വിമർശിച്ചാലേ കുഞ്ഞുങ്ങൾ നന്നാകൂ... ധാരണകൾ തിരുത്തേണ്ട സമയമായി !

Mail This Article
കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നത് നല്ലതല്ല, കുഞ്ഞുങ്ങൾ വഷളാകും. മാതാപിതാക്കളെന്ന നിലക്ക് കുഞ്ഞുങ്ങളെ നന്നായി വിമർശിക്കണം എന്നൊക്കെ പറയുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇതിൽ എത്രമാത്രം കാര്യമുണ്ട്? കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നതും അവരുടെ ഇഷ്ടങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതും ശരിയായ കാര്യമല്ലെന്ന വാദം ശരിയാണ്. എന്നാൽ കുട്ടികളെ അമിതമായി ശാസിക്കുന്നതും ശരിയായ കാര്യമല്ല. കുട്ടികളാകുമ്പോൾ അവരുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രകടമായ ദേഷ്യം, വാശി എന്നതൊക്കെ സ്വാഭാവികമാണ്. പഠനകാലഘട്ടത്തിലും മറ്റും ഉയർച്ച താഴ്ചകൾ ഉണ്ടാകുക എന്നതും സ്വാഭാവികമാണ്. എന്നാൽ കുട്ടികളുടെ ഭാഗത്ത് നിന്നും വീഴ്ചകൾ വരുമ്പോൾ അവരെ മനസിലാക്കാതെ അവരുടെ പ്രവർത്തികളെ വിമർശിക്കുന്നത് മാനസികമായി കുട്ടികളെ ബാധിക്കും.
നിരന്തരമായ വിമർശനം കുട്ടിയുടെ ആത്മവിശ്വാസത്തെയും തളർത്തും. ഒപ്പം ആത്മാഭിമാനം, മതിപ്പ് എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ തുടർച്ചയായ വിമർശനങ്ങൾക്ക് വിധേയരാകുന്ന കുട്ടികൾക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാകുകയും ആശങ്കയും വിഷാദവും വർധിപ്പിക്കുകയും ചെയ്യും. തനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാനുള്ള കഴിവ് ഇല്ലെന്നു കുട്ടി വിശ്വസിക്കുന്നു. പയ്യെ പയ്യെ കുടുംബാംഗങ്ങളുമായുള്ള കുട്ടിയുടെ ബന്ധം കുറയുകയും മാനസിക അകലം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കുട്ടികളെ കടുത്ത ഒറ്റപ്പെടലിലേക്കും നിരാശയിലേക്കും ഒപ്പം ധൈര്യമില്ലായ്മയിലേക്കും നയിക്കുന്നു.
വിമർശനം കൂടാതെ മക്കളെ എങ്ങനെ ശരിയായ വഴിയിലേക്ക് നയിക്കാം?
കുട്ടികൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ മാതാപിതാക്കൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസമാണ് അവരുടെ ഏറ്റവും വലിയ സമ്പത്ത്. മാതാപിതാക്കൾ എന്ന നിലയ്ക്ക് മക്കളെ സ്നേഹത്തോടെ ഉപദേശിക്കുക. ഫലം കിട്ടാൻ വൈകിയാലും പിന്തിരിയാതിരിക്കുക. പതിയെ പതിയെ കുട്ടികൾ അച്ഛനമ്മമാർ പറയുന്നതിനോട് നല്ല രീതിയിൽ പ്രതികരിച്ചു തുടങ്ങും. കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നേട്ടങ്ങളെ തുറന്നു പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
വിമർശനം പോലും കുട്ടികളെ ബാധിക്കാത്ത രീതിയിൽ ചെയ്യാനാകും. ആ മാർഗം പിന്തുടരുക. ഉദാഹരണമായി പറഞ്ഞാൽ, കുട്ടികൾ വീട്ടിൽ കളിപ്പാട്ടങ്ങഉം പുസ്തകങ്ങളും വലിച്ചിടുക സ്വാഭാവികമാണ്. എന്നാൽ ഈ അവസരത്തിൽ കുട്ടികളെ ശിക്ഷിക്കുക, വഴക്കു പറയുക, ഭീഷണിപ്പെടുത്തി അവ എടുത്ത് വയ്പ്പിക്കുക എന്നതൊന്നും ശരിയായ നടപടിയല്ല. പകരം, മാതാപിതാക്കൾക്ക് സമാധാനത്തിന്റെ വഴി സ്വീകരിക്കാം. “കളിപ്പാട്ടങ്ങൾ എടുത്ത് വയ്ക്കാൻ നീ മറന്നല്ലോ, സാരമില്ല അടുത്ത തവണ ഓർക്കണം” എന്ന് സ്നേഹത്തോടെ പറയാം. ഇങ്ങനെ സ്നേഹത്തിന്റെ ഭാഷയിൽ പറയുന്നത് കുട്ടികളെ തിരുത്താൻ സഹായിക്കും. ശകാരിക്കുക, അമിതമായി കുറ്റം പറയുക, മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുക, എന്നിവയെല്ലാം വിദൂരത്തിൽ ദൂഷ്യഫലങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണ്. കുട്ടികളെ അവരുടെ തെറ്റുകൾക്ക് ശിക്ഷിക്കുന്നതിനു പകരം, അവർ തെറ്റുകൾ ചെയ്യാതിരിക്കാൻ സഹായിക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
കുട്ടികളെ മനസ്സിലാക്കാൻ സഹായിക്കുക
കുട്ടി തെറ്റ് ചെയ്യാൻ കാരണമെന്താണെന്ന് മനസ്സിലാക്കുക. അത് തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുക. കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. കുട്ടി തെറ്റ് ചെയ്യാതെയിരുന്നാൽ അവരെ പ്രശംസിക്കുക. കുട്ടി തെറ്റുകൾ ആവർത്തിച്ചാലും ക്ഷമയോടെ കൈകാര്യം ചെയ്യുക. കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിന് ക്ഷമ അത്യന്താപേക്ഷിതമായ കാര്യമാണ്. പലപ്പോഴും മാതാപിതാക്കളുടെ ജോലിത്തിരക്ക്, കുടുംബത്തിലെ സമ്മർദ്ദം എന്നിവ മൂലം കുട്ടികളോട് പാലിക്കേണ്ട അടിസ്ഥാന ക്ഷമ പോലും കാണിക്കാൻ അവർക്ക് സാധിക്കുന്നില്ല. സ്വയം തിരുത്താനായി കിട്ടുന്ന ഒരവസരവും മാതാപിതാക്കൾ പാഴാക്കാതിരിക്കുക.