  20 വർഷത്തോളം പട്ടാളത്തിലെ കോർ ഒഫ് സിഗ‌്നൽ‌സിലും പ്രവർത്തിച്ചു. ഐഐടി കാൻപുരിൽ എൻസിസി ട്രെയിനിങ് ഓഫിസറായും സേവനമനുഷ്ഠിച്ചു. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ സ്റ്റെനോഗ്രഫർ ആയും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ മികച്ച നടനുള്ള ഭരത് അവാർഡ് ആദ്യമായി കേരളത്തിലേക്ക് കൊണ്ടുവന്ന അതുല്യ നടനായിരുന്നു പി.ജെ.ആന്റണി. നിർമാല്യത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 1958ൽ നീലാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ രണ്ടിടങ്ങഴി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം എഴുപതോളം ചിത്രങ്ങളുടെ സംഭാഷണങ്ങൾ രചിക്കുകയും ചെയ്തു. പ്രതിഭ, പി.ജെ. എന്നിങ്ങനെ രണ്ട് നാടകസംഘങ്ങൾ സ്ഥാപിച്ചു. എഴുതിയതും സംവിധാനം ചെയ്തതും അഭിനയിച്ചതും സംഗീതസംവിധാനം നിർവഹിച്ചതും ഉൾപ്പെടെ 115  നാടകങ്ങൾ പി.ജെ.ആന്റണി  മലയാളത്തിന്  സമ്മാനിച്ചിട്ടുണ്ട്. 

കോവിലനും പി.ജെ.ആന്റണിക്കും പൊതുവായുള്ള ഒരു സാമ്യത്തിലേക്കാണ് ഈ അന്വേഷണം. 1946ലെ ബോംബെ നാവിക  കലാപമാണ് ഇരുവരെയും ബന്ധിപ്പിക്കുന്ന കണ്ണി. നാവിക കലാപവും അതിന്റെ തുടർചലനങ്ങളുമാണ് അന്ന് റോയൽ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചിരുന്ന കോവിലന്റെയും  

പി.ജെ.ആന്റണിയുടെയും തുടർന്നുള്ള ജീവിതത്തിൽ വഴിത്തിരിവായത്. ശത്രുരാജ്യങ്ങളുടെ അന്തര്‍വാഹിനികള്‍ നിരീക്ഷിക്കുന്ന ഓപ്പറേറ്ററായി പരിശീലനം  ലഭിച്ച കോവിലൻ ബംഗാളിലും മ്യാൻമറിലും സിംഗപ്പൂരിലും ജോലി ചെയ്തിരുന്നു. കലാപത്തെത്തുടർന്ന് കോവിലൻ നേവിയിൽ നിന്നും പിരിഞ്ഞു പോവുകയായിരുന്നെങ്കിൽ, കലാപത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ആന്റണിയെ പിരിച്ചു വിടുകയായിരുന്നു.   ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത് നാവിക സമരത്തിൽ പങ്കെടുത്തതിന് ശിക്ഷയായി പുറത്താക്കപ്പെട്ട അലോഷി എന്ന കഥാപാത്രമായാണ്. 

ബ്രിട്ടനെ ഞെട്ടിച്ച കലാപം 

രണ്ടാം ലോകയുദ്ധം അവസാനിച്ച കാലമായിരുന്നു അത്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തികമായി തകർന്നു തരിപ്പണമായി നിൽക്കുന്ന സമയം. ഇന്ത്യയിലെ നാവിക സേനയ്ക്ക് വേണ്ടി ചെലവിടാൻ പണമില്ലാതിരുന്നതിനാൽ ബ്രിട്ടിഷുകാർ ഉൾപ്പെടെ പലരെയും ജോലിയിൽ നിന്നു പിരിച്ചു വിട്ടു. നിലനിർത്തിയവരിൽ ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർക്ക് ലഭിച്ചതാകട്ടെ വളരെ മോശം ഭക്ഷണവും ജീവിത സൗകര്യങ്ങളും. മതപരമായ നിബന്ധനകൾ കർശനമായി പാലിച്ചിരുന്ന വിവിധ മതക്കാർ എല്ലാവരും ഒരുമിച്ച് ഒരേ നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കാൻ നിർബന്ധിതരായി. എന്നാൽ സേനയിലെ ബ്രിട്ടിഷുകാർക്കാകട്ടെ മികച്ച ഭക്ഷണവും താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളുമെല്ലാം ലഭിച്ചു. ഇതിനൊക്കെ പുറമേ ഇന്ത്യക്കാർക്ക് ലഭിക്കുന്നതിന്റെ അഞ്ചിരട്ടിയോളം ശമ്പളവും. അമർഷം ഉള്ളിലൊതുക്കി നീറിപ്പുകഞ്ഞു കൊണ്ടിരുന്ന ഇന്ത്യൻ ജീവനക്കാർക്കിടയിൽ അന്നത്തെ കമാൻഡിങ് ഓഫിസറായിരുന്ന ഫ്രഡറിക് കിങ്ങിന്റെ അധിക്ഷേപങ്ങളും അവജ്ഞയോടും പുച്ഛത്തോടും കൂടെയുള്ള പെരുമാറ്റവും പ്രതിഷേധത്തിന്റെ അഗ്നി ജ്വലിപ്പിച്ചു.  

(എന്നിട്ടെന്തു സംഭവിച്ചു- അടുത്ത  ലക്കത്തിൽ വായിക്കാം) 

 

 

English Summary : Royal Indian Navy mutiny

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com