ഈ രാജ്യത്തെ ദേശീയമൃഗം യാഥാർഥ്യത്തിലുള്ളതല്ല! എന്താണ് ഉത്തരകൊറിയയിലെ ചോളിമ?

Mail This Article
പലരാജ്യങ്ങൾക്കും ദേശീയമൃഗങ്ങളുണ്ട്. എന്നാൽ ഉത്തര കൊറിയയ്ക്ക് ഇല്ല. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉത്തര കൊറിയയുടെ ദേശീയമൃഗമായി പൊതുവെ കരുതപ്പെടുന്നത് ചോളിമയെയാണ്. ഒരു കുതിരയാണു ചോളിമ. ചിറകുകളുള്ള ഒരു കുതിര. കൊറിയൻ നാടോടിക്കഥകളിൽ നിന്നുള്ളതാണ് ഈ കുതിര. ഒരുപാട് വേഗത്തിൽ ഒറ്റ ദിവസം 400 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുമെന്നാണ് ഐതിഹ്യം. ചൈനീസ് കഥകളിൽ നിന്നാണ് ഈ കുതിരയുടെ ഐതിഹ്യത്തിന്റെ പിറവി. പിന്നീട് ഉത്തര കൊറിയ രാഷ്ട്രം സ്ഥാപിതമായപ്പോൾ ആ രാജ്യത്തിന്റെ കരുത്തും വളർച്ചയ്ക്കുള്ള ത്വരയും കാട്ടുന്ന ചിഹ്നമായി ചോളിമ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര കൊറിയയുടെ പൊതുസംസ്കാരത്തിൽ ചോളിമയ്ക്കു വലിയ സ്വാധീനമുണ്ട്. ചില സ്കൂളുകളുടെയും സ്പോർട്സ് ടീമുകളുടെയും പേരുകൾ പോലും ചോളിമയുടെ പേരിലാണ്. ചില വിചിത്രജീവികൾ പല രാജ്യങ്ങളുടെടും ദേശീയമൃഗങ്ങളായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പെടുത്താവുന്നതാണ് കൊമോഡോ ഡ്രാഗണും ഒകാപിയും.

∙ ഇന്തൊനീഷ്യയിലെ ഡ്രാഗൺ
17508 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്തൊനീഷ്യ. പ്രകൃതിവൈവിധ്യം വിളയാടുന്ന രാജ്യം. ഇക്കൂട്ടത്തിൽ ഒരു പ്രശസ്തമായ ദ്വീപാണ് കൊമോഡോ. ലോകത്തെ ഏറ്റവും വലിയ 7 പ്രകൃതി അദ്ഭുതങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കൊമോഡോ നാഷനൽ പാർക് മേഖലയിൽ ഉൾപ്പെട്ടതാണ് 390 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള കൊമോഡോ ദ്വീപ്. മരുഭൂമിയിലെ വളരെ അപൂർവമായ ഒരു ജീവി പാർക്കുന്ന ഇടമാണ് കൊമോഡോ. കൊമോഡോ ഡ്രാഗൺ എന്ന് കേട്ടിരിക്കും. പല്ലിവർഗത്തിലെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗൺ. ഭൂമിയിൽ അധികമിടങ്ങളിൽ ഇല്ലെങ്കിലും ലോകത്ത് വളരെ പ്രശസ്തനായ ജീവിയാണ് കൊമോഡോ ഡ്രാഗൺ. ഇന്തൊനീഷ്യയിലെ ദേശീയമൃഗപദവി ഈ മൃഗത്തിനാണ്. ഓസ്ട്രേലിയയിൽ ജനനം കൊണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും കൊമോഡോ ദ്വീപിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് നിലവിൽ കൊമോഡോ ഡ്രാഗണുകളുള്ളത്.

∙ കോംഗോയിലെ ഒകാപി
സീബ്രയോടും കഴുതയോടും സാമ്യം തോന്നുന്ന വിചിത്രജീവിയായ ഒകാപിയാണു കോംഗോയുടെ ദേശീയമൃഗം. എന്നാൽ യഥാർഥത്തിൽ ഒകാപ്പിക്ക് ഈ രണ്ടുജീവികളുമായും ബന്ധമില്ല. ജിറാഫിന്റെ കുടുംബത്തിൽപെട്ടതാണ് ഈ മൃഗം. 1901 വരെ ഈ മൃഗത്തെ കണ്ടെത്തിയിരുന്നില്ല. മധ്യ ആഫ്രിക്കയിലെത്തിയ യൂറോപ്യൻ പര്യവേഷകർ ഇങ്ങനെയൊരു മൃഗത്തെപ്പറ്റി കേട്ടിരുന്നു. തദ്ദേശീയരായ നാട്ടുകാരായിരുന്നു ഇതിനെപ്പറ്റിയുള്ള കഥകൾ അവരുടെയരികിൽ എത്തിച്ചത്. എന്നാൽ മധ്യ ആഫ്രിക്കൻ മേഖല യൂറോപ്യൻമാർക്ക് അപ്പോഴേക്കും പരിചിതമായിരുന്നു. എന്നിട്ടും ഇങ്ങനെയൊരു മൃഗം അവർക്കു മുൻപിൽ വെട്ടപ്പെട്ടിട്ടില്ലാത്തതിനാൽ അവർ അതിനെപ്പറ്റി വിശ്വസിക്കാൻ തയാറായില്ല. 1901ൽ ഹാരി ജോൺസൺ എന്ന ഓഫിസർ ഒകാപ്പിയുടെ തലയോട്ടിയും ചർമവും തദ്ദേശീയരിൽ നിന്നു സംഘടിപ്പിച്ചു. പിന്നെയും ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2008ലാണ് ഒകാപ്പിയെ ജീവനോടെ കണ്ടെത്താനായത്.