കുട്ടികളുടെ ആരോഗ്യം; മാതാപിതാക്കളേ, ഈ കാര്യങ്ങളിൽ കരുതൽ വേണം

Mail This Article
ആരോഗ്യ റജിസ്റ്റർ സൂക്ഷിക്കാം
കുറഞ്ഞത് 6 മാസത്തിലൊരിക്കലെങ്കിലും ശിശുരോഗ വിദഗ്ധൻ, ചർമരോഗ വിദഗ്ധൻ, നേത്രരോഗ വിദഗ്ധൻ, ഇഎൻടി വിദഗ്ധൻ എന്നിവരെ കാണിച്ചു വിവരങ്ങൾ ഹെൽത്ത് റജിസ്റ്ററിൽ രേഖപ്പെടുത്താം. അത്യാവശ്യം രക്ത പരിശോധനകളും നടത്താം. കുട്ടികളിലെ രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കാനും ചികിത്സകൾ നൽകാനും ആരോഗ്യ പരിശോധനകൾ സഹായിക്കും.
∙വെയിലത്ത് കുട്ടികളെ പുറത്തേക്കുവിടരുത്
∙ കുട്ടികൾക്കുള്ള സൺസ്ക്രീം ഉപയോഗിക്കാം
∙ വെള്ളം, സൂപ്പ്, ഇളനീർ, വീട്ടിൽ തയാറാക്കിയ ജ്യൂസ്, സംഭാരം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം
∙ അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കാം
∙ നനഞ്ഞ ഡയപ്പർ ഏറെനേരം ഉപയോഗിക്കരുത്. ഇടയ്ക്കിടെ മാറ്റണം. കോട്ടൺ തുണി ഉപയോഗിക്കുന്നതാണു നല്ലത്.
വയറിളക്കം
വയറിളക്ക സമയത്ത് ഒആർഎസ് ലായനി നൽകാം. ഉപ്പും പഞ്ചസാരയുമിട്ട നാരങ്ങാ വെള്ളം, കരിക്കിൻവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ നല്ലതാണ്. തുടർച്ചയായി വയറിളക്കം, ഛർദി, കഠിനമായ പനി, വയറുവേദന, മൂത്രം പോകുന്ന അളവിൽ കുറവ്, രക്തം കലർന്ന മലം എന്നിവയുണ്ടെങ്കിൽ ചികിത്സതേടണം. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കണം. കുഞ്ഞിന്റെ ചോറൂണ് പോലുള്ള അവസരങ്ങളിൽ കുഞ്ഞിന്റെ വായിൽ ഭക്ഷണം വച്ചു കൊടുക്കുന്നവരുടെ കൈ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം.

സ്കൂളിൽ നിന്ന് അറിയാം
കുട്ടികളിൽ കാണുന്ന പല രോഗങ്ങളും ആദ്യം തിരിച്ചറിയുന്നതു സ്കൂളുകളിലാണ്. പ്രത്യേകിച്ചു കുട്ടികളിലെ കേൾവി, കാഴ്ച തകരാറുകൾ എന്നിവ. കുട്ടികൾ പുസ്തകം അടുപ്പിച്ചു പിടിച്ചു വായിക്കുന്നതോ ബോർഡിൽ എഴുതിയത് കൃത്യമായി വായിക്കാനാവാതെ പോകുന്നതോ ഒക്കെ കാഴ്ച തകരാർ കാരണം ആകാം. വിഷാദരോഗം, ആത്മവിശ്വാസക്കുറവ്, സഭാകമ്പം, പഠനവൈകല്യം എന്നിവ കണ്ടെത്താനും കൃത്യമായി ചികിത്സ ഉറപ്പാക്കാനും കഴിയും. മറ്റുള്ള കുട്ടികളെ ഉപദ്രവിക്കുന്ന വൈകല്യങ്ങളും അധ്യാപകരുടെ ശ്രദ്ധയിൽപെടാതെ പോകില്ല. കുട്ടികളുടെ മാനകിസസമ്മർദവും പെരുമാറ്റ വൈകല്യങ്ങളും അധ്യാപകർക്കു തിരിച്ചറിയാൻ കഴിയും.