ADVERTISEMENT

ഹരിപ്പാട് ∙ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയാത്തതിനാൽ ജനങ്ങളുടെ ദുരതത്തിന് ശമനമായില്ല. പള്ളിപ്പാട്, ചെറുതന, വീയപുരം ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പമ്പാ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തതാണ് ഏക ആശ്വാസം. മഴയിൽ കണിച്ചനെല്ലൂർ മുരുകേശ് ഭവനിൽ സുധാകരന്റെ വീടിനു മുകളിൽ മരം വീണ്  നാശനഷ്ടമുണ്ടായി.

കിഴക്കേ പോച്ച തെക്ക് പാടശേഖരത്തിലെ മോട്ടർ തറ ശക്തമായ ഒഴുക്കിൽ തകർന്ന നിലയിൽ
കിഴക്കേ പോച്ച തെക്ക് പാടശേഖരത്തിലെ മോട്ടർ തറ ശക്തമായ ഒഴുക്കിൽ തകർന്ന നിലയിൽ

വെള്ളം കയറിയ വീടുകളിൽ നിന്നു ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആളുകളെ മാറ്റുന്നുണ്ട്. വീയപുരം ഗവ.ഹയർ സെക്കൻ‌ഡറി സ്കൂളിലെ ക്യാംപിൽ 8 കുടുംബങ്ങളിലെ 30 പേരുണ്ട്. പള്ളിപ്പാട്ടും ചെറുതനയിലും ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ആയാപറമ്പ്  ആശ്വാസ കേന്ദ്രത്തിൽ ക്യാംപ് പ്രവർത്തിപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തിക്കഴിഞ്ഞു. വീയപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കഞ്ഞിവീഴ്ത്തൽ കേന്ദ്രം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വീയപുരം പ‍‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് വീയപുരം വില്ലേജ് ഓഫിസിനു മുന്നിൽ സമരം നടത്തി. ഇതേ തുടർന്ന് വീയപുരത്ത് കഞ്ഞിവീഴ്ത്തൽ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

രണ്ടാം കൃഷിയുണ്ടായിരുന്ന ചെറുതന ഒറ്റവേലി പാടശേഖരത്തിൽ വെള്ളം കയറി കൃഷി നശിച്ചു. 80 ദിവസം പ്രായമായ നെല്ലാണ് നശിച്ചത്. മട വീഴാതിരിക്കാൻ കർഷകർ ബണ്ടു ബലപ്പെടുത്തിയിരുന്നു. ഇന്നലെ രണ്ട് ഭാഗത്ത് മട വീഴുകയായിരുന്നു. കിഴക്കേ പോച്ച തെക്ക് പാടശേഖരത്തിലെ മോട്ടർ തറയിലെ പെട്ടി ശക്തമായ ഒഴുക്കിൽപ്പെട്ടു നശിച്ചു. മോട്ടറിൽ വെള്ളം കയറുകയും ചെയ്തു. 2021ലെ വെള്ളപ്പൊക്കത്തിൽ മോട്ടർ നശിച്ചിരുന്നു.

കർഷകർ പിരിവെടുത്ത് 2 ലക്ഷം രൂപ മുടക്കിയാണ് മോട്ടർ വാങ്ങിയത്. ബലവത്തായ മോട്ടർ തറയും ഷെഡും അനുവദിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു. വീയപുരം  ഇരതോട് റോഡിൽ മൂന്നു സ്ഥലത്ത് വെള്ളം കയറിയിട്ടുണ്ട്. റോഡിലൂടെ ശക്തമായ ഒഴുക്കുണ്ട്. പള്ളിപ്പാട്– ചെന്നിത്തല റോഡിൽ പറയങ്കേരി പാലത്തിനു സമീപം റോഡിൽ ഒരടിയോളം വെള്ളമുണ്ട്. വീയപുരം–മാന്നാർ റോഡിൽ പാളയത്തിൽപ്പടി ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. അച്ചൻകോവിൽ നദി കരകവിഞ്ഞ്  പള്ളിപ്പാട് പറയങ്കേരി–ഇരുപത്തിൽക്കടവ്, ഏഴുപറക്കടവ് തുടങ്ങിയ റോഡുകൾ വെള്ളം കയറി. ഗ്രാമീണ റോഡുകളിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com