കരുതിവച്ചതു കരുതലാകും; ആദ്യ ഘട്ടത്തിലെ കോവിഡ് പ്രതിരോധ നടപടികൾ വീണ്ടും തുടങ്ങാനുള്ള ആലോചന

Mail This Article
ആലപ്പുഴ ∙ കോവിഡ് അതിവേഗം പടരുമ്പോൾ ആദ്യ ഘട്ടത്തിലെ പ്രതിരോധ നടപടികൾ പലതും വീണ്ടും തുടങ്ങാനുള്ള ആലോചനയിലാണ് അധികൃതർ. ആദ്യ ഘട്ടത്തിലെ പ്രധാന ചികിത്സാ സംവിധാനമായിരുന്ന കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സിഎഫ്എൽടിസി) പുനരാരംഭിക്കാനാണു തീരുമാനം. സിഎഫ്എൽടിസികളിൽ കിടക്കകളും മറ്റും സജ്ജീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഏറെ പണം ചെലവിട്ടിരുന്നു. കോവിഡ് നിയന്ത്രണത്തിലായി തുടങ്ങിയപ്പോൾ ഈ കേന്ദ്രങ്ങൾ അടച്ചു. വിവിധ സിഎഫ്എൽടിസികളിൽ ഉപയോഗിച്ചിരുന്ന സാമഗ്രികളുടെ നിലവിലെ സ്ഥിതി ഇങ്ങനെ.
ആലപ്പുഴ
നഗരസഭയുടെ സിഎഫ്എൽടിസി ടൗൺ ഹാളിലായിരുന്നു. അവിടെ 220 കിടക്കകളും കിടപ്പുരോഗികൾക്കുവേണ്ടി റെയ്ബാൻ ഓഡിറ്റോറിയത്തിൽ 50 കിടക്കകളും ക്രമീകരിച്ചു. 4 മാസം മുൻപ് വരെ ഇവ പ്രവർത്തിച്ചു. കിടക്കകൾ ഉൾപ്പെടെയുള്ളവ നഗരസഭ വിലയ്ക്ക് വാങ്ങിയതാണ്. അവ നഗരസഭാ സ്റ്റോറിൽ സൂക്ഷിച്ചിട്ടുണ്ട്.
കായംകുളം
പത്തിയൂർ എൽമെക്സ് ഹോസ്റ്റലിൽ നടത്തിയ സിഎഫ്എൽടിസിയിലെ കിടക്കകളും മറ്റു സാമഗ്രികളും ജില്ലാ ഭരണകൂടത്തിന് കൈമാറാൻ കലക്ടർ നിർദേശിച്ചിരുന്നു. 200 കിടക്കകളും 30 ഫാനുകളും ഇവിടെ ഉപയോഗിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനാൽ കിടക്കകളും മറ്റും ഇപ്പോൾ തിരികെ നൽകേണ്ടെന്നാണു ധാരണ.
ചെങ്ങന്നൂർ
നഗരസഭയിൽ 15 ലക്ഷത്തോളം രൂപ ചെലവിട്ട് ക്രിസ്ത്യൻ കോളജിൽ സിഎഫ്എൽടിസി ക്രമീകരിച്ചിരുന്നു. കിടക്കകൾ ആര്യാട് നിന്ന് എത്തിക്കുകയായിരുന്നു. അവ പിന്നീടു തുടങ്ങിയ അങ്ങാടിക്കലിലെ സിഎഫ്എൽടിസിയിലുണ്ട്.
മാവേലിക്കര
നഗരസഭ പിഎം ആശുപത്രിയിൽ തുടങ്ങിയ സിഎഫ്എൽടിസിയിലേക്ക് സാമഗ്രികൾ കലക്ടറേറ്റിൽ നിന്നാണ് എത്തിച്ചത്. അവ ഇപ്പോഴും ഉണ്ട്. തെക്കേക്കരയിലെ സിഎഫ്എൽടിസിയിൽ കലക്ടറേറ്റിൽ നിന്ന് നൽകിയ കിടക്കകളാണ് ഉണ്ടായിരുന്നത്.തഴക്കരയിലേക്ക് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് 50 കിടക്കകൾ അനുവദിച്ചു. അവ പഞ്ചായത്ത് സൂക്ഷിച്ചിട്ടുണ്ട്. ചെട്ടികുളങ്ങരയിൽ ബ്ലോക്ക് പഞ്ചായത്ത് 25, സർക്കാർ 50 എന്നിങ്ങനെ കിടക്കകൾ അനുവദിച്ചു. അവ പഞ്ചായത്തുകൾ സൂക്ഷിക്കുന്നുണ്ട്.
ഹരിപ്പാട്
മാധവ ഫാർമസിയിലാണ് സിഎഫ്എൽടിസി പ്രവർത്തിച്ചിരുന്നത്. കിടക്കകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എൻഎച്ച്എം ചെയ്തു. ഇപ്പോൾ നഗരസഭ 100 കിടക്കകളുള്ള കേന്ദ്രം തുടങ്ങാൻ ക്രമീകരണം നടത്തുന്നു.
ചേർത്തല
നഗരസഭ നടത്തിയ സിഎഫ്എൽടിസികളിലെ ഉപകരണങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
തൈക്കാട്ടുശേരി ബ്ലോക്ക്
പെരുമ്പളം സ്കൂളിലെ കിടക്കകളും മറ്റും ഇപ്പോഴും പഞ്ചായത്ത് സൂക്ഷിക്കുന്നു. ഐഎച്ച്ആർഡി കോളജ് ഹാളിൽ ശുചിമുറികൾ ഉൾപ്പെടെ 50 കിടക്കകളുടെ സൗകര്യം ഒരുക്കിയിരുന്നു. കിടക്കകളും മറ്റും പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റി. തൈക്കാട്ടുശേരി പഞ്ചായത്ത് . രണ്ടാം ഘട്ടത്തിൽ 40 ലക്ഷത്തോളം ചെലവിട്ട് മണപ്പുറം രാജഗിരി സ്കൂളിൽ 50 കിടക്കകൾ ഒരുക്കിയിരുന്നു. ഇവ പഞ്ചായത്ത് തന്നെ സൂക്ഷിക്കുന്നു. അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകൾക്കു കീഴിലെ സിഎഫ്എൽടിസികളിലെ ഉപകരണങ്ങൾ അതത് പഞ്ചായത്തുകൾ സൂക്ഷിക്കുന്നു.
പട്ടണക്കാട് ബ്ലോക്ക്
ചന്തിരൂർ അൽ അമീൻ സ്കൂളിലും തുറവൂർ എസ്എൻജിഎം കോളജിലും കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. കേന്ദ്രം അടച്ചപ്പോൾ അവ വളവനാട് ഡിസി മിൽസിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പട്ടണക്കാട് പഞ്ചായത്ത് ജയലക്ഷ്മി ഓഡിറ്റോറിയവും കുന്നുപുറം പള്ളി പാരിഷ് ഹാളും ഏറ്റെടുത്ത് 10 ലക്ഷത്തോളം രൂപ ചെലവിട്ട് കിടക്കകളും മറ്റും ഒരുക്കിയിരുന്നു. കിടക്കകൾ കുന്നുംപുറം പള്ളി പാരിഷ് ഹാളിൽ ഇപ്പോഴുമുണ്ട്.
പഞ്ചായത്തുകൾ
∙ പൂങ്കാവ് സ്കൂളിൽ പ്രവർത്തിച്ച കേന്ദ്രത്തിലെ കിടക്കകളും മറ്റും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
∙ ആര്യാട് പഞ്ചായത്ത് 60 കിടക്കകളുള്ള സിഎഫ്എൽടിസി നടത്തിയിരുന്നു. പിന്നീട് ബിലീവേഴ്‌സ് സ്കൂളിൽ ഡൊമിസിലിയറി കേന്ദ്രം തുടങ്ങി.മണ്ണഞ്ചേരി പഞ്ചായത്ത് പ്രദേശത്ത്.
∙ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ സിഎഫ്എൽടിസി ഡിസി മിൽസിൽ പ്രവർത്തനം തുടങ്ങി. ഇവിടെ 1400 കിടക്കകളാണുള്ളത്.
∙ തണ്ണീർമുക്കം പഞ്ചായത്തിൽ സിഎഫ്എൽടിസി പ്രവർത്തിച്ച കെവിഎം കോളജിൽ 300 കിടക്കകളും കരിക്കാട് പാരിഷ് ഹാളിൽ 150 കിടക്കകളും ഉണ്ടായിരുന്നു. പ്രവർത്തനം നിർത്തിയപ്പോൾ ഉപകരണങ്ങൾ വളവനാട് സിഎഫ്എൽടിസിക്കു കൈമാറി.
∙ മുഹമ്മ പഞ്ചായത്ത് ചാരമംഗലം ഗവ. സംസ്കൃത എച്ച്എസിലാണ് സിഎഫ്എൽടിസി നടത്തിയത്. 75 കിടക്കകൾ ഉണ്ടായിരുന്നു. ഇതു പഞ്ചായത്തിന്റെ പക്കലുണ്ട്.
∙ പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ് ഹോസ്റ്റൽ, അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ. എച്ച്എസ്എസ്, പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ, സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റൽ എന്നീ കേന്ദ്രങ്ങളിൽ എത്തിച്ച കിടക്കകൾ ജില്ലാ ഭരണകൂടം തിരികെ കൊണ്ടു പോയി.
∙ മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങരയിൽ തുടങ്ങിയ സിഎഫ്എൽടിസി ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
∙ വള്ളികുന്നം പഞ്ചായത്തിൽ 2 ലക്ഷം മുടക്കി ചൂനാട് ഹിബാസ് ഓഡിറ്റോറിയത്തിലാണ് സിഎഫ്എൽടിസി ആരംഭിച്ചത്. പിന്നീട് കിടക്കകളും മറ്റു സാമഗ്രികളും ആര്യാട് പഞ്ചായത്തിൽ ആരംഭിച്ച സിഎഫ്എൽടിസിക്ക് കൈമാറി. അമൃത സ്കൂളിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിലെ സാമഗ്രികൾ സാംസ്കാരിക നിലയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
∙ ഭരണിക്കാവ് പഞ്ചായത്തിൽ 3 ലക്ഷം മുടക്കി കട്ടച്ചിറ കാം ഓഡിറ്റോറിയത്തിൽ സിഎഫ്എൽടിസി തുടങ്ങിയിരുന്നു. സാമഗ്രികൾ പിന്നീട് ആര്യാട് പഞ്ചായത്തിലെ സിഎഫ്എൽടിസിക്ക് കൈമാറി.
∙ നൂറനാട് പഞ്ചായത്ത് ശ്രീബുദ്ധ കോളജിൽ നടത്തിയ സിഎഫ്എൽടിസിക്ക് 270 കിടക്കകൾ ഉണ്ടായിരുന്നു. ഇവ സമീപത്തെ ഹാളിൽ സൂക്ഷിച്ചിരിക്കുന്നു.
∙ താമരക്കുളം പഞ്ചായത്തിൽ 100 കിടക്കകളുള്ള സിഎഫ്എൽടിസിയാണ് ആരംഭിച്ചത്.കിടക്കകൾ എല്ലാം സൂക്ഷിച്ചിട്ടുണ്ട്.