അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Mail This Article
കലവൂർ ∙ അയൽവാസിയായ യുവാവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 23ാം വാർഡ് കലവൂർ കൃപാസനത്തിന് കിഴക്ക് തകിടിവെളി കോളനിയിൽ മോഹനനാ(70)ണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അയൽവാസിയായ മനു വിൻസെന്റി(32)നെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ബുധൻ പുലർച്ചെ 1.30ന് ആയിരുന്നു ആക്രമണം. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഇന്നലെ പുലർച്ചെ ആയുധവുമായി എത്തിയ പ്രതി മോഹനനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് തലയിലും കഴുത്തിലും കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വധശ്രമകേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് മനു. വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. കൃപാസനത്തിന് മുന്നിൽ മെഴുകുതിരി വിൽപനയായിരുന്നു മോഹനന്. ഭാര്യ മരിച്ച മോഹനനും വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഫൊറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. പരേതയായ സരോജിനിയാണ് മോഹനന്റെ ഭാര്യ. മക്കൾ: മായ, അമ്പി, ഷാജി, ബൈജു. മരുമക്കൾ: മുരളി, വിനോദ്, സുദർശന, ഗീത.